'നോ...' , ഫോട്ടോ എടുത്തയാളെ തടഞ്ഞ് കുട്ടി സിവ!

ഒന്ന് സ്വസ്ഥമായിരുന്നു ഭക്ഷണം കഴിക്കാനും സമ്മതിക്കില്ലേ? സിവക്കുട്ടിയുടെ മുഖത്തെ ഭാവം അതുതന്നെയായിരുന്നു. മഹേന്ദ്ര സിംങ്ധോണിയുടെ പുന്നാര പുത്രിക്ക് ധോണിയോളം ആരാധകരുള്ള കാര്യം സത്യമാണ്. സിവ എന്ത് ചെയ്താലും അത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കും. പിന്നെ സോഷ്യൽ മീഡിയ അതങ്ങേറ്റെടുക്കും.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കളിക്കിടെ വിശന്നപ്പോ അല്പം ഭക്ഷണം കഴിക്കാൻ പോയതാണ് കുഞ്ഞ് സിവ. ആയയുടെ മടിയിലിരുന്നങ്ങനെ കഴിക്കുമ്പോഴാണ് ആരോ ചറപാറാന്ന് ഫോട്ടോ ക്ളിക്ക് ചെയ്യാൻ തുടങ്ങിയത്. പക്ഷേ തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുത്തത് കക്ഷിക്ക് തീരെ പിടിച്ചില്ല. ഉടനെ വന്നു കമന്റ് "നോ ഫോട്ടോ". ഫോട്ടോ എടുക്കുന്നയാൾ ചിരിച്ചുകൊണ്ട് സോറി പറയുന്നതും കേൾക്കാം. അതിനിടയിൽ ഭക്ഷണം കഴിക്കൽ തുടരുന്നുമുണ്ട്.

അച്ഛൻ പൊതുവെ അറിയപ്പെടുന്നത് തന്നെ അദ്ദേഹത്തിന്റെ കൂൾ കൂൾ സ്വഭാവം കൊണ്ടുകൂടെയാണ്. എന്നാൽ കുട്ടി സിവ അത്ര കൂൾ ഒന്നുമല്ലെന്നാണ് തോന്നുന്നത്. അല്ലെങ്കിലും അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് അത്ര ശരിയല്ലല്ലോ അതും ഭക്ഷണം കഴിക്കുന്ന നേരത്ത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കളിയുണ്ടെങ്കിൽ പിന്നെ സിവയുടെ എന്തെങ്കിലും കുറുമ്പും അതിനിടെ കാണും. കഴിഞ്ഞ കളികഴിഞ്ഞ് കളിക്കളത്തിലിറങ്ങിയ സിവയ്ക്കൊപ്പം കളിക്കുന്ന ധോണിയുടെ വിഡിയോ ആരാധകർ പെട്ടെന്ന് തന്നെ ഏറ്റെടുത്തുത്തിരുന്നു. അച്ഛന്റെ തൊപ്പി തലയിൽ നിന്നെടുക്കാൻ ശ്രമിക്കുന്ന കുട്ടി സിവയും സിവയെ കളിപ്പിക്കാൻ മുട്ടിൽ നിന്ന് കുറുമ്പു കാണിക്കുന്ന ധോണിയും കാമറകൾക്ക് വിരുന്നായിരുന്നു.