പാട്ട് വിട്ട് ഡാൻസിലേക്ക് കുട്ടി സിവ, അതും വൈറൽ!

'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' ‘കണികാണും നേരം കമലനേത്രന്റെ എന്നീ പാട്ടുകൾ പാടി നാട് മുഴുവൻ ആരാധകരുമായിട്ട് അധിക നാളായില്ല, ദേ അടുത്ത വിഡിയോയുമായ് പിന്നെയുമെത്തിയിരിക്കുകയാണ് ധോണിയുടെ മകൾ സിവ. പാട്ട് മാറി ഇത്തവണ ഡാൻസാണെന്ന് മാത്രം. സിവക്കുട്ടി എന്ത് ചെയ്താലും സോഷ്യൽ മീഡിയ അതാഘോഷിക്കുക പതിവാണ്.

ഇപ്പോഴിതാ പ്രേക്ഷക മനം കീഴടക്കുന്ന മറ്റൊരു പ്രകടനവുമായി സിവ വീണ്ടുമെത്തിയിരിക്കുകയാണ്. എന്നാൽ പതിവു പോലെ പാട്ടു പാടിയല്ല സിവയുടെ വരവ്. നല്ല കിടിലൻ നൃത്തവുമായാണ് സിവ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ ‘കൺമണിയായിരിക്കുന്നത്’.

ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയുടെ മകൾ ഗ്രേസിയയുടെ പിറന്നാൾ ചടങ്ങിനിടെയാണ് സിവ മനോഹരമായി നൃത്തം വെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ തന്നെ ഡ്വൈൻ ബ്രാവോയുടെ ഹിറ്റ് ഗാനമായ ‘ഡി.ജെ ബ്രാവോയ്ക്കൊപ്പമാണ്’ സിവ ചുവടു വച്ചത്. റെയ്നയുടെ മകൾ ഗ്രേസിയയും സിവക്കൊപ്പം കൂടി. ചടങ്ങിനെത്തിയ മറ്റു കുട്ടികളും കൂടി ഇരുവർക്കുമൊപ്പമെത്തിയതോടെ രംഗം ഉഷാറായി.

ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് സിവയുടെ നൃത്തം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ഐ.പി.എൽ മൈതാനിയിലെ തകർപ്പൻ ഓൾ റൗണ്ടറായ ബ്രാവോ സംഗീത ആൽബങ്ങളിലും ഒരു കൈനോക്കിയിട്ടുണ്ട്. കഴിഞ്ഞിടെ ചെന്നൈകിങ്സിന്റെ പ്രചരണഗാനം ചെന്നൈയ്ക്ക് വിസിൽപോഡുവിനൊത്ത് ചുവടുവെച്ച സിവയുടെ വി‍‍ഡിയോയും വൈറലായത്. പാട്ടിനൊപ്പം തലയിളക്കുകയും ചുവടുവെക്കുകയും ചെയ്തിരിക്കുന്ന വിഡിയോ ധോണിയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.