'കപ്പും ആഘോഷങ്ങൾക്കും മീതെ എന്റെ സിവ'

താനെത്ര കപ്പ് കണ്ടതാ എന്നാ ഭാവമായിരുന്നു ധോണിക്ക്, കപ്പും ആഘോഷവുമൊക്കെ അതിന്റെ വഴിക്ക് നടക്കും പക്ഷേ കുഞ്ഞു സിവയ്ക്കൊപ്പമുള്ള നിമിഷങ്ങൾക്ക് അതൊന്നുമൊരു തടസ്സവുമാകില്ല.. എ പി എൽ കപ്പുമായി ടീം അംഗങ്ങൾ തിമിർത്ത് ആഘോഷിക്കുമ്പോൾ നമ്മുടെ ധോണിയാകട്ടെ മകൾ സിവയുമൊത്ത് കളിയോട് കളിയായിരുന്നു.

വിജയത്തിലായാലും പരാജയത്തിലായാലും അമിത വികാരങ്ങൾ പ്രകടിപ്പിക്കാറേയില്ല ധോണി. എന്നാൽ മകൾക്കൊപ്പമാണെങ്കിൽ നേരെ തിരിച്ചാണ് കക്ഷി. മകൾക്കൊപ്പമുള്ള ഒരോ നിമിഷവും വീട്ടിലായാലും ഗ്രൗണ്ടിലായാലും ധോണി അതാഘോഷിച്ചിരിക്കും.

സഹതാരങ്ങൾ എ പി എൽ കപ്പുമായി ഗ്രൗണ്ടിൽ തിമിർക്കുമ്പോളും ധോണിയുടെ കൈകളിൽ സിവയുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽപ്പോലും സിവയെ കളിപ്പിക്കുന്നതിലായിരുന്നു ധോണിയുടെ ശ്രദ്ധ മുഴുവൻ. സിവയെക്കാൾ വലിയ യാതൊരു സമ്മാനവും തനിക്കിനി നേടാനില്ലെന്നപോലെ മകളെ കൊഞ്ചിച്ചും കളിപ്പിച്ചും നടക്കുന്ന ധോണിയുടെ വിഡിയോയ്ക്ക് ആരാധകരേറെയാണ്. ചുമ്മാതല്ല മഹേന്ദ്രസിംഗ് ധോണിയെ കൂൾ മാൻ എന്ന് വിളിക്കുന്നത്. ഇതിനൊക്കെ സാക്ഷിയായി ഭാര്യ സാക്ഷിയുമുണ്ടായിരുന്നു.

രണ്ട് വർഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈയ്ക്ക് ഈ കപ്പുയർത്താനായത്. ഇതിൽ ഏറ്റവും സന്തോഷിക്കേണ്ട വ്യക്തികളിലൊരാളുമാണ് ധോണി. എങ്കിലും അമിത സന്തോഷ പ്രകടനങ്ങളില്ലാതെ തന്റെ കൂൾ സ്വഭാവം വീണ്ടും കാണിച്ചിരിക്കുയാണ് ധോണി.