ജോലിക്കാരിയായ അമ്മയാണോ? ഒന്ന് ശ്രദ്ധിക്കൂ

കളികളും പാട്ടുമൊക്കെയായി മുഴുവൻ സമയവും മക്കളുടെ കൂടെ ചിലവഴിക്കാൻ എല്ലാ അമ്മമാർക്കും കഴിയണമെന്നില്ല. കാരണം മിക്ക അമ്മമാരും ഇന്ന് ജോലിക്കാരാണ്. ഓഫീസ് ജോലികളും വീട്ടുജോലികളുമായി മുഴുവൻ സമയവും തിരക്കിലാകുന്നതോടെ അമ്മമാർ കൂടുതൽ സമ്മർദ്ദത്തിലാവുന്നു. മക്കളുടെ കാര്യങ്ങൾ തനിക്ക് വേണ്ടവിധം ശ്രദ്ധിക്കാനാവുന്നില്ല എന്ന കുറ്റബോധം അവരെ തളർത്തുന്നു.

∙കുറ്റബോധം വേണ്ട
ഓഫീസ് തിരക്കുകളിൽ കുടുംബകാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നു. എന്ന കുറ്റബോധം ഒഴിവാക്കുക. പകരം നിങ്ങളുടെ ജോലികൊണ്ട് കുടുംബത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. സാമ്പത്തികവും സാമൂഹികവുമായി തൊഴിലിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ കുടുംബത്തിന്റെ അടിത്തറ കൂടുതൽ ശക്തമാക്കും. ജോലിക്കാര്യങ്ങളും കുടുംബകാര്യങ്ങളും നന്നായി കൊണ്ടു പോകുന്ന അമ്മമാരുടെ എണ്ണം കുറവല്ല എന്ന് ഓർക്കുക.

∙നല്ലൊരു ശിശുപരിപാലന മാർഗം കണ്ടെത്തുക
കുട്ടികളെ പകൽ സമയങ്ങളിൽ ഡേ കെയർ സെന്ററുകളിലോ, സ്കൂളുകളിലോ ആക്കുക, കുട്ടികൾക്കായി ആയമാരെ കണ്ടെത്തുക ഇവയൊക്കെയാണ് ജോലിക്കാരായ മാതാപിതാക്കൾ സാധാരണയായി മക്കളെ നോക്കാനായി സ്വീകരിക്കുന്ന മാർഗങ്ങൾ. ഡേ കെയർ സെന്ററുകളുടെയും, പ്ലേ സ്കൂളുകളുടെയും ഗുണ നിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. അധികൃതരുമായി സംസാരിക്കുകയും, അവടുത്തെ രീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ഇടയ്ക്കൊക്കെ ഡേകെയർ സെന്ററുകൾ സന്ദർശിക്കുകയും ചെയ്യുക. മക്കൾക്ക് വേണ്ടി ആയമാരെ തിരഞ്ഞെടുക്കുമ്പോൾ അവരെകുറിച്ച് നന്നായി അന്വേഷിക്കുക. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അടുത്ത് പരിചയമുള്ളവരെ കണ്ടെത്തുന്നതായിരിക്കും കൂടുതൽ നല്ലത്. മുത്തച്ഛനും മുത്തശ്ശിയും വീട്ടിലുണ്ടെങ്കിൽ ജോലിക്ക് പോകുന്ന അമ്മമാരുടെ ആകുലതകൾക്ക് നല്ലൊരു പരിധി വരെ പരിഹാരമാകും.

∙ രാവിലെ വെറുതെ തിരക്കുകൂട്ടല്ലേ...
ജോലിക്കു പോകുന്ന അമ്മമാരുള്ള മിക്ക വീടുകളിലും രാവിലെ ആകെ ഒരു തിക്കും തിരക്കുമായിരിക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും റെഡിയാക്കുക, ചെറിയ കുട്ടികളെങ്കിൽ അവരെ കഴിപ്പിക്കുക, ടിഫിൻ ബോക്സുകൾ തയ്യാറാക്കുക, എന്നിങ്ങനെ.. അതിനിടയ്ക്ക് കുട്ടികളുടെ സ്കൂൾ ഐഡി കാർഡ് കണ്ടില്ല, ഷൂ കണ്ടില്ല (നിങ്ങളുടെയും), ഭർത്താവിന്റെ പേഴ്സ് കണ്ടില്ല എന്നു തുടങ്ങി നൂറ് നൂറ് പ്രശ്നങ്ങൾ വേറെയും. തലേ ദിവസം രാത്രി തന്നെ എല്ലാം ഒരു ഓർഡറിലാക്കി വയ്ക്കുക എന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. ടൈംടേബിൾ അനുസരിച്ച് ബുക്കുകൾ അടുക്കിവെയ്ക്കാൻ കുട്ടികളെ തന്നെ പരിശീലിപ്പിക്കുക, രാവിലത്തേക്കുള്ള വസ്ത്രങ്ങൾ ഒക്കെ തലേ ദിവസം തന്നെ തയ്യാറാക്കി വെയ്ക്കുക. എന്താണ് രാവിലെ ആഹാരത്തിന് ഉണ്ടാക്കേണ്ടത് എന്നതിനെകുറിച്ച് തലേദിവസം തന്നെ ഒരു ധാരണ ഉണ്ടായിരിക്കണം. ഇങ്ങനെ രാവിലത്തെ തിരക്കുകളൊക്കെ ഒന്ന് ഒതുക്കി എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരവും കഴിച്ച് സന്തോഷമായി ജോലിക്കിറങ്ങിയാൽ അന്നത്തെ ദിവസം മുഴുവൻ ആ ഊർജം നിലനിൽക്കും.

∙ കുടുംബകലണ്ടർ
നിങ്ങളുടെ കുടുംബത്തിന്റെ മുൻഗണനകൾ പരിഗണിച്ച് ഒരു കുടുംബ കലണ്ടർ തയ്യാറാക്കാം. ബില്ലുകൾ അടയ്ക്കേണ്ട തീയതികൾ, പേരന്റ്സ് മീറ്റിംഗ്, ജന്മദിനങ്ങൾ, വിവാഹം തുടങ്ങിയ ആഘോഷങ്ങൾ, ഫാമിലി ഔട്ടിംഗ് എന്നിവയ്ക്കൊക്കെ കലണ്ടറിൽ ഇടം കൊടുക്കാം. ചെയ്യേണ്ട കാര്യങ്ങൾ മറന്നുപോകാതിരിക്കാനും മുൻകൂട്ടി പ്ലാൻ ചെയ്ത് നന്നായി ചെയ്യുവാനും ഇത് നിങ്ങളെ സഹായിക്കും.

∙ എപ്പോളും നിങ്ങൾ കൂടെ ഉണ്ടെന്നുള്ള ബോധം കുട്ടികളിൽ ഉറപ്പിക്കുക
ജോലിത്തിരക്കുകൾക്കിടയിൽ കുട്ടികളുടെ കാര്യങ്ങൾ വിട്ടു പോകാതെ ശ്രദ്ധിക്കുക. അവരുടെ വിജയങ്ങളിൽ ചെറിയ സമ്മാനങ്ങൾ നൽകുക. നിങ്ങൾ ഓഫീസിലും മക്കൾ വീട്ടിലുമാണെങ്കിൽ ഇടയ്ക്ക് അവരെ വിളിക്കാൻ സമയം കണ്ടെത്തുക. കുട്ടികൾക്ക് നിങ്ങളോടു പറയാനുള്ളത് കേൾക്കാൻ സമയം കണ്ടെത്തുക.