കുഞ്ഞിനെ വലിച്ചെറിഞ്ഞ് അച്ഛന്‍; രക്ഷിച്ച് വീട്ടമ്മ

ട്രെയിൻ മരണവണ്ടിയായി പാഞ്ഞടുക്കുന്നത് കണ്ട് കൈയിലിരുന്ന കുഞ്ഞിനെ രക്ഷിക്കാനായി വലിച്ചെറിഞ്ഞ് അച്ഛൻ. വലിച്ചെറിഞ്ഞ കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തി സാധാരണക്കാരിയായ വീട്ടമ്മ. അമൃതസറിൽ ദസറ ആഘോഷത്തെ കുരുതിക്കളമാക്കി പാഞ്ഞുപോയ ട്രെയിനിന്റെ മുമ്പിൽ നിന്നാണ് മീനാദേവി എന്ന വീട്ടമ്മ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്.

കുഞ്ഞുമായി ദസറ ആഘോഷം കണ്ടുനിൽക്കുമ്പോഴാണ് ട്രെയിൻ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുന്നത്. മരണം അടുത്തുവെന്ന കണ്ടതോടെ ബുദ്ധിറാം എന്നയാൾ കൈയിലിരുന്ന കുഞ്ഞിനെ ദുരേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞെങ്കിലും രക്ഷപ്പെടട്ടേയെന്ന വിചാരത്തോടെയായിരുന്നു ഈ കൃത്യമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ട്രെയിന്‍ വന്നു മുട്ടിയതും കയ്യിലിരുന്ന പിഞ്ചു കുഞ്ഞിനെ അയാള്‍ വലിച്ചെറിഞ്ഞതുമെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു. സ്തബ്ദ്ധരായി ജനക്കൂട്ടം നിന്നുപോയ ആ സമയത്ത് ട്രെയിന്‍ ചതച്ചരയ്ക്കും മുമ്പ് അയാള്‍ എടുത്തെറിഞ്ഞ കുഞ്ഞ് നിലത്തുവീഴാതെ മീനാദേവി ചാടി പിടിച്ചു.

അനേകംപേരുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങി ചതഞ്ഞരയുന്ന കാഴ്ചയ്ക്ക് സാക്ഷിയായെങ്കിലും ഒരു പിഞ്ചുജീവനെ രക്ഷിക്കാൻ പറ്റിയ സന്തോഷം മീനാദേവിക്കുണ്ട്. തലയ്ക്ക് ചെറിയ പരുക്കേറ്റ കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി ഇവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് അധികൃതരുടെ സഹായത്തോടെ കുട്ടിയുടെ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു. വിശാല്‍ എന്നാണ് കുട്ടിയുടെ പേര്.

അപകടത്തിൽ കുഞ്ഞിന്റെ അമ്മ രാധികയ്ക്ക് പരിക്കേറ്റു. ഇവര്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ഭര്‍ത്താവും മകനും മരണമടഞ്ഞു. കുഞ്ഞിന്റെ രക്ഷകയായ മീനദേവി നേപ്പാൾ സ്വദേശിനിയാണ്. വീട്ടുജോലിക്കായാണ് മീനേദേവി ഇന്ത്യയിലെത്തിയത്.