കുട്ടിയ്ക്ക് ഭക്ഷണം കഴിക്കാൻ മടിയാണോ ? പരിഹാരമിതാ, Parenting tips, ways, Hunger, kids, eat better, Parenting,  Manorama Online

കുട്ടിയ്ക്ക് ഭക്ഷണം കഴിക്കാൻ മടിയാണോ ? പരിഹാരമിതാ

ഇഷ്ടമുള്ള പല ഭക്ഷണങ്ങളും മാറി മാറി ഉണ്ടാക്കി നോക്കി, പലവിധ രുചികൾ, നിറങ്ങൾ ഒക്കെ പരീക്ഷിച്ചു. ഒരു കാര്യവുമില്ല ഇരിക്കുന്നത് കണ്ടില്ലേ മെലിഞ്ഞ്. ഒട്ടുമിക്ക വീടുകളിലും അമ്മമാരിൽ നിന്നും കേൾക്കുന്ന സ്ഥിരം പല്ലവിയാണിത്. വിശപ്പ് എന്താണ് എന്ന് സ്വയം അനുഭവിച്ചറിഞ്ഞു തുടങ്ങുന്നതു വരെയുള്ള പ്രായത്തിൽ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. വടി എടുക്കലും അടി കൊടുക്കലുമൊന്നുമല്ല ഇവിടെ ആവശ്യം. പകരം കൃത്യമായ പ്ലാനിംഗ് ആണ്.

കുഞ്ഞുങ്ങൾക്ക് ഓരോ പ്രായത്തിലും ഓരോ തരം ഭക്ഷണമാണ് നൽകേണ്ടത്. ഒരു വയസ്സു മുതൽ രണ്ടു വയസ്സു വരെ നൽകുന്ന ഭക്ഷണം കുട്ടികളുടെ ബുദ്ധി വളർച്ചക്ക് സഹായിക്കുന്നതാണ്. അതിനാലാണ് കുഞ്ഞുങ്ങളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യണം എന്ന് പറയുന്നത് . ഒാരോ ദിവസവും ഇതു ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൂന്നു ദിവസത്തെ ഒരുമിച്ചു പ്ലാന്‍ ചെയ്യാം. ലളിതമായ ഭക്ഷണമാണ് ആരോഗ്യത്തിനും ബുദ്ധിക്കും അനിവാര്യം.

കാഴ്ചകൾ കാണിച്ചും വർത്തമാനം പറഞ്ഞും അവർക്കൊപ്പം കളിച്ചുരസിച്ചു കൊണ്ടു വേണം ഭക്ഷണം നൽകാൻ. ഇത്തരത്തിൽ ഡയറ്റ് തയ്യാറാക്കുമ്പോൾ പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്സും കൃത്യമായ അളവിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ്. കുട്ടികൾ എല്ലാവിധ രുചികളും പരിചയിക്കണം. എരുവ് , പുളി, മധുരം എന്നിവ സമീകൃതമായി വേണം. ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി എന്തെങ്കിലും, തൈര്, പഴങ്ങള്‍ എന്നിങ്ങനെയുള്ള ഭക്ഷണം കൃത്യമായി ഉൾപ്പെടുത്തുക.

നല്ല ഭക്ഷണശീലങ്ങളിൽ പ്രധാനമാണ് വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുക എന്നത്. കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഭക്ഷണവും അവര്‍ അങ്ങനെ കഴിക്കാന്‍ ശ്രമിക്കും. മൂന്നു വയസ്സു മുതൽ തീന്മേശയിൽ കുട്ടിക്കും സ്ഥാനം നൽകുക. കഴിക്കാതിരുന്നാൽ എന്തുകൊണ്ട് കഴിക്കുന്നില്ല എന്ന് ചോദിക്കുക. അല്ലാതെ കുറ്റപ്പെടുത്താൻ നിൽക്കരുത്. ഭക്ഷണം ഒരിക്കലും നിര്‍ബന്ധിച്ചു കഴിപ്പിക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന നടപടിയാണത്.

അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം പക്ഷെ കുട്ടികൾ അത്രപെട്ടെന്ന് അംഗീകരിച്ചെന്ന് വരില്ല. കുഞ്ഞുങ്ങള്‍ക്ക് പുതിയ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കും. ഈ സമയത്ത് കുട്ടികളെ നിർബന്ധിക്കരുത്. കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നു മനസിലാക്കി അക്കാര്യത്തെ കുറിച്ചു ചർച്ച ചെയ്തുകൊണ്ടു ഭക്ഷണം കഴിപ്പിക്കുക.

Summary : Ways to get your kids to eat better