‘എന്‍റെ മോള്‍ ക്ളാസില്‍ ഫസ്റ്റല്ല’; അഭിമാനത്തോടെ ഒരച്ഛന്‍: ഹൃദ്യം ഈ ചേര്‍ത്തുപിടിക്കല്‍...

കുട്ടികൾക്ക് സ്കൂളിൽ ഒന്നാം റാങ്ക് കിട്ടുന്നതും പാട്ടുമൽസരത്തിനും ഓട്ടമൽസരത്തിനും ചാട്ടമൽസരത്തിനും നൃത്തതിനുമൊക്കെ സമ്മാനം കിട്ടുന്നതും ഏറെ അഭിമാനത്തോടെയാണ് മാതാപിതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കുന്നത്. എന്നാൽ ഇവിടെയൊരു അച്ഛൻ മകൾക്ക് പത്താം റാങ്കിന് അപ്പുറം മാത്രമാണ് റാങ്ക് കിട്ടുന്നതെന്ന് ഏറെ അഭിമാനത്തോടെ പങ്കുവെയ്ക്കുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ഒന്നാം സ്ഥാനം എന്ന ബാധ്യതയുടെ ആവശ്യമില്ലെന്ന് വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. മകൾ അത്രയൊന്നും പഠിക്കുന്ന കുട്ടിയല്ലെന്ന് എഴുതുന്ന ആദ്യത്തെ അച്ഛനാകും താനെന്നും ഉണ്ണികൃഷ്ണൻ തച്ചമ്പാറ കുറിച്ചു. ജയത്തിലല്ല തോല്‍വിയിലല്ലേ ഒരാളെ ശരിക്കും ചേര്‍ത്തുപിടിക്കേണ്ടത്...? നമ്മള്‍ കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത്..? എന്ന ചിന്തിക്കേണ്ടുന്ന രണ്ട് ചോദ്യങ്ങളും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

ഒന്നാം ക്ളാസില്‍ പഠിക്കുന്ന എന്‍റെ മോള്‍ നിവേദ്യ ക്ളാസില്‍ ഫസ്റ്റല്ല. സെക്കന്‍റും തേര്‍ഡുമല്ല അവള്‍ പത്താം റാങ്കിനും മുകളില്‍ ആണ്. ഈ പ്രായത്തില്‍ അവള്‍ ഇത്രയൊക്കെ പഠിച്ചാല്‍ മതി എന്ന നിലപാടാണ് എനിക്ക്. ക്ളാസില്‍ ഫസ്റ്റ് വാങ്ങിയില്ല എന്നുപറഞ്ഞ് ഇന്നേവരെ അവളെ ഞങ്ങള്‍ ചീത്തപറയുകയോ തല്ലുകയോ ചെയ്തിട്ടില്ല. അല്ലെങ്കില്‍ തന്നെ ഈ പ്രായത്തില്‍ ഒരുപാടു സമ്മര്‍ദ്ദം(pressure) അവളില്‍ അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യവുമില്ല.

അല്ലെങ്കിലും ഈ ഒന്നാം സ്ഥാനം ഒരു ബാദ്ധ്യതയാണെന്നാണ് എന്‍റെ പക്ഷം. ഒരിക്കല്‍ അവിടെ എത്തിയാല്‍ പിന്നെ അതു നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാവും...

ചാനലുകളിലെ റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുരുന്നുകളെയൊക്കെ കാണുമ്പോള്‍ ഞാനോര്‍ക്കാറുണ്ട് എന്തുമാത്രം സമ്മര്‍ദ്ദത്തിലാവും അവരെന്ന്.

എന്‍റെ മോള്‍ സ്ക്കൂള്‍ യുവജനോത്സവത്തില്‍ സിനിമാറ്റിക് ഡാന്‍സില്‍ പങ്കെടുത്തിരുന്നു. യുട്യൂബില്‍ നിന്നും സ്വയം സ്റ്റെപ്പുകള്‍ കണ്ടുപഠിച്ചാണ് പങ്കെടുത്തത്. മോശമല്ലാതെ കളിച്ചു എന്നാലും സമ്മാനം കിട്ടാത്തതിന് ഞാനവളെ ചീത്തപറഞ്ഞില്ല. കാരണം ഇതൊക്കെ അവളുടെ ഒരു സന്തോഷം എന്നതില്‍ കവിഞ്ഞ് ഇതിനൊന്നും അമിത പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാന്‍...

അടുത്ത വീട്ടിലെ കുട്ടിക്ക് അത്ര മാര്‍ക്ക് കിട്ടി ഇത്ര മാര്‍ക്ക് കിട്ടി എന്നുപറഞ്ഞ് ഒരിക്കലും താരതമ്യം ചെയ്യാറുമില്ല...

അതുപോലെ സ്ക്കൂളിലെ കായിക മത്സരങ്ങളില്‍ പലതിലും അവള്‍ പങ്കെടുത്തു. പരിശീലനം ഇല്ലാത്തതിനാല്‍ കപ്പൊന്നും കിട്ടിയില്ല. പക്ഷേ അവള്‍ക്ക് അറിയാം അവളുടെ അച്ഛ അവളെ ചീത്ത പറയില്ലെന്ന്.

ഒരിക്കല്‍ ക്ളാസില്‍ എന്തോ വികൃതി കാണിച്ചതിനു ടീച്ചര്‍ അവളെ അടിക്കാന്‍ വന്നപോ ഓടിപോയി ടീച്ചറെ കെട്ടിപിടിച്ച ആളാണ്... അടിക്കുന്നതിനു പകരം ടീച്ചര്‍ അവളെ ഉമ്മവച്ചു...

കുട്ടികള്‍ കളിച്ചു വളരട്ടെ.... പുതിയ കേന്ദ്ര നിയമവും അതുതന്നെ ചെറിയ ക്ളാസിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് പോലും പാടില്ലെന്നാണ്..... സ്ക്കൂള്‍ ബാഗിന്‍റെ ഭാരം 1.5 kg മാത്രമേ പാടുള്ളൂ....

മക്കള്‍ക്ക് പ്രൈസ് കിട്ടി എന്നുപറഞ്ഞ് പോസ്റ്റ് ഇടുന്ന അച്ഛന്‍മാരെയല്ലേ ഇതുവരെ കണ്ടിട്ടുള്ളു. എന്‍റെ മകള്‍ അത്രയൊന്നും പഠിക്കുന്ന കുട്ടിയല്ല എന്നു പോസ്റ്റ് ഇടുന്ന ആദ്യത്തെ അച്ഛന്‍ ഞാനാവും....

ജയത്തിലല്ല തോല്‍വിയിലല്ലേ ഒരാളെ ശരിക്കും ചേര്‍ത്തുപിടിക്കേണ്ടത്...? നമ്മള്‍ കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത്..?