കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ഒരു കലക്ടർ, ബിഗ് സല്യൂട്ട്!

തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. കെ. വാസുകി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. സർക്കാരിന്റെ പദ്ധതികളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം എത്രത്തോളം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.

ഡോ. കെ. വാസുകിയുടെ കുറിപ്പ് വായിക്കാം;

പ്രിയപ്പെട്ട സ്നേഹിതരെ ..... ഇതെന്റെ ഹൃദയത്തിൽ നിന്നുള്ള അഭ്യർത്ഥനയാണ്. പ്രിയപ്പെട്ട വായനക്കാർ ഈ സന്ദേശവും ഇതിലെ ഓരോ വാക്കും ശ്രദ്ധാപൂർവ്വം വിലയിരുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ അഭ്യർത്ഥന സ്വാർത്ഥത കലർന്നതാണ്. എന്തുകൊണ്ടെന്നാൽ ..... ഞാനിത് ചെയ്യുന്നത് എന്റെ കുട്ടികൾക്ക് വേണ്ടിയാണ്. ഈ ലോകത്ത് ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ ഓരോ കുഞ്ഞുങ്ങൾക്കും വേണ്ടിയാണ്. എന്തുകൊണ്ടെന്നാൽ ..… അജ്ഞത ഒരുതരത്തിൽ അനുഗ്രഹമാണ്. എന്നാൽ അനുദിനം മരണപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിൽ എന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി അവശേഷിക്കുന്ന പരിമിതമായ കരുതലിനെപ്പറ്റി ആഴത്തിൽ ബോദ്ധ്യമുള്ള ഒരമ്മ എന്ന നിലയിൽ ഞാൻ ദുഖിതയാണ്.

എന്തുകൊണ്ടെന്നാൽ ..... ഓരോ തവണയും എന്റെ മകൾ ആഹരിക്കുമ്പോൾ അവളുടെ ഉള്ളിലെത്തുന്ന വിഷത്തിന്റെ അളവ് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട് . എന്തുകൊണ്ടെന്നാൽ ..… ഓരോ തവണയും എന്റെ മകൻ പുറത്തിറങ്ങി കളിക്കുമ്പോൾ കാലാവസ്ഥ വ്യതിയാനം രൂപാന്തരപ്പെടുത്തിയ ഏത് അണുക്കളാണ് അവനെ ആക്രമിക്കുവാൻ സാധ്യതയുള്ളതെന്നോർത്ത് ഞാൻ ഭയപ്പെടാറുണ്ട്. എന്തുകൊണ്ടെന്നാൽ ..… ഓരോ തവണയും ഞാൻ എന്റെ കുട്ടികൾക്കായി വാങ്ങുന്ന വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന ഏതു രാസവസ്തുവാണ് അർബുദകാരിയായി മാറുന്നതെന്നോർത്ത് ഞാൻ പരിഭ്രമിക്കാറുണ്ട് . എന്തുകൊണ്ടെന്നാൽ ..… ഓരോ തവണയും ഞാൻ ജലപാനം ചെയ്യുമ്പോൾ ഓരോ തുള്ളി ജലത്തിനും വേണ്ടി എന്റെ മക്കൾ ഭാവിയിൽ നേരിടേണ്ട പ്രയാസങ്ങൾ ഓർത്ത് ഞാൻ അസ്വസ്ഥയാണ് . എന്തുകൊണ്ടെന്നാൽ .....ഓരോ തവണയും അമ്മയെ ഇഷ്ടമാണ് എന്നവർ പറയുമ്പോൾ ചൈതന്യവത്തായ ഒരു ഭൂമി അവർക്കായി കൈമാറുക എന്ന കടമ നിറവേറ്റാത്തതിന്റെ പേരിൽ അവർ എന്നെ ശപിക്കുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നുണ്ട്. എന്തുകൊണ്ടെന്നാൽ .....ഓരോ തവണയും ഹൃദയത്തിൽ നിന്നുതിരുന്ന നിഷ്കളങ്കമായ അവരുടെ പുഞ്ചിരി കാണുമ്പോൾ അനുദിനം ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ, അയൽ വീട്ടിൽ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ തരിമ്പുപോലുമറിയാത്ത അവാസ്തവികമായ ഈ ലോകത്തിൽ, കരുണയും ഉൾകാഴ്ചയും ഉള്ള മനുഷ്യരെ വാർത്തെടുക്കുന്നതിനു പകരം ജയം മാത്രം കാംക്ഷിക്കുന്ന പന്തയക്കുതിരകളെ മാത്രം പിന്നെയും പിന്നെയും ഒരുവാക്കുന്ന ഈ ലോകത്തിൽ, കാലവർഷത്തിൽ നനയുവാനോ പൂർണ്ണചന്ദ്രന്റെ ഭംഗി ആസ്വദിക്കുവാനോ സമയമില്ലാതെ പരക്കം പാഞ്ഞു നടക്കുന്ന ഈ ലോകത്തിൽ, പ്രകൃതിയുമായി സമന്വയിക്കാതെ എങ്ങനെ ജീവിക്കുവാൻ പാടില്ലയോ അങ്ങനെ മാത്രം ജീവിക്കുന്ന ഈ ലോകത്തിൽ, എന്റെ കുഞ്ഞുങ്ങളുടെ പുഞ്ചിരി നിലനിൽക്കുമോ എന്ന കാര്യത്തിൽ ഞാൻ സംശയാലുവാണ് .

ഞാൻ ഈ വാക്കുകൾ എഴുതുമ്പോൾ എന്റെ ഉള്ളിൽ ഉണരുന്ന ആകുലത തൊട്ടറിയാതെ ഇരിക്കുവാൻ ആകുന്നില്ല. എങ്കിലും ആകുലമായ മനസ്സിൽ തിങ്ങിനിറയുന്ന ഊർജ്ജം വലിയ മാറ്റങ്ങൾക്കായി വഴിതിരിച്ചുവിടണമെന്ന് ഞാൻ തിരിച്ചറിയുന്നു. കാലാവസ്ഥ വ്യതിയാന വക്താക്കൾ പ്രവചിക്കുന്ന ശോചനീയമായ ഭാവിയിലേക്കല്ലാത്ത അത്യന്തം ശോഭനമായ ഒരു ഭാവിയിലേക്ക് നയിക്കുന്ന മാറ്റം. ഒരു വിപ്ലവത്തെക്കാൾ ഒട്ടും ചെറുതല്ലാത്ത മാറ്റം. എന്നാൽ വിപ്ലവം സൃഷ്ടിക്കുന്നതിന് ഗവണ്മെന്റിന്റെ ഭരണ നയങ്ങളോ പദ്ധതികളോ മാത്രം മതിയാകില്ല. അതിന് ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യരാൽ രൂപപ്പെടുന്ന ഒരു സൈന്യം ആവശ്യമുണ്ട്. ഭാഗ്യവശാൽ ഇത്തരത്തിലുള്ള ഒരു മാറ്റം സൃഷ്ടിക്കുവാൻ ആഗ്രഹിക്കുന്ന നമ്മുടെ ഗവണ്മെന്റിന്റെ അത്തരം നയങ്ങൾ നടപ്പിൽ വരുത്തുവാൻ നിയോഗിക്കപ്പെട്ട തിരുവനന്തപുരം ജില്ലാ കലക്ടറാണ് ഞാൻ. ഹരിതകേരളം പോലെയുള്ള പദ്ധതികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നവീകരണത്തിനുമാണ് നമ്മുടെ ഗവണ്മെന്റ് പ്രഥമ പരിഗണന നൽകുന്നത്. ഇത്തരത്തിൽ മാറ്റം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നുള്ളത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഗ്രഹവും നയവുമാണ്.

ഈ മാറ്റം ഒരു ജനകീയ മുന്നേറ്റമാകണമെങ്കിൽ നിങ്ങളോരോരുത്തരുടേയും പിന്തുണ ആവശ്യമാണ്. ഒരു സർക്കാർ പദ്ധതി എന്നതിലുപരി ഓരോ വ്യക്തിയും അവന്റെ ആവശ്യമായി കണ്ടുള്ള പ്രവർത്തനം അനിവാര്യമാണ്. സർക്കാർ ഇത്തരം സംരംഭങ്ങൾ നടപ്പാക്കുമ്പോൾ ഹരിത കേരളം മിഷന്റെ ഭാഗമായ ജല വിഭവ വിനിയോഗം , ജൈവ കൃഷി , മാലിന്യ നിർമ്മാർജനം പോലെയുള്ള പദ്ധതികളിൽ ഭാഗവാക്കാവുന്നതിനും പരിപോഷിപ്പിക്കുന്നതിനും സന്നദ്ധരായി തിരുവനന്തപുരം ജില്ലയിലെ ഒരു കൂട്ടം നല്ലവരായ വ്യക്തികൾ മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം , ജന ജാഗ്രത തുടങ്ങിയ അനുബന്ധ പദ്ധതികൾക്കും വേണ്ട പിന്തുണ അവർ നല്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കായി 2018 ഏപ്രിൽ 3 തീയതി പ്രോജക്റ്റ് C5 എന്ന പേരിൽ ഒരു പദ്ധതി തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ബഹു ടൂറിസം മന്ത്രി ശ്രീ കടകം പള്ളി സുരേന്ദ്രൻ ജില്ലയിൽ ഉത്‌ഘാടനം ചെയ്യുകയുണ്ടായി.

C5 എന്നാൽ “Change Can Change Climate Change" എന്നതാണ് . ഈ പദ്ധതിക്കുവേണ്ടിയുള്ള എല്ലാ പിന്തുണയും നൽകുന്നത് തിരുവനന്തപുരം വോളണ്ടിയർഷിപ്പ് പ്രോഗ്രാം ആണ് . പ്രിയപ്പെട്ട സ്നേഹിതരെ .. ഞാൻ അഭ്യർത്ഥിക്കുന്നു .. നമ്മുടെ കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്കുവേണ്ടി നമ്മളാൽ കഴിയും വിധം പ്രവർത്തിക്കുവാനുള്ള സുവർണ്ണാവസരമായി നമ്മൾ ഇതിനെ കാണണം. ഈ സംരംഭത്തിന് ഞാൻ നിങ്ങളോരോരുത്തരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു . ചരിത്രനിർമ്മാണത്തിന്റെ ഭാഗമാകുവാൻ മാറ്റത്തിന്റെ പ്രതിനിധിയാകുവാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇത്തരം സംരംഭങ്ങൾ നമ്മുടെ നാടിനെ ആഗോള വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമാക്കി മാറ്റും എന്ന് ഞാൻ പ്രത്യാശിക്കുന്നു. നിങ്ങൾ ഓരോരുത്തരും മാറ്റത്തിന്റെ തരംഗങ്ങളായി വർത്തിക്കുകയാണെങ്കിൽ ശുഭകരമായ ആ മാറ്റം ലോകം മുഴുവൻ വ്യാപരിപ്പിക്കുവാൻ നമുക്ക് കഴിയും. ഈ പദ്ധതിയെപ്പറ്റി കൂടുതൽ അറിയുവാൻ cpower5tvpm@gmail.com എന്ന മെയിലിലേക്ക് ഇ മെയിൽ അയക്കാവുന്നതാണ്. Together We Can…..