ഡ്രമ്മിൽ വിസ്മയം തീർത്ത് 2 വയസ്സുകാരൻ! വിഡിയോ വൈറൽ

ഒരു രണ്ടുവയസ്സുകാരൻ എന്തൊക്കെ ചെയ്യുമായിരിക്കും? തപ്പിത്തടഞ്ഞ് സംസാരം തുടങ്ങുന്ന പ്രായം, കൊച്ചുകൊച്ചു കളിപ്പാട്ടങ്ങളുമായി ചങ്ങാത്തംകൂടി ആവശ്യത്തിനും അനാവശ്യത്തിനും കരഞ്ഞ് ബഹളമുണ്ടാക്കി, അമ്മയുടേയും അച്ഛന്റേയും കൊഞ്ചിക്കലും ആസ്വദിച്ചങ്ങനെ നടക്കുന്ന പ്രായമാണത്.

എന്നാൽ വായിൽ സൂത്തറും ചപ്പി കൈയ്യിൽ ഡ്രംസ്റ്റിക്കും പിടിച്ചു നിൽക്കുന്ന ഈ രണ്ട് വയസ്സുകാരൻ ചില്ലറക്കാരനൊന്നുമല്ല കേട്ടോ. ലിനോക്സ് നോബിളെന്ന കുഞ്ഞ് അവന്റെ അസാമാന്യ കഴിവ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിക്കളയും. ഈ രണ്ടാം വയസ്സിൽ അവനൊരു മ്യൂസിക്കൽ ജീനിയസ് തന്നെയാണ്.

ലിനോക്സ് ഡ്രമ്മിൽ മായാജാലം കാണിക്കുന്ന വിഡിയോ വൈറലാണിപ്പോൾ. അത്ര ചെറിയകുട്ടി എങ്ങനെയാണ് ഇത്ര മനോഹരമായി ഡ്രം വായിക്കുന്നത്. കളിപ്പാട്ടമെന്ന ഭാവത്തിലാണ് കക്ഷി ഡ്രംസ്റ്റിക്ക് കൈകാര്യം ചെയ്യുന്നത്. യഥാർഥ ഡ്രം തന്നെ വേണമെന്നില്ല ലിനോക്സിന്. ഡ്രംസ്റ്റിക്ക് കയ്യിലുണ്ടെങ്കിൽ എവിടെയും താളം പിടിക്കാൻ ഈ കുഞ്ഞ് കലാകാരൻ റെഡി...

അമ്മ ഷിന്താര നിക്കോളിന്റെ പാട്ടിനൊത്ത് ടീപ്പോയിൽ താളമിടുന്ന ലിനോക്സിന്റെ വിഡിയോ അമ്മതന്നെയാണ് പങ്കുവച്ചത്. ആ വിഡിയോ കക്ഷിക്ക് ചില്ലറ ആരാധകരെയല്ല നേടിക്കൊടുത്തത്. ക്രിസ്മസ് ട്രീയിൽ തൂക്കിയിട്ടിരിക്കുന്ന അലങ്കാരങ്ങളിൽ ലിനോക്സ് താളമിടുന്ന മറ്റൊരു വിഡിയോയും മനോഹരമാണ്. ഭാവിയിലെ ഡ്രമ്മർ എന്നാണ് ലിനോക്സിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇത്ര നന്നായി പാടുന്ന അമ്മയും ഡ്രം വായിക്കുന്ന മകനും ചേർന്ന് ഒരു പുത്തൻ ബ്രാന്‍ഡ് തന്നെ തുടങ്ങിക്കൂടേയെന്നാണ് ചിലരുടെ ചോദ്യം.