ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാർ അനുഭവിക്കുന്ന 6 രസകരമായ പ്രശ്നങ്ങൾ !

കാണാൻ എന്ത് ചേലാണ് ഇരട്ടക്കുട്ടികളെ. ഒരേ പോലെ ഇരിക്കുന്ന രണ്ടു ചുണക്കുട്ടികൾ, ഒരാൾ കരഞ്ഞാൽ അടുത്തയാളും കരയും. ചിരിച്ചാലും അങ്ങനെ തന്നെ. ഒരേ പോലത്തെ ഉടുപ്പിട്ട്, ഒരേ പോലെ ഒരുങ്ങി, പരസ്പരം കൈചേർത്തു പിടിച്ച് അവരങ്ങനെ നടക്കുമ്പോൾ ആരും ഒന്നാഗ്രഹിച്ചു പോകും ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാൻ കഴിഞ്ഞെങ്കിലെന്ന്. എന്നാൽ യഥാർത്ഥത്തിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ചോദിച്ചാലോ ? അവർക്ക്  പറയാനുള്ളത് മറ്റൊരു കഥയായിരിക്കും, ഒരേ സമയം തലവേദനയും ആസ്വാദ്യകരവുമാകുന്ന ചില വസ്തുതകൾ. ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാർ അനുഭവിക്കുന്ന രസകരമായ പ്രശ്നങ്ങൾ നോക്കാം 

1 . ഇരട്ടക്കുഞ്ഞുങ്ങൾ ആണല്ലേ ? - ഷോപ്പിംഗിനൊ ഔട്ടിംഗിനോ ആകട്ടെ, ഇരട്ടകളായ കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട് പോകുമ്പോൾ, സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്. ഒരേ വലുപ്പത്തിൽ, ഒരേ വസ്ത്രം ഇട്ടു കാഴ്ചയിൽ കണ്ണാടി നോക്കിയ പോലെ ഉള്ള കുഞ്ഞുങ്ങളെ നോക്കി, ഇരട്ടകൾ ആണല്ലേ എന്ന് ചോദിക്കുന്നതിൽ എന്താണ് കാര്യം?

2. എല്ലാവര്ക്കും താരതമ്യം ചെയ്യണം - ഇരട്ടക്കുട്ടികൾ എല്ലാവര്ക്കും ഒരു കൗതുകമാണ്. എന്ന് കരുതി, കാണുന്ന എല്ലാവരും കുട്ടികളെ താരതമ്യം ചെയ്യാൻ നിന്നാലോ? അതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്, ദിനം പ്രതി ഒരു കുട്ടി ചെയ്യുന്ന കാര്യങ്ങൾ, സ്വഭാവ സവിശേഷതകൾ മറ്റേ കുട്ടിയുമായി താരതമ്യപ്പെടുത്തുന്നു. രണ്ടുപേരും രണ്ടു വ്യക്തികളാണ് എന്നത് മറക്കുകയാണിവിടെ . 

3. ഇരട്ടക്കുട്ടികൾ എല്ലാവരും ബെസ്റ്റ് ഫ്രണ്ട്സ് അല്ല - ആരാണ് പറഞ്ഞത് ഇരട്ടക്കുട്ടികൾ ആയാൽ അവർക്ക് പരസ്പരം പിരിയാൻ കഴിയില്ല, വഴക്കിടില്ല എന്നൊക്കെ. പരസ്പരം കലഹിക്കുന്ന ഇരട്ടകളും ഉണ്ട്. ഇവരെ രമ്യതയിൽ എത്തിക്കുക എന്നതിൽ കവിഞ്ഞു വലിയൊരു ടാസ്ക് ഒരു അമ്മയ്ക്കും എടുക്കാനില്ല. 

4.  ആരാണ് യഥാർത്ഥ നീ? - ഒരേ പോലെ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണിത്. കുഞ്ഞുങ്ങൾ ഒരുപോലെ ഇരിക്കുന്നതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ട്. പാൽ കൊടുത്തയാൾക്ക് തന്നെ വീണ്ടും പാൽ കൊടുക്കുന്നു, കുളിപ്പിച്ചയാളെ വീണ്ടും കുളിപ്പിക്കുന്നു. 

5.  ഇരട്ടകൾ തന്നെ എന്നും ശ്രദ്ധാകേന്ദ്രം - ഇരട്ടകളെ കൂടാതെ വേറെയും കുഞ്ഞുങ്ങൾ ഉള്ളവരുടെ കാര്യമാണ് കഷ്ടം. ഇപ്പോഴും എവിടെ പോയാലും ശ്രദ്ധാകേന്ദ്രം ഇരട്ടക്കുട്ടികൾ തന്നെയായിരിക്കും. അതിനാൽ മറ്റുകുട്ടികൾക്ക് ഒറ്റപ്പെട്ടു എന്ന തോന്നൽ സ്വാഭാവികം. ആ പരാതി പരിഹരിക്കാനായി ദിവസങ്ങൾ തന്നെ മാറ്റി വയ്‌ക്കേണ്ടി വരും 

6. പനി വന്നാലും ഒരുമിച്ച് - ഒരേ ക്രോമോസോമുകൾ ഉള്ളതിനാലും എന്നും അടുത്തടുത്തായി പെരുമാറുന്നതിനാലും ഇരട്ടകളിൽ ഒരാൾക്ക് അസുഖങ്ങൾ വരുന്ന പക്ഷം അടുത്തയാൾക്കും അതെ അസുഖം പിടിപെടും എന്നത് നിശ്ചയം