മകളുടെ ക്യൂട്ട് ചിത്രം പുറത്തുവിട്ട് ട്വിങ്കിളും അക്ഷയും

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിളും അങ്ങനെയിങ്ങനെയൊന്നും കുട്ടികളുടെ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും പങ്കുവയ്ക്കാറില്ല. അപൂർവമായി മാത്രമാണ് മകൾ നിതാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാറുള്ളൂ. കുട്ടികളെ മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും എപ്പോഴും അകറ്റി നിർത്താറാണ് പതിവ്. എന്നാൽ ഈ ക്യൂട്ട് ചിത്രം ആരാധകരുമായി പങ്കുവയ്ക്കാതിരിക്കാൻ ട്വിങ്കിളിന് കഴിഞ്ഞില്ല. മനോഹരമായ ഈ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ട്വിങ്കിൾ ഷെയർ ചെയ്തത്.

ട്വിങ്കിളിന്റെ മടിയിൽ കിടക്കുന്ന മകൾ നിതാരയുടെ സൂപ്പർക്യൂട്ട് ചിത്രമാണ് ട്വിങ്കിൾ ഷെയർ ചെയ്തത്. സമൂഹമാധ്യമങ്ങളും ആരാധകരും ഈ അമ്മയുടെയും മകളുടേയും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും പരസ്പരം ആരാധനയോടെ കണ്ണിൽക്കണ്ണിൽ നോക്കിയുള്ള ഈ ചിത്രം പെട്ടെന്നു സ്വീകരിക്കപ്പെട്ടു. "When you love someone so deeply that you see all your tomorrows strung together in their eyes #motherhood". എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

മക്കളുടെ സുരക്ഷയെ കരുതിയാണ് അവരുടെ ചിത്രങ്ങളൊന്നും പങ്ക് വയ്ക്കാത്തതെന്നും അവർ സെലിബ്രിറ്റി കിഡ്സായി വളരുന്നതിനോട് തങ്ങൾക്ക് താല്പര്യമില്ലെന്നും ട്വിങ്കിൾ പറയുന്നു. അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും.

കുട്ടികള്‍ അവർക്കു ലഭിക്കുന്ന സൗകര്യങ്ങളുടെ വില അറിഞ്ഞിരിക്കണമെന്നും ഇരുവർക്കും നിർബന്ധമാണ്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും തന്റെ മാതാപിതാക്കൾ പഠിപ്പിച്ച മൂല്യങ്ങൾ കുട്ടികളും പിൻതുടരണമെന്നും ഇവർ പറയുന്നു. പറ്റുന്ന സന്ദർഭങ്ങളിലൊക്കെ മക്കളെ ചേർത്തു പിടിക്കാനാണ് അക്ഷയും ട്വിങ്കിളും എല്ലാ അച്ഛൻമാർക്കും നൾകുന്ന ഉപദേശം. നിങ്ങൾ കൂടെയുണ്ടെന്ന വിശ്വാസം എല്ലാ പരീക്ഷണങ്ങളിലും വിജയിക്കാൻ കുട്ടികളെ പ്രാപ്തരാക്കുമെന്നും ഇവർ പറയുന്നു.