തൃഷ ഇനി കുട്ടികളുടെ സ്വന്തം !


കുട്ടികളിലെ വിളർച്ച, ശൈശവ വിവാഹം, ബാലവേല, ചൈൽഡ് അബ്യൂസ് തുടങ്ങിയവയ്ക്കെതിരെ യുനിസെഫുമായി ചേർന്ന് പ്രവർത്തിക്കാൻ ഇനി തൃഷയുമുണ്ടാകും. അതേ ഇനി മുതൽ കുട്ടികൾക്കു വേണ്ടിക്കൂടി പ്രവർത്തിക്കാനൊരുങ്ങുകയാണ് പ്രശസ്ത നടിയായ തൃഷ കൃഷ്ണൻ.

തെന്നിന്ത്യയിലെ പ്രശസ്ത നടിയായ തൃഷയെ യുനിസെഫിന്റെ (UNICEF) കേരളത്തിലേയും തമിഴ്നാട്ടിലേയും വക്താവായി തെരഞ്ഞടുത്തു. കൗമാരപ്രായത്തിലുള്ളവരുടെയും യുവാക്കളുടെയും പ്രതിനിധിയാണ് തൃഷയെന്നാണ് യുനിസെഫിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും ചീഫ് ആയ ജോബ് സക്കറിയ പറയുന്നത്.

കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്താനും അവർക്കു വേണ്ടി പ്രവർത്തിക്കാനുമുള്ള കരുത്ത് തൃഷയ്ക്കുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ കുട്ടികളിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, കൗമാരക്കാരുടെ ആരോഗ്യ കാര്യങ്ങളിലും, കുടുംബത്തിലും സമൂഹത്തിലും പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും തൃഷ മുന്നിലുണ്ടാകും.

യുനിസെഫിന്റെ ഇത്തരമൊരു ബഹുമതി നേടുന്ന തെന്നിന്ത്യയിലെ ആദ്യ നടിയാണ് തൃഷ. ഇവകൂടാതെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും തമിഴ്നാടിനെ മാലിന്യമുക്തമാക്കുന്നതിനും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും തൃഷ അറിയിച്ചു. ‍