പത്ത് വയസ്സിനു മുൻപ് ഇവ ശീലിപ്പിക്കാം

കൂട്ടുകാരിയുടെ വീട്ടിൽ വിരുന്നു പോയപ്പോഴാണ് അവിടുത്തെ കുട്ടിയുടെ പെരുമാറ്റം ശ്രദ്ധിക്കുന്നത്. അമ്മയുടെ സുഹൃത്തിനെ സ്വാഗതം ചെയ്യാനായി പൂമുഖത്തു തന്നെയുണ്ട് ആ മിടുക്കിക്കുട്ടി. വിശേഷം പറഞ്ഞിരിക്കുന്നതിനിടയിൽ ജ്യൂസും പലഹാരങ്ങളും ടേബിളിൽ നിരത്തിയത് അവളായിരുന്നു.വെറും പത്തു വയസ്സു മാത്രമുള്ള അവളുടെ മുറിയിലെ അടുക്കും ചിട്ടയും കൂടി കണ്ടതോടെ ഒപ്പമുള്ള സ്വന്തം മകനെ പാളി നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ചുറ്റും നടക്കുന്നതൊന്നും അറിയാതെ കൈയിലുള്ള മൊബൈൽ ഫോണിൽ മുഖം പൂഴ്ത്തി... തനിയെ ഭക്ഷണം കഴിക്കാൻ പഠിച്ചാൽ, സ്കൂളിലെ പാഠങ്ങൾ പഠിച്ചാൽ ഇനിയൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്നു കരുതുന്നവരാണ് കൂടുതൽ അമ്മമാരും. പക്ഷേ, വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടി നേടിയെടുക്കേണ്ട ചില ജീവിതപാഠങ്ങളുണ്ട്. വളരുമ്പോൾ അനായാസമായ സാമൂഹിക ജീവിതത്തിന് കുട്ടിയെ സഹായിക്കുന്ന ലൈഫ് സ്കിൽസ് ആണിവ. മക്കളെ ലോകം ബഹുമാനത്തോടെ നോക്കാനായി ഇപ്പോഴേ നൽകാം പരിശീലനം.

1. ചെയ്യുന്നതെല്ലാം ചിട്ടയോടെയും ഭംഗിയോടെയും
ഒരുപാടു കാര്യങ്ങൾ ചെയ്തുകൂട്ടിയാലേ എല്ലാവരുടെയും ശ്രദ്ധയും അഭിനന്ദനവും കിട്ടൂ എന്നു ധരിക്കരുത്. എത്ര ചെറിയ കാര്യവും ചിട്ടയോടെയും ഭംഗിയോടെയും ചെയ്യുമ്പോഴാണ് മറ്റുള്ളവരുടെ കണ്ണിൽ മതിപ്പും ബഹുമാനവും തെളിയുന്നത്. അടുക്കും ചിട്ടയും പഠിപ്പിച്ചു തുടങ്ങേണ്ട യഥാർഥ പ്രായമെത്രയെന്നോ? മൂന്നു വയസ്സ്. ഇത്ര കുഞ്ഞിലേ വേണോ എന്നു ചിന്തിക്കേണ്ട. വീടു നിറയെ ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളിൽ തുടങ്ങാം.

∙ ഒരു ബാസ്ക്കറ്റോ ഹാർഡ് ബോർഡ് പെട്ടിയോ ആവശ്യമില്ലാത്ത ബാത്ടബ്ബോ അതിനു വേണ്ടി നൽകാം. അത് വയ്ക്കാനൊരു സ്ഥലവും കണ്ടുപിടിക്കണം.

∙ ഒന്നോ രണ്ടോ ദിവസം കളിപ്പാട്ടങ്ങൾ പെറുക്കിയിട്ട് കാണിച്ചു കൊടുക്കാം. പിന്നീട് അത് ചെയ്യിക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ല.

∙ കളിപ്പാട്ട പ്രായം കഴിയുമ്പോൾ വീട്ടിലെ പത്രമാസികകളും മാഗസിനുകളും അടുക്കി വയ്ക്കുന്ന ജോലി അവർക്കു നൽകാം. ചെറുപ്പത്തിൽ ശീലിച്ചതിന്റെ തുടർച്ചയാകട്ടെ അത്. പഠനമേശയിലേക്കും പിന്നീട് ചെയ്യുന്ന ഓരോ കാര്യത്തിലേക്കും ഈ അടുക്കും ചിട്ടയും പകർത്താൻ ശ്രമിക്കാം.

ഗുണങ്ങൾ
കുട്ടികളുടെ കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനം നടക്കുന്നു. കളിപ്പാട്ടങ്ങൾ ഓരോന്നായി പെറുക്കിയിടുമ്പോൾ എണ്ണാനും ക്രമീകരിച്ചു വയ്ക്കാനും പഠിക്കും. അത് അരിതമെറ്റിക് സ്കിൽസ് വളർത്തുകയും ഓർമശക്തി കൂട്ടുകയും ചെയ്യും. സമയബോധം, വൃത്തി, പണത്തിന്റെ മൂല്യം... ഇങ്ങനെ നിരവധി കാര്യങ്ങൾ നിസ്സാരമെന്ന് തോന്നുന്ന ഈ പ്രവൃത്തിയിലൂടെ അവർ പഠിക്കുന്നുണ്ട്.

2. വസ്ത്രങ്ങൾ സ്വയം വൃത്തിയാക്കാം
മുതിർന്ന കുട്ടികളുണ്ടെങ്കിൽ പോലും അമ്മയ്ക്കൊന്ന് വയ്യാതായാൽ മുഷിഞ്ഞ തുണികൾ കൂടിക്കിടക്കുന്ന വീടുകളുണ്ട്. ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ, ഏഴു വയസ്സാകുമ്പോൾ മുതൽ വസ്ത്രങ്ങൾ വൃത്തിയാക്കാൻ പരിശീലിപ്പിക്കാം. ചെയ്യുന്നതിന്റെ പെർഫെക്‌ഷനേക്കാൾ ചെയ്യാൻ പഠിക്കുക എന്നതാണ് പ്രധാനം.

∙ ലോൺഡ്രി ബാസ്ക്കറ്റിലെ തുണികൾ വാഷിങ് മെഷീനിലേക്കിടാൻ പറയാം. ഷർട്ടുകളുടെ ബട്ടണുകൾ അഴിച്ചിടാനും കഫും കോളറും മടക്കി വച്ചത് നിവർത്തിയിടാനും തുണികൾ ഓരോന്നായി കുടഞ്ഞ് മറിച്ചിടേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യാനും പറഞ്ഞു കൊടുക്കുക.

∙ കുറച്ചു കൂടി വലുതായിക്കഴിഞ്ഞാൽ എത്ര അളവിൽ ഡിറ്റർജന്റ് പൗഡർ ഇടണമെന്നും മെഷീൻ എങ്ങനെ സെറ്റു ചെയ്യണമെന്നും കാണിച്ചു കൊടുക്കാം. പല തവണ പരിശീലിക്കുമ്പോഴായിരിക്കും നിറം പോകുന്ന വസ്ത്രങ്ങളേതെന്ന് തിരിച്ചറിയാൻ പഠിക്കുന്നത്.

∙ ഇതോടൊപ്പം ചെയ്യാവുന്ന മറ്റൊരു ജോലിയാണ് ഉണങ്ങിയ തുണികൾ മടക്കി വയ്ക്കുക എന്നതും. വീട്ടിലെ ഓരോരുത്തരുടേയും തുണികൾ തിരിച്ചറിഞ്ഞ് വെവ്വേറെ മടക്കി വയ്ക്കാനും സോക്സുകളുടെ പെയർ കണ്ടെത്താനുമെല്ലാം പഠിക്കട്ടെ.

∙ ആൺകുട്ടി, പെൺകുട്ടിയെന്ന് വ്യത്യാസമില്ലാതെ പത്തു വയസ്സിനുള്ളിൽ സ്വന്തം അടിവസ്ത്രങ്ങൾ സ്വയം വൃത്തിയാക്കാൻ നിർബന്ധമായും ശീലിപ്പിച്ചിരിക്കണം.

ഗുണങ്ങൾ
നിറങ്ങൾ തിരിച്ചറിയാനും കൈകളുടെ മസിലുകൾക്ക് വഴക്കമുണ്ടാകാനും ഈ പ്രവൃത്തികൾ നല്ലതാണ്. വീട്ടിലുള്ളവർ തമ്മിലുള്ള സഹകരണം, സഹാനുഭൂതി, സ്നേഹം ഇതെല്ലാം ഇത്തരം പ്രവൃത്തിയിലൂടെയാണ് പഠിക്കേണ്ടത്.

3. ചെലവാക്കാം, വരവറിഞ്ഞ്
കുട്ടികളെ തനിയെ കടയിലേക്കയയ്ക്കാൻ എല്ലാവർക്കും പേടിയാണ്. ചൂഷണക്കഥകൾ മുതൽ റോഡപകടങ്ങൾ വരെ ആ ചിന്തയിൽ നിന്ന് പിന്തിരിപ്പിക്കും. പക്ഷേ, സൂപ്പർ മാർക്കറ്റിലേക്കു പോകുമ്പോൾ കുട്ടികളെക്കൂടി കൊണ്ടുപോകാം.

∙ വാങ്ങേണ്ട സാധനങ്ങളുടെ പേരു പറഞ്ഞ് അവരോടു എടുത്തു കൊണ്ടുവരാൻ പറയാം. വച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ സഹായിക്കാം.

∙ ചെറിയൊരു തുക കൊടുത്ത് അവർക്കാവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കാം. ചില വസ്തുക്കൾ വിലക്കൂടുതൽ കൊണ്ടും ചിലത് ഗുണമേന്മ കുറഞ്ഞതുകൊണ്ടും നമ്മൾ വാങ്ങാൻ അനുവദിക്കാറില്ല. അങ്ങനെ ചെയ്യുമ്പോൾ എന്തുകൊണ്ട് നിരസിക്കുന്നു എന്നുള്ളത് വ്യക്തമായി പറഞ്ഞു കൊടുത്തിരിക്കണം.

∙ സ്വന്തം ബ്രഷ്, പേസ്റ്റ് എന്നിവ അവർ തന്നെ തിരഞ്ഞെടുക്കട്ടെ. പല കമ്പനികളുടെ വിലകൾ താരതമ്യം ചെയ്ത് വാങ്ങാൻ അവർ പഠിക്കും.

ഗുണങ്ങൾ
താരതമ്യം ചെയ്യാനും കണക്കുകൂട്ടാനും മാത്രമല്ല കുട്ടി പഠിക്കുന്നത്. ആശയ വിനിമയത്തിനുള്ള പ്രാവീണ്യം നേടുകയും ചെയ്യും. മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ എങ്ങനെ കാര്യങ്ങൾ നേടിയെടുക്കാമെന്ന് ക്രമേണ അറിയും. ഒരു കടയിൽ ചെല്ലുന്ന കുട്ടിക്ക് എല്ലായ്പ്പോഴും മുൻഗണന കിട്ടിയെന്നു വരില്ല. പതിയെ ‘എനിക്കിത് എടുത്തു തരാമോ’ എന്നു ചോദിച്ച് ശ്രദ്ധ ക്ഷണിക്കാൻ ആവശ്യപ്പെടാം.

4. രുചി അറിഞ്ഞു കഴിക്കട്ടെ
പഠിക്കാൻ പരിശീലിപ്പിക്കുന്നതിനിടയിൽ പല മാതാപിതാക്കളും കുട്ടികളെ അടുക്കളയുടെ നാലയലത്തു പോലും കയറ്റാറില്ല. ചെറുപ്പത്തിലേ കുട്ടികളെ പാചകത്തിൽ തൽപരരാക്കിയാൽ ഗുണമേന്മയുള്ള ഭക്ഷണമേത്, അനാരോഗ്യകരമായത് ഏതെന്നൊക്കെ അവർ വേഗത്തിൽ മനസ്സിലാക്കും. ഓരോ ചേരുവയേയും തൊട്ടും മണത്തും തയാറാക്കുമ്പോൾ ആഹാരത്തെ സ്നേഹിക്കാനും പഠിക്കും. അടുക്കളക്കാര്യത്തിൽ ആൺ പെൺ വേർതിരിവു കാണിക്കരുത്.

∙ ആദ്യം തന്നെ ‘ഇന്നു നീയൊരു ചായയുണ്ടാക്ക്’ എന്ന ലൈൻ വേണ്ട. തുടക്കത്തിൽ മുതിർന്നവർ പാചകം ചെയ്യുമ്പോൾ സഹായിക്കാൻ ആവശ്യപ്പെടാം.

∙ പച്ചക്കറികളും പഴങ്ങളും കഴുകിത്തുടച്ച് തരംതിരിച്ച് നൽകാൻ പറയാം.

∙ ആറു വയസ്സു മുതൽ തീയുപയോഗിക്കേണ്ടാത്ത പാചകം ചെയ്തു തുടങ്ങാം. മേൽനോട്ടം വഹിച്ചാൽ മതി, നിയന്ത്രിക്കേണ്ട. കുട്ടികൾ പാചകം ചെയ്യുന്നതിനിടയിൽ വെള്ളം തുളുമ്പിപ്പോകുക, സാധനങ്ങൾ താഴെ വീഴുക, മുട്ട പൊട്ടിപ്പോകുക എന്നിവയൊക്കെയുണ്ടാകും. അതു കണ്ട് ദേഷ്യപ്പെടാൻ നിന്നാൽ പിന്നെയൊരിക്കലും അവർ അടുക്കളയിൽ കയറാൻ തയാറായെന്നു വരില്ല.

∙ പതിയെ ജ്യൂസുണ്ടാക്കാനും ബ്രെഡ് ടോസ്റ്റ് ചെയ്യാനും സ്മൂത്തിയുണ്ടാക്കാനും ഓംലെറ്റ് ഉണ്ടാക്കാനും പഠിപ്പിക്കാം.

ഗുണങ്ങൾ
ചേരുവകൾ അളന്നെടുക്കുന്നത് ഓർമശക്തിയും അരിതമെറ്റിക്കൽ സ്കിൽസും മെച്ചപ്പെടുത്തും. നിറം, ആകൃതി, അളവ് എന്നിവയെക്കുറിച്ച് ധാരണയുണ്ടാകും. ചപ്പാത്തി വട്ടത്തിൽ പരത്താൻ പഠിപ്പിച്ചാൽ അത് അവരുടെ വരകളിലും എഴുത്തിലും പ്രതിഫലിക്കും. ഉപ്പ് കൂടിയാൽ എന്തു ചെയ്യും എന്നതിനൊരു പരിഹാരം കണ്ടുപിടിക്കുമ്പോൾ പ്രശ്നങ്ങളെ പരിഹരിക്കാനും സമ്മർദങ്ങളെ അതിജീവിക്കാനുമാണ് പഠിക്കുന്നത്. തയാറാക്കിയത് അലങ്കരിച്ച് വിളമ്പുമ്പോൾ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും പുറത്തു വരികയാണ് ചെയ്യുന്നത്. പിടിവാശിക്കാരെയും ക്ഷിപ്രകോപികളെയും മെരുക്കാൻ നല്ല മാർഗമാണ് പാചകം.

5.എനിക്കൊപ്പം വളരണം പ്രകൃതിയും
കുട്ടികളെ പ്രകൃതിയോടിണക്കി വളർത്തണം എന്നൊക്കെ പറഞ്ഞാലും അസുഖങ്ങൾ വരുമെന്ന് പേടിച്ച് പലരും മണ്ണിലിറക്കാറു പോലുമില്ല. ഒരു ചെടി നടാൻ അവസരമൊരുക്കുമ്പോൾ പ്രകൃതിയെ അറിയുകയും എല്ലാ ജീവനും പ്രാധാന്യമുണ്ടെന്ന് പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. മണ്ണിനോടിണങ്ങിയാൽ മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാനും അതിക്രമങ്ങൾ ചെയ്യാനുമുള്ള മനോഭാവം കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ചെടി നടുന്നത് ആസ്വദിക്കുമ്പോൾ പൂ വിടരുന്നത് ഇരട്ടി സന്തോഷം നൽകും. ജീവിതത്തിലും പ്രതീക്ഷയുടെ നാമ്പുകൾ അവർ എപ്പോഴും സൂക്ഷിക്കും.

∙ ആദ്യം ചെടി നടേണ്ട സ്ഥലത്ത് ഒരു കുഴിയെടുക്കണം. അതിനായി ചെറിയ ഉപകരണങ്ങൾ നൽകാം. കുഴി തയാറായിക്കഴിഞ്ഞാൽ ചെടി വയ്ക്കാം. മണ്ണിട്ടു നികത്തുന്നതും ഉറപ്പിക്കുന്നതുമെല്ലാം കുഞ്ഞിക്കൈകളാകട്ടെ.

∙ ചെറിയൊരു പൂവാലി കൊടുത്ത് ദിവസവും ചെടി നനപ്പിക്കുക. ഏഴു വയസ്സാകുമ്പോഴേക്കും കുട്ടികൾ തനിയെ വിത്തു നടാനും കമ്പു നട്ട് വളർത്തിയെടുക്കാനും പ്രാപ്തരായിരിക്കും. മാതാപിതാക്കൾ അതിനുള്ള സാഹചര്യമൊരുക്കിക്കൊടുത്താൽ മാത്രം മതി.

ഗുണങ്ങൾ
സന്തോഷമുള്ള കുട്ടിക്ക് പഠനത്തിൽ മിടുക്കനാകാൻ കഴിയും. പൂന്തോട്ട നിർമാണം ആനന്ദം പകരുന്ന ഒന്നാണ്. മണ്ണിൽ കൈവിരലുകൾ സ്പർശിക്കുമ്പോൾ മോട്ടോർ മസിലുകൾ വികസിക്കുന്നുണ്ട്. കൈയക്ഷരം നന്നാകും. തലച്ചോറിന്റെ പ്രവർത്തനവും ബുദ്ധിയും ഉത്തേജിപ്പിക്കപ്പെടും. മറ്റു ജീവജാലങ്ങളോടുള്ള പരിഗണനയും കുട്ടികൾക്കുണ്ടാകും.