ഇനി

ഇനി ഡിജിറ്റൽ പേരന്റ് ആയേ തീരൂ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം !

ലക്ഷ്മി നാരായണൻ

കുട്ടികളുടെ കയ്യിൽ നിന്നും മൊബൈൽ എടുത്തു മാറ്റുകയും കുട്ടികളെ കംപ്യൂട്ടറിന്റെ മുന്നിൽ നിന്നും എഴുന്നേൽപ്പിച്ച് വിടുകയും ചെയ്യുന്ന പഴയ രീതിയിലുള്ള പേരന്റിങ്ങിനു അവസാനമായിക്കഴിഞ്ഞു. ഇത് ഡിജിറ്റൽ യുഗമാണ്. മാത്രമല്ല, കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു പഠനം ഓൺലൈനിലൂടെ ആക്കിയതോടെ കുട്ടികൾക്ക് മൊബൈലും ലാപ്‌ടോപ്പുമൊക്കെ കൈവശം കൊടുക്കേണ്ട അവസ്ഥയുമാണ്. ഈ അവസ്ഥയിൽ ഉത്തരവാദിത്വമുള്ള ഒരു ഡിജിറ്റൽ പേരന്റ് ആകുക എന്നതാണ് അനിവാര്യമായ കാര്യം. കുട്ടികളുടെ ജീവിതത്തിൽ സാങ്കേതിക വിദ്യ ചെലുത്തുന്ന സ്വാധീനം വർധിച്ചു വരുന്നതിനാലാണ് 'ഡിജിറ്റൽ പേരന്റ് ' എന്ന ആശയത്തിന് രൂപം നൽകിയിരിക്കുന്നത് . വളരെ വേഗത്തിൽ വളരുന്ന സാങ്കേതിക വിദ്യയുടെ ലോകത്ത് തങ്ങളുടെ കുട്ടിയെ മികവോടെ കൈപിടിച്ച് നടത്താൻ കഴിയുന്ന മാതാപിതാക്കളെയാണ് മികസിച്ച ഡിജിറ്റൽ പേരന്റ്സ് എന്ന് പറയുന്നത്. മികച്ച ഒരു ഡിജിറ്റൽ പേരന്റ് ആകണമെങ്കിൽ താഴെ പറയുന്ന ഘടകങ്ങൾ അനിവാര്യമാണ്.

1. ഡിജിറ്റൽ ലോകത്തെ അറിയുക
ഇക്കാര്യം ഇന്നത്തെ മാതാപിതാക്കളോട് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എന്നിരുന്നാലും ഗാഡ്‌ജെറ്റുകളുടെ ഉപയോഗത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ആവശ്യാനുസരണം സാങ്കേതിക വിദ്യ അഭ്യസിക്കുകയും പുതിയ സാങ്കേതിക വിദ്യയെയും സംഭവവികാസങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ടത് മാറുന്ന ഈ യുഗത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റൽ മേഖലയുമായി മാതാപിതാക്കൾ പരിചിതരാകാതിരിക്കുന്നത് കുട്ടികളുടെ ഭാവിയെയും ബാധിക്കും.

2 മാന്യമായ നിയന്ത്രണം വേണം
പഠനം ഓൺലൈനിൽ ആണെന്നത് ശരി തന്നെ, എന്നുകരുതി അനിയന്ത്രിതമായി ഇന്റർനെറ്റ് പോലുള്ള സൗകര്യങ്ങൾ കുട്ടികൾക്ക് നൽകേണ്ടതില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിശ്ചിത സമയത്ത് മാത്രം ഇത്തരം സൗകര്യങ്ങൾ നൽകുക. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മതിയായ സൈബർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ കുട്ടികളുടെ ' വാല്യൂ കോച്ച്' ആകുകയും സൈബർ രംഗത്തെ അപകടങ്ങളെയും കുറ്റകൃത്യങ്ങളെയും കുട്ടികൾ പാലിക്കേണ്ട നിയന്ത്രണങ്ങളെയും കുറിച്ച് അവരെ ബോധവാൻമാരാക്കുകയും ചെയ്യേണ്ടതാണ്.

3 കൃത്യമായ മേൽനോട്ടം വേണം
.കുട്ടികൾ കംപ്യൂട്ടറിൽ അല്ലെങ്കിൽ ഓൺലൈനിൽ എന്തെല്ലാം ചെയ്യുന്നു എന്ന് മാതാപിതാക്കൾ കൃത്യമായ സംവിധാനത്തിലൂടെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ഗാഡ്‌ജെറ്റുകളിൽ പാരന്റൽ കൺട്രോൾ ഉറപ്പുവരുത്തുന്ന നിരവധി സോഫ്റ്റ്‌വെയറുകൾ ഇന്ന് ലഭ്യമാണ്. ഇതിലൂടെ കൃത്യമായി എപ്പോൾ, എങ്ങനെ നിങ്ങളുടെ മക്കൾ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നു എന്ന് അറിയാൻ സാധിക്കും. ബെഡ്‌റൂമുകളിൽ അല്ലാതെ വീട്ടിൽ എല്ലാവർക്കും പൊതുവായി കാണാൻ കഴിയുന്ന സ്ഥലത്ത് കംപ്യൂട്ടർ വയ്ക്കുക. ഇതിനു വൈഫൈ പാസ്‌വേഡ് സുരക്ഷയും നൽകുക

4 നിശ്ചിത സമയം നൽകുക
നിശ്ചിത സമയം മാത്രമേ ഇന്റർനെറ്റ് കുട്ടികൾ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തുക. കംപ്യൂട്ടർ ഗെയ്മുകളിൽ മാത്രം കണ്ടിരിക്കാതെ ശാരീരികമായി വ്യായാമം ലഭിക്കുന്ന കളികളിലും ഏർപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. നിങ്ങൾ ഒരു മികച്ച ഡിജിറ്റൽ പേരന്റ് ആണെങ്കിൽ നിങ്ങളുടെ കുട്ടി ഓൺലൈനിലും ഓഫ്‌ലൈനിലും ഉത്തരവാദിത്തമുള്ള ഒരാളായി വളരും.