കാൻസറിനെതിരെ പോരാടാൻ മൂന്നു വയസ്സുകാരൻ!

കാൻസർ എന്ന മഹാ വിപത്തിനെതിരെ പോരാടുക എന്നത് ധീരന്മാരായ ആളുകൾക്ക് മാത്രം കഴിയുന്ന ഒന്നാണ്. ഈ പോരാട്ടത്തിൽ അവർക്ക് പിന്തുണ നൽകുകയെന്നതും ധീരന്മാരുടെ ലക്ഷണമാണ്. അത്തരത്തിൽ ഒരു ധീരമായ ഒരു കർമ്മത്തിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ് ചെന്നൈയിൽ താമസമാക്കിയ മിർ എന്ന മൂന്നു വയസ്സുകാരൻ. 

മിറിനെ കാണുന്നവരൊക്കെ അവൻ ഒരു പെൺകുട്ടിയാണോ എന്ന് ചിന്തിക്കുക സ്വാഭാവികമായിരുന്നു. കാരണം ജനിച്ചിട്ട് ഇന്ന് വരെ കക്ഷി മുടി വെട്ടിയിരുന്നില്ല. എന്തിനാണ് ഈ കുട്ടി മുടിയിങ്ങനെ നീട്ടി വളർത്തുന്നത് എന്ന ചോദ്യം പലരും ചോദിച്ചു. എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാം മിറിന്റെ 'അമ്മ മനീഷ ദേവ് ഉത്തരം നൽകിക്കഴിഞ്ഞു. കാൻസർ രോഗത്തിന്റെ ഭാഗമായി കീമോ തെറാപ്പി ചെയ്ത് മുടി നഷ്ട്ടപ്പെട്ട ആളുകൾക്ക് വിഗ് ഉണ്ടാക്കുന്നതിനായാണ് മിർ മുടി നീട്ടി വളർത്തുന്നത്. 

ഏതാനും ദിവസം മുൻപ് ഹെയർ ഫോർ ഹോപ് എന്ന സംഘടനയുടെ ഭാഗമായി മിർ തന്റെ നീണ്ടു സമൃദ്ധമായ മുടി കാൻസർ ചികിത്സയിലൂടെ മുടി നഷ്ടപ്പെട്ടവർക്ക് വിഗ് ഉണ്ടാക്കുന്നതിനായി മുറിച്ചു നൽകുകയും ചെയ്തു. മനീഷയുടെ 'അമ്മ അവിചാരിതമായി കാൻസർ ബാധിച്ചാണ് മരണത്തിനു കീഴടങ്ങിയത്. തന്റെ അമ്മയുടെ മരണത്തിനു ശേഷം മനീഷയും കാൻസർ രോഗികൾക്കായുള്ള പ്രവർത്തങ്ങളിൽ വ്യാപൃതയായിരുന്നു. 

മനീഷ തന്നെയാണ് മകന്റെ മുടി നീട്ടി വളർത്തിയത്. മഹത്തായ ഒരു കർമത്തിൽ മകൻ കൂടി പങ്കാളിയാവട്ടെ എന്ന് ആഗ്രഹിച്ച ആ അമ്മയുടെ നല്ല മനസ്സിനും തന്റെ അമ്മൂമ്മയെ കൊണ്ട് പോയ കാൻസർ എന്ന വിപത്തിനെതിരെ അമ്മയോടൊപ്പം ചേർന്ന് പ്രതികരിച്ച ഈ മകനും ഒരു കയ്യടി നൽകിയേ പറ്റൂ.