മൂന്ന് വയസുകാരനുണ്ടോ വീട്ടിൽ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ റെഡിയായിക്കോ

'ടെറിബിൾ ടു' പ്രായം കഴിഞ്ഞു, ഇനി ഒന്ന് നടു നിവർക്കാമെന്ന് ആശ്വസിച്ചിരിക്കുയാണോ നിങ്ങൾ? വരട്ടെ ഇനി എനർജിയുടെ കുത്തൊഴുക്കിന്റെ കാലമാണ്. അതേ 'മാജിക് ഇയേഴ്സ്' എന്ന തകർപ്പൻ കാലത്തിന്റെ തുടക്കമാണ് മൂന്നാം വയസ്. ഫുൾ ഒാഫ് എനർജി എന്നതാണ് ഈ വയസിന്റെ പ്രത്യേകത. ഈ പ്രായമാകുമ്പോൾ നിങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞ് നിങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തുടങ്ങും. ഭാവനയും സർഗശേഷിയും ചിറകുവിരിച്ച് തുടങ്ങുന്ന വളർച്ചയുടെ ഒരു പ്രധാനപ്പെട്ട കാലമാണിത്. മൂന്ന് വയസുകാരുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.

∙വായാടി എന്ന് പേരു കേൾപ്പിച്ചിരുന്ന പല വില്ലൻമാരും വില്ലത്തികളും പതിയെ ശാന്തരാകാൻ തുടങ്ങുന്ന പ്രായമാണിത്
∙പേരും വയസുമൊക്കെ പറയാൻ മാത്രം ഞങ്ങൾ മിടുക്കരാ...
∙250 വാക്കുകൾ ഒക്കെ പറയാൻ ഞങ്ങൾക്കു പറ്റുമെന്നേ..
∙ചെറിയ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം ഞങ്ങളുെട കൈയ്യിലുണ്ടെന്നേ...
∙അഞ്ചും ആറും വാക്കൊക്കെ ഉപയോഗിച്ച് വർത്താമാനം പറയാനൊക്കെ ഈസിയാ...
∙കൊഞ്ചി പറയാനൊന്നും ഞങ്ങളെ കിട്ടില്ല, സ്ഫുടമായും വ്യക്തമായും പറയാൻ ശ്രമിക്കും കേട്ടോ..
∙കൊച്ചു കഥയൊക്കെ പറഞ്ഞു തന്നാൽ അത് തിരിച്ച് പറഞ്ഞുതരാനൊക്കെ ഞങ്ങൾക്കാകും.
∙'അതേ ഈ കിളികൾക്കെന്തിനാ ചിറക്?' 'ഇലയ്ക്കെന്തിനാ പച്ച നിറം?' എന്ന മട്ടിലുള്ള സംശയങ്ങൾക്ക് ഉത്തരം പറയാൻ റെഡിയായിരുന്നോട്ടോ!
∙ഇനിയേ..ചോദ്യങ്ങളുടേയും സംശയങ്ങളുടെയും പെരുമഴയാരിക്കും ...
∙നിറമൊക്കെ ശരിയായി പറയും ഞങ്ങൾ
∙രാവിലെ, ഉച്ച, വൈകുന്നേരം എന്നൊക്കെ ഒന്ന് പറഞ്ഞു നോക്കൂ, അതൊക്കെ ഞങ്ങൾക്കും അറിയാമെന്നേ..
∙ഒരേ പോലത്തെ വസ്തുക്കളും വ്യത്യാസമുള്ളവയും കണ്ടാൽ തിരിച്ചറിയാനൊക്കെ പ്രാപ്തരാണേ..
∙പ്രായത്തിനനുസരിച്ചുള്ള പസിൽ ഗെയിം ഞങ്ങൾക്ക് എളുപ്പമാ..
∙അത്യാവശ്യം എണ്ണാനും അക്കങ്ങളും ഒക്കെ അറിയാമെന്നേ...
∙സ്റ്റെപ്പൊക്ക വീഴാതെ കയറാനൊക്കെ പറ്റും, വേണേൽ ഒാരോ സ്റ്റെപ്പും സൂക്ഷിച്ച് വയ്ക്കും
∙സാധാരണ കാണുന്ന സാധനങ്ങളും ചിത്രങ്ങളുമൊക്കെ ടപ്പേന്ന് പറയാൻ പറ്റും..
∙എവിടേയും വലിഞ്ഞു കയറാൻ ‍‍ഞങ്ങളെ കഴിഞ്ഞേ വേറെ ആരുമുള്ളൂ..
∙വീഴാതെ മുന്നോട്ടും പിന്നോട്ടും വേണേൽ ഞങ്ങൾ നടന്നു കാണിക്കാം...
∙ഇത്രയും നാൾ പുസ്തകം കിട്ടിയാൽ വലിച്ചുകീറിയിരുന്ന ഞങ്ങൾക്ക് അത് സൂക്ഷിച്ച് മറിച്ചു നോക്കാൻ പറ്റും
∙അക്ഷരങ്ങള്‍ പതിയെ പഠിപ്പിച്ചോ, എഴുതാൻ റെഡിയാണേ..
∙അച്ഛന്റേയും അമ്മയുടെയുമൊക്കെ കിടിലൻ ചിത്രങ്ങൾ ഞങ്ങൾ വരയ്ക്കും, കണ്ണെവിടാ മൂക്കെവിടാ എന്നൊന്നും ചോദിച്ചേക്കരുത് കേട്ടോ..
∙ഉടുപ്പാക്കെ തനിയെ ഇട്ടോളാം, ആരുടേം ഹെൽപ്പൊന്നും വേണ്ടെന്നേ..
∙അച്ഛനേയും അമ്മയേയുമൊക്കെ അനുകരിക്കാനൊക്കെ പറ്റമെന്നേ..

ഇത്തരം ‍‍ഡെവലപ്മെന്റുകൾ മിക്ക കുട്ടികളിലും ഒരുപോലെ ഉണ്ടാവണമെന്നില്ല. എങ്കിലും 90% കുട്ടികളുടെ കാര്യത്തിലും ഇതു പോലെയൊക്ക തന്നെയാകും. ചില കുട്ടികളുടെ വളർച്ചയും വികാസവുമൊക്കെ അല്പം പതിയെയുമാകാം. ‍