കുട്ടികളുടെ ഓൺലൈൻ പഠനം സൂക്ഷിക്കണേ...!!!

നമ്മുടെ കുട്ടികൾ എന്താണ് പഠിക്കുന്നത് ? നമ്മൾ പഠിച്ചിരുന്ന കാലത്തെ പഠനമേയല്ല അവരുടേത്. സ്കൂളിലെ പാഠഭാഗങ്ങളിലും പഠിപ്പിക്കുന്ന രീതിയിലും മാത്രമല്ല മാറ്റം. വീട്ടിലെ ടിവിയിൽനിന്നും നിങ്ങളുടെ കയ്യിലെ സ്മാർട്ഫോണിൽനിന്നുമെല്ലാമായി എത്രയോ ഇരട്ടി കാര്യങ്ങൾ അവർ അല്ലാതെ പഠിക്കുന്നു. അറിവിന്റെ കടലായി ഗൂഗിളും ഫെയ്സ്ബുക്കും വാട്സാപ്പുമെല്ലാം അവർക്കു മുന്നിലുണ്ട്.

പഠിപ്പിക്കാനിരിക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തേണ്ടത് ഈ മാറ്റമാണ്. സമയം വൻ സാധ്യതയും വെല്ലുവിളിയുമാണ് വിവര സാങ്കേതിക വിദ്യയിലെ ഈ വളർച്ച. അതു കൃത്യമായി മനസ്സിലാക്കി കുട്ടിയെ നയിക്കുന്നിടത്താണ് വിജയം.

സാധ്യതകൾ ഏറെയുണ്ട്. ഉദാഹരണത്തിന് പിസയിലെ ചരിഞ്ഞ ഗോപുരത്തെക്കുറിച്ചോ ചൈനയിലെ അവതാർ കുന്നുകളെ കുറിച്ചോ പഠിപ്പിക്കുമ്പോൾ യൂട്യൂബ് നിങ്ങളുടെ സഹായത്തിനെത്തും. പിസ ഗോപുരത്തിന്റെ ചരിഞ്ഞും മറിഞ്ഞും ത്രിമാന രൂപത്തിലുള്ളതുമായ എത്രയോ ദൃശ്യങ്ങൾ കുട്ടിയെ കാണിച്ച് പഠിപ്പിക്കാം. അവതാർ സിനിമയിലേപ്പോലെ പെൻസിൽ കുന്നുകൾ ശരിക്കും ഉള്ളതാണെന്നു പറയുമ്പോൾ വാ പൊളിച്ചിരിക്കുന്ന കുഞ്ഞിന്റെ കൗതുകം തീർക്കാൻ രണ്ടു സെർച്ച് മതി നമുക്കിന്ന്.

പഠനത്തിന് ഓൺലൈനിനെ കൂട്ടുപിടിക്കുന്നതിലെ വെല്ലുവിളികളിൽ പ്രധാനം തെറ്റായ വിവരങ്ങളുടെ അതിപ്രസരമാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ വരുന്ന തെറ്റായ ശാസ്ത്ര വിവരങ്ങളും ആരോഗ്യ നുറുങ്ങുകളും ഉദാഹരണം. ഡെങ്കിപ്പനി വന്നാൽ എന്തുചെയ്യണമെന്ന് സ്കൂളിൽ പഠിച്ചതാവില്ല കുട്ടി ഒരുപക്ഷേ ഗൂഗിളിൽ കാണുന്ന ഏതോ പേജിൽ വായിക്കുന്നത്. പറക്കുംതളികകൾ കെട്ടുകഥകളാണെന്ന് ടീച്ചർ പഠിപ്പിച്ചു വിട്ട കുട്ടി വീട്ടിൽ അച്ഛന്റെയോ അമ്മയുടെയോ ഫോണിലെ വാട്സാപ്പിൽ, കടപ്പുറത്ത് പറക്കുംതളിക പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സഹിതം ഫോർവേഡ് ചെയ്തു കിട്ടിയ മെസേജ് വായിച്ച് ആകെ ആശയക്കുഴപ്പത്തിലായേക്കാം.

പഠിപ്പിക്കാനിരിക്കുന്ന അമ്മതന്നെ ഇതെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കാൻ നിന്നാൽ കുട്ടിയുടെ കാര്യം പറയാനുണ്ടോ. മുന്നിൽ വരുന്ന വിവരങ്ങളെക്കുറിച്ചെല്ലാം ലേശം വിമർശന ബുദ്ധിയോടെ ചിന്തിച്ചുതുടങ്ങണം അപ്പോൾ. ഉറപ്പില്ലാത്ത കാര്യങ്ങൾ അധ്യാപകരോടോ മറ്റോ ചോദിച്ച് ഉറപ്പാക്കാൻ ശീലിപ്പിക്കുകയും വേണം.