സ്നേഹത്തിന്‍റെ പേരില്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന ദ്രോഹങ്ങൾ!

ഗായത്രി നാരായണൻ

വയസ്സ് പത്തായിട്ടും ടൈംടേബിള്‍ നോക്കി പുസ്തകം എടുത്തു വയ്ക്കാന്‍ ശീലിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ ഉണ്ട്. സ്നേഹക്കൂടുതല്‍ കൊണ്ട് അമ്മയോ അച്ഛനോ തന്നെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കും.  ഭക്ഷണം കഴിച്ച പാത്രം അടുക്കളയില്‍ പോലും തിരികെ കൊണ്ടുവയ്ക്കാന്‍  ടീനേജുകാരെ കൊണ്ട് പോലും പലരും ശീലിപ്പിക്കാറില്ല.   നിത്യജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കാര്യപ്രാപ്തിയില്ലാത്ത, മറ്റുള്ളവരെ ആശ്രയിക്കാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത, അലസരായി കുഞ്ഞുങ്ങളെ ആക്കിയെടുക്കുന്നത് മാതാപിതാക്കളുടെ അമിത സ്നേഹാവേശങ്ങള്‍ തന്നെയാണ്. കുഞ്ഞുങ്ങളുടെ പ്രായത്തിനു ചേര്‍ന്ന ജോലികള്‍ അവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക.  

2.  അമിത ലാളന
മാതാപിതാക്കളുടെ ലാളന കുട്ടികള്‍ക്ക് ആവശ്യമാണ് എന്നാല്‍ അത് അമിതമായാലോ? ഇളംവെയിലത്ത്‌ പോലും വാടിപോകുന്ന ദുര്‍ബലമനസ്സുകളെയാണ് അമിതലാളന വാര്‍ത്തെടുക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക്‌  ചെറിയവിമര്‍ശനം പോലും താങ്ങാന്‍ കഴിയാതെ വരുന്നതും ഇതുകൊണ്ടാണ്. മറ്റുള്ളവര്‍ സാധാരണ നിലയില്‍ ഇടപെട്ടാല്‍ പോലും അവര്‍ക്ക് തങ്ങളോടു സ്നേഹമില്ലെന്നു കുഞ്ഞുങ്ങള്‍ കരുതും. മാത്രമല്ല വളര്‍ന്നു കഴിഞ്ഞിട്ടും ബാഹ്യസ്നേഹപ്രകടനങ്ങള്‍ക്ക് വേഗം വശംവദരായി പോകാനുള്ള പ്രവണതയും ഈ കുഞ്ഞുങ്ങളില്‍ കൂടുതല്‍ ആയി കാണപ്പെടാം. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ പോലും അംഗീകരിക്കാന്‍ കഴിയാത്ത മാനസ്സികനിലയാവും പലര്‍ക്കും. അതുകൊണ്ട് തന്നെ ലാളന അതിരുവിടാതെ സൂക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്.

3.  കടുത്തശിക്ഷാനടപടികള്‍
  കുട്ടികളെ മിടുക്കരാക്കാന്‍ ശിക്ഷയോളം മികച്ച മാര്‍ഗം ഇല്ല എന്ന അബദ്ധധാരണയുള്ളവരാണ് പല രക്ഷിതാക്കളും. എന്നാല്‍ രക്ഷിതാക്കള്‍ തന്നെ ശിക്ഷിതാക്കള്‍ ആവുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ സംഭവിക്കുന്നത് എന്താണ്?   കുട്ടിയെ നന്നാക്കാന്‍ തല്ലുന്ന രക്ഷിതാവ് യഥാര്‍ത്ഥത്തില്‍ വയലന്‍സിന്‍റെ ബാലപാഠം കുട്ടിയെ പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പഠിക്കാന്‍  വേണ്ടി കുട്ടിയെ തല്ലുന്ന രക്ഷകര്‍ത്താവ് പഠിക്കാനുള്ള കുട്ടിയുടെ താല്പര്യത്തെയാണ് തല്ലിക്കെടുത്തുന്നത്.  

4.  പ്രത്യേകപരിഗണന
  ചിലര്‍ ഇളയ കുട്ടിയോട് പ്രത്യേകവാത്സല്യം കാണിക്കാറുണ്ട്. മറ്റു ചിലര്‍ പെണ്‍കുട്ടികളിലും കൂടുതല്‍ പരിഗണന ആണ്‍കുട്ടികള്‍ക്ക് നല്‍കും. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാണിക്കുന്ന ഏറ്റവും മോശം മാതൃകകളില്‍ ഒന്നാണിത്. സ്ത്രീയെയും പുരുഷനെയും രണ്ടു രീതിയില്‍ കാണാന്‍ ശീലിക്കുന്നത് ഉള്‍പ്പെടെ കുട്ടികളുടെ മനസ്സില്‍ പല വികലധാരണകളും ഉണ്ടാക്കാന്‍ ഇവ ഇടയാക്കും. മാത്രമല്ല  ഒരാള്‍ക്ക് പ്രത്യേകപരിഗണന നല്‍കുമ്പോള്‍ അവഗണിക്കപ്പെടുന്ന കുട്ടി അപകര്‍ഷതബോധം ഉള്‍പടെ നിരവധി പ്രശ്നങ്ങള്‍ക്ക് ഇരയാകും.  

മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ ചെയ്യുന്നത് സ്നേഹത്തിന്‍റെ പേരിലോ അറിവില്ലായ്മയുടെ പേരിലോ ഒക്കെയാണ്. പക്ഷെ ഇതുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങള്‍ ജീവിതകാലം മുഴുവന്‍ കുഞ്ഞുങ്ങളെ വേട്ടയാടും എന്നോര്‍ത്താല്‍ നന്ന്..‍