അച്ഛനാവുന്നതിന് മുൻപേ അറിയണം ഈ കാര്യങ്ങൾ!

പണ്ടൊക്കെ കുട്ടികളെ പരിപാലിക്കുന്നതും അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും അമ്മയുടെ മാത്രം ചുമതലയായിരുന്നു, അച്ഛൻമാരാകട്ടെ ജോലിക്ക് പോയി കുടുംബം നോക്കുന്നവരും. എന്നാൽ ഇന്ന് കാലം മാറി അമ്മമാരും ജോലിക്കു പോകാനും സമ്പാദിക്കാനും തുടങ്ങി. കുട്ടികളുടെ കാര്യങ്ങൾ അമ്മമാരുടെ മാത്രം ചുമതലയല്ലാതായി. ജീവിതത്തിന്റെ ശരിയായ ഒഴുക്കിന് അത് അത്യാവശ്യവുമായിരുന്നു. കുട്ടികളെ നോക്കുക എന്ന ജോലി അമ്മയുടെ എന്നതുപോലെ അച്ഛന്റെയും കൂടെ ചുമതലയായി മാറി. ഇതാ അച്ഛനാകാൻ ഒരുങ്ങുന്നവർക്കായി ചില സൂപ്പർ പേരന്റിംഗ് വിദ്യകൾ.

പേരൻറിംഗ് ഒരു ദിവസത്തേയ്ക്ക് മാത്രമല്ല
പേരൻറിംഗ് എന്നത് ഒരു ദിവസത്തേയ്ക്കു മാത്രമുള്ള കാര്യമല്ല എന്ന് ആദ്യം തന്നെ മനസിലാക്കാം. അത് ജീവിതാവസാനം വരെയുള്ള ചുമതലയാണ്. അതിൽ നിന്നും നമുക്ക് ഒഴിഞ്ഞു മാറാനാകില്ല. നിങ്ങളുടെ കുട്ടികൾ മുതിർന്ന് അവർക്കു കുട്ടികളുണ്ടായിക്കഴിഞ്ഞാലും ഒരു പേരന്‍റ് എന്ന നിങ്ങളുെട ഉത്തരവാദിത്വം തീരുന്നില്ല.

ഇതും കൂടെ ചെയ്യണം
വിലകൂടിയ കളിപ്പാട്ടങ്ങളും ഭക്ഷണവും വാങ്ങികൊടുക്കുകയോ പുത്തൻ സിനിമയ്ക്കും ടൂറുകൾക്കും കൊണ്ടുപോകുകയോ ഒക്കെയാണ് ഒരു നല്ല രക്ഷിതാവിൻറെ ജോലിയെന്നാണ് ചിലരെങ്കിലും ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ അവരെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്നതും, വസ്ത്രം ധരിപ്പിക്കുന്നതും, പഠനത്തിൽ സഹായിക്കുന്നതും സ്കൂളില്‍ കൊണ്ടാക്കുന്നതും അവർക്ക് ആവശ്യമുള്ളപ്പോള്‍ അടുത്തുണ്ടാകുന്നതുമൊക്കെയാണ് ഒരു നല്ല രക്ഷിതാവിന്റെ ലക്ഷണങ്ങൾ. മകളുെട മുടി ചീകി അവളെ ഒരുക്കിക്കൊടുക്കുന്ന എത്ര അച്ഛന്മാരുണ്ടാകും? അതുപോലെ ചെറിയ ഗിഫ്റ്റുകളിലൂടെ ഇടയ്ക്ക് അവരെ അമ്പരപ്പിക്കാം. അങ്ങനെയൊക്കെയുള്ള ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടികളുടെ ഹൃദയത്തിലേയ്ക്കാണ് നിങ്ങൾ കയറിപ്പറ്റുന്നത്.

അച്ഛന്റെ ഉത്തരവാദിത്വം അഭിമാനമായി കരുതാം
നമ്മുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള ഉപകരണങ്ങളല്ല കുട്ടികൾ. എല്ലാ അറിവും പകർന്ന് കൊടുത്ത് അവരെ വളർത്താം . ആണ്‍– പെൺ വ്യത്യാസം ഒരു തടസമാകാതിരിക്കട്ടെ. തുണി തുന്നാനും പാത്രം കഴുകാനും ഒക്കെ അവനേയും പഠിപ്പിക്കാം. നിങ്ങളാണ് അവരുെട ആദ്യ ഗുരു എന്നോർമവേണം.

പ്രത്യേക പരിഗണന വേണ്ട കുട്ടികളെ അവഗണിക്കരുതേ.
നിർഭാഗ്യവശാൽ ചിലപ്പോൾ പ്രത്യേക പരിഗണന വേണ്ട കുട്ടിയുെട രക്ഷിതാവാകാം നിങ്ങൾ. ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാതെ മാനസികമായി ആദ്യം തയാറെടുക്കാം. ആ കുട്ടി ഏതവസ്ഥയിലാണോ അങ്ങനെ തന്നെ അവനെ അംഗീകരിക്കാം. ഒരിക്കലും മറ്റ് കുട്ടികളുമായി താരതമ്യം അരുത്. അതുപോലെ മറ്റുള്ളവർ എന്ത് കരുതുമെന്നോർത്ത് അവന്റെ അവകാശങ്ങൾക്ക് തടസമാകരുത്. എല്ലാ കുട്ടികൾക്കും ഒരേ പോലെ കഴിവുകൾ‌ ഉണ്ടാകണമെന്നില്ല. ഉള്ള കഴിവുകൾ കണ്ടെത്തി അവരെ ഉന്നതിയിൽ എത്തിക്കേണ്ടത് നിങ്ങളാണ്.

സ്നേഹവും ബഹുമാനവും
അമ്മയാകുക എന്നതുപോലെ അച്ഛന്റെ ചുമതലകളും വളരെ വലുതാണ്. സംശയങ്ങൾ വരുമ്പോൾ മറ്റുള്ളവരോട് ചോദിക്കാനും മടിക്കേണ്ട. അതുപോലെ പങ്കാളിയോട് സ്നേഹത്തോടും ബഹുമാനത്തോടു കൂടെ പെരുമാറുക. അതവർക്ക് വരും കാലങ്ങളിൽ മാതൃകയാകട്ടെ. ഒാർക്കുക, കുട്ടികളെ വളർത്തുകയെന്നത് അച്ഛന്റെയും അമ്മയുടേയും തുല്യ ഉത്തരവാദിത്വമാണ്.‍