കുഞ്ഞുങ്ങൾ അച്ഛനമ്മമാർക്കൊപ്പം ഒരേ കിടക്കയിൽ ഉറങ്ങണം; 7  കാരണങ്ങൾ 

കുഞ്ഞുങ്ങളെ തിരിച്ചറിവിന്റെ പ്രായമായാൽ അച്ഛനമ്മമാരുടെ അടുത്തുനിന്നു മാറ്റി മുത്തശ്ശിക്കൊപ്പമോ കുടുംബത്തിലെ മറ്റു മുതിർന്നവർക്കൊപ്പമോ അല്ലെങ്കിൽ ഒറ്റക്കോ കിടത്തുന്നതാണ് നമ്മുടെ നാട്ടിലെ ശീലം. അച്ഛനമ്മമാർ തമ്മിൽ അടുത്തിടപഴകുന്നത് കുഞ്ഞുങ്ങൾ കാണരുത് എന്ന് കരുതിയാണ് നാം കാലങ്ങളായി ഈ രീതി പിന്തുടരുന്നത്. എന്നാൽ ഇപ്പോൾ പഠനങ്ങൾ തെളിയിക്കുന്നത് കുഞ്ഞുങ്ങളെ കുറഞ്ഞത് 10  വയസ്സ് വരെയെങ്കിലും അച്ഛനമ്മാർക്കൊപ്പം ഉറങ്ങണം എന്നാണ്. ഇത് ശരിയായ രീതിയല്ല എന്ന് നമ്മുടെ നാട്ടിലുള്ളവർ വാദിക്കുമ്പോൾ അമേരിക്കൻ സർവകലാശാലകൾ നടത്തിയ പഠനങ്ങൾ പറയുന്നത് ഇതാണ് ശരിയെന്നാണ്. കുട്ടികൾ അച്ഛനമ്മാർക്കൊപ്പം ഉറങ്ങണം എന്ന് പറയുന്നതിന്റെ 7 കാരണങ്ങൾ നോക്കാം...

1.  അത് പ്രകൃതി നിയമമാണ് - സ്വയം കാര്യപ്രാപ്തിയാകുന്നത് വരെ സസ്തനികളായ എല്ലാ ജീവജാലങ്ങളും മക്കളെ കൂടെ നിർത്തുമെന്നത് പ്രകൃതിയുടെ നിയമമാണ്. ഗോറില്ലകൾ കുഞ്ഞുങ്ങളെ വിടാതെ മുറുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ ? ഇത് പോലെ തന്നെ പെരുമാറാൻ വിധിക്കപ്പെട്ടവരാണ് മനുഷ്യരും. സ്നേഹം, ആർദ്രത, ശ്രദ്ധ തുടങ്ങിയ കാര്യങ്ങളും മാനസികമായ അടുപ്പവും വർധിപ്പിക്കുന്നതിന് ഇത് കാരണമാകും. 

2. മുലയൂട്ടൽ കേവലം വിശപ്പകറ്റൽ അല്ല - ഇക്കാര്യം കൈക്കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ബാധകമായ കാര്യമാണ്. ഉറക്കത്തിൽ കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ അവരുടെ വിശപ്പകറ്റുന്ന അമ്മയോട് കുഞ്ഞുങ്ങൾക്ക് വലിയ ആത്മബന്ധമായിരിക്കും ഉണ്ടാകുക. കുഞ്ഞു കിടക്കുന്നത് മറ്റൊരിടത്താണ് എങ്കിൽ സമയത്തുള്ള ഈ പരിചരണം നടക്കുകയില്ല.

3.  മദ്യത്തിനും പുകവലിക്കും ബൈ ബൈ - കുട്ടികൾ കൂടെ ഉറങ്ങുന്നതിന്റെ ഗുണം മാതാപിതാക്കൾക്കും കൂടിയാണ്. കുട്ടികൾ അരികിൽ ഉറങ്ങാൻ കിടക്കുമ്പോൾ മദ്യപിക്കുക, പുകവലിക്കുക തുടങ്ങിയ ദുശ്ശീലങ്ങൾ മാതാപിതാക്കൾ അവസാനിപ്പിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത് ആരോഗ്യമുള്ള മാതാപിതാക്കളെ ഉണ്ടാക്കിയെടുക്കാൻ കുട്ടികൾക്ക് സാധിക്കും എന്നർത്ഥം.

4. പോസിറ്റീവ് കുഞ്ഞുങ്ങളാകുന്നു - അച്ഛനമ്മാർക്കൊപ്പം ഉറങ്ങുന്ന കുട്ടികൾക്ക് സുരക്ഷിതത്വ ബോധം വളരെ കൂടുതലാണ്. അവർ പലപ്പോഴും പൂർണ സന്തോഷമുള്ളവരായി പെരുമാറുന്നു. ഇതുമൂലം കുട്ടികൾ പോസിറ്റിവ് മൈൻഡ് ഉള്ള വ്യക്തികളായി മാറുന്നു. 

5. ഗാഢമായ ഉറക്കം ലഭിക്കുന്നു - കുട്ടികൾക്ക് 10  മണിക്കൂറും മുതിർന്നവർക്ക് 8  മണിക്കൂറും ശരാശരി ഉറക്കം ലഭിക്കണം എന്നാണല്ലോ പറയാറ്. ഇത് യാഥാർഥ്യമാക്കാൻ ഒരുമിച്ചുറക്കം സഹായിക്കുന്നു. ഉറക്കത്തിൽ ഇടക്കിടക്ക് എഴുന്നേൽക്കുന്ന സ്വഭാവമുള്ളവർക്ക് മക്കൾക്കൊപ്പം ഉറങ്ങി ഈ സ്വഭാവം മാറ്റിയെടുക്കാൻ സാധിക്കും. കുട്ടികളുടെ കാര്യത്തിലും അങ്ങനെതന്നെ. 

6.  ക്രിയേറ്റിവിറ്റി വർധിക്കുന്നു - കാരണമെന്താണ് എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും പഠനങ്ങൾ അംഗീകരിച്ച ഒരു വാസ്തവമാണത്. ഒരുമിച്ചുറങ്ങുന്ന കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും ക്രിയാത്മകത പതിന്മടങ്ങു വർധിക്കുന്നു. 

7. ശ്രദ്ധ ഒരുപോലെ - സാധാരണയായി കുഞ്ഞിന്റെ കാര്യത്തിൽ അമ്മാർക്കായിരിക്കും കൂടുതൽ ശ്രദ്ധ. എന്നാൽ ഒരുമിച്ചുറക്കം മൂലം കുഞ്ഞുങ്ങളുടെ കാര്യത്തിൽ അച്ഛനമ്മമ്മാർക്ക് തുല്യ ശ്രദ്ധയുണ്ടാകുന്നു. കുഞ്ഞിന്റെ ഓരോ ചലനവും അമ്മയെപ്പോലെ തന്നെ അച്ഛനും ശ്രദ്ധിക്കും . കുഞ്ഞുങ്ങളോട് സംസാരിക്കാനുള്ള സമയവും വർധിക്കുന്നു