ഈ പത്തു മൂല്യങ്ങൾ നിങ്ങളുടെ മക്കൾക്കുണ്ടോ?

മഞ്ജു പി.എം

കുട്ടികളുടെ ശാരീരികമായ വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല, മാനസികമായ വികാസത്തിനും മാതാപിതാക്കൾ തന്നെയാണല്ലോ ശ്രദ്ധയൂന്നേണ്ടത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. ആ സ്വഭാവമാണല്ലോ ജീവിതത്തിലുടനീളം അവർ ശീലിച്ചു പോരുന്നത്. അതിനാൽ പ്രധാനപ്പെട്ട പത്തു സന്മാർഗ്ഗിക മൂല്യങ്ങളെങ്കിലും നിങ്ങളുടെ മക്കളെ ചെറുപ്പത്തിലേ ശീലിപ്പിച്ചിരിക്കണം.

ചിലരുടെ അഭിപ്രായം കുട്ടികൾ നല്ല മൂല്യങ്ങൾ സ്വന്തമായി പഠിച്ചെടുക്കേണ്ടതാണെന്നാണ്. വളരെ നേരത്തെ പ്രീ സ്കൂളിലേക്ക് വിടുന്നതിനാൽ നല്ല ശീലങ്ങളൊക്കെ അവിടെ നിന്ന് പഠിപ്പിച്ചോളും എന്ന് വിശ്വസിക്കുന്ന മാതാപിതാക്കളുമുണ്ട്. എന്തൊക്കെയായാലും നല്ല മൂല്യങ്ങൾ പകർന്നു നൽകേണ്ടത് മാതാപിതാക്കക്കളാണ്, അതാണ് കുട്ടികൾക്ക് ഭാവിയിലേക്ക് വഴികാട്ടിയാകുന്നതും. വളർച്ചയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ പറ‍ഞ്ഞുകൊടുത്തു ശീലിപ്പിക്കുന്ന നല്ല മൂല്യങ്ങൾ, കുട്ടികളെ വീടിനും സമൂഹത്തിനും ഗുണപ്പെടുന്ന പൗരനായി വളരാൻ സഹായിക്കും. നിർബന്ധമായും ശീലിക്കേണ്ട ആ പത്തു മൂല്യങ്ങൾ ഇവയെല്ലാമാണ്.

1. ബഹുമാനിക്കുക
മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കാൻ പലപ്പോഴും മാതാപിതാക്കൾ മറന്നു പോകാറുണ്ട്. പ്രായത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ വ്യത്യാസമില്ലാതെ, എല്ലാവരും തന്നെ മറ്റുള്ളവരുടെ ബഹുമാനത്തിന് അർഹരാകാൻ ആഗ്രഹിക്കുന്നവരാണ്. പ്രായത്തിൽ മുതിര്‍ന്നവരും അപരിചിതരുമായവരോടാണ് കുട്ടികൾ വളരുന്തോറും ഏറ്റവും കൂടുതലായി ഇടപഴകേണ്ടി വരുന്നത്. അതിനാൽ ഏറ്റവും ചെറുപ്രായത്തിലേ പഠിക്കേണ്ടതും മുതിർന്നവരെ ബഹുമാനിക്കാനാണ്. ‘താഴ്മതാന്നഭ്യുന്നതി’ എന്നല്ലേ, ഈ ശീലം ഭാവിയിൽ നിങ്ങളുടെ കുട്ടികളെ ഉന്നതിയിലേയ്ക്കേ എത്തിക്കൂ.

2. കുടുംബം
ഒരു കുട്ടിയുടെ ജീവിതത്തിലെ പ്രധാന ഘടകം കുടുംബം ആണല്ലോ. ഒരു കുട്ടിയെ നല്ലൊരു പൗരനാക്കി വാർത്തെടുക്കുന്നത് അവരുടെ കുടുംബമാണ്. കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓരോ കുടുംബാംഗങ്ങളേയും സ്നേഹിക്കേണ്ടതിനെക്കുറിച്ചും ഓരോരുത്തർക്കും കുടുംബത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും കുട്ടികൾക്ക് ചെറുപ്പത്തിലേ മനസ്സിലാക്കി കൊടുക്കണം. ഇത് ഭാവിയിൽ കുട്ടികൾക്ക് ഓരോ കുടുംബാംഗങ്ങളോടുമുള്ള സ്നേഹവും അടുപ്പവും വളർത്തിയെടുക്കാൻ സഹായിക്കും.

3. സഹകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും
കുട്ടികളാകുമ്പോൾ ഓരോ സാഹചര്യത്തിലും ഓരോന്നും എങ്ങനെ ചെയ്യണമെന്ന് അറിവുണ്ടായിരിക്കുകയില്ല. മുതിർന്നവർ പറഞ്ഞു കൊടുത്താൽ മാത്രമേ അവർക്കറിയാൻ സാധിക്കൂ. ബഹളം വച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ആ സ്വാതന്ത്ര്യം എല്ലായിടത്തും അനുവദിച്ചു കൊടുക്കാൻ പാടില്ല. ശബ്ദം എങ്ങനെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് കൂടി പറഞ്ഞു കൊടുക്കണം. പങ്കുവച്ച് കഴിക്കാനും കളിക്കാനും പഠിപ്പിച്ചു കൊടുക്കണം. പല കുട്ടികളും ഇത്തരം കാര്യങ്ങളെ അനുസരിച്ച് മുന്നോട്ട് പോകാൻ താൽപര്യപ്പെടുകയില്ല. പക്ഷേ കടിഞ്ഞാൺ ഇടേണ്ട പ്രായത്തിൽ അയച്ച് വിട്ടാൽ മാതാപിതാക്കൾ തന്നെ ഭാവിയില്‍ കുട്ടികളുടെ സ്വഭാവത്തെക്കുറിച്ചോർത്ത് ഖേദിക്കേണ്ടിവരും.

4. സഹായമനസ്കത
അപരിചിതരായവരെ പോലും അവശ്യഘട്ടങ്ങളിൽ സഹായിക്കേണ്ടതിന്റെ നന്മയെക്കുറിച്ച് ചെറുപ്രായത്തിലേ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. നമ്മൾ മറ്റുള്ളവരെ സഹായിച്ചെങ്കിൽ മാത്രമേ, നമുക്ക് സഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ മറ്റുള്ളവർ അതിനായി തയ്യാറാവുകയുള്ളൂ എന്ന പൊതുതത്ത്വം കൂടി പറഞ്ഞു കൊടുക്കുക. നമ്മൾ സമൂഹജീവിയാണെന്നും മറ്റുള്ളവരുടെ വേദനകളെയും ആവശ്യങ്ങളെയും മനസ്സിലാക്കിയെടുക്കാനും അവരുടെ ഭാഗത്ത് നിന്നു കൊണ്ട് ചിന്തിക്കാനും നമ്മൾ ശ്രമിക്കണമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം.

5. ദൈവഭയം, മതവിശ്വാസം
മതമില്ലാത്ത മനുഷ്യനായി കുട്ടികളെ വളർത്തുന്നവർക്ക് അങ്ങനെയാകാം. എന്നാൽ ലോകത്തിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളും ദൈവഭയമുള്ളവരും ആയതുകൊണ്ട് ദൈവീകമായ ചിന്തകൾ കുട്ടികൾക്ക് ചെറുപ്പത്തിലേ പറഞ്ഞുകൊടുക്കണം. എല്ലാ മതവും നല്ലതാണെന്നും, തങ്ങൾ വിശ്വസിക്കുന്ന മതം മാത്രമല്ല നല്ലതെന്നും, എല്ലാ മതത്തേയും ആചാരങ്ങളേയും മതപരമായ ആഘോഷങ്ങളെയും ബഹുമാനിക്കണമെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കണം.

6. നീതി ന്യായം
സദാചാര മൂല്യങ്ങൾ പിന്തുടരുന്നതിനോടൊപ്പം തന്നെ, നിയമവും നീതിന്യായങ്ങളുമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത് എന്ന കാര്യം കൂടി കുട്ടികൾ അറിഞ്ഞിരിക്കണം. കാരണം കുട്ടികൾ ചിലപ്പോൾ അവരുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയോ പ്രിയപ്പെട്ടവർക്ക് വേണ്ടിയോ, അവർക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തേക്കാം. പക്ഷേ, നിയമപരമായി അവർ ചെയ്ത കാര്യങ്ങൾ കുറ്റകരമാണെങ്കിലോ? ശിക്ഷാർഹരായിത്തീരുക തന്നെ ചെയ്യും. അതിനാൽ പോലീസ്, കോടതി, നിയമപരമായ ശരി, തെറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അത്യാവശ്യ ധാരണയെങ്കിലും കുട്ടികളോട് പങ്കുവയ്ക്കുന്നത് നല്ലതാണ്.

7. സത്യസന്ധത
അവർക്ക് വേണ്ടതായ ഏറ്റവും നല്ല ഗുണം സത്യസന്ധത തന്നെയാണ്. അത് ചെറുപ്പത്തിലേ ശീലിക്കുകയും വേണം. നിസ്സാര കാര്യങ്ങൾക്ക് പോലും കുട്ടികൾ കളവ് പറയുന്നത് ഒരിക്കലും മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കരുത്. സത്യം പറയുക എന്നത് ഒരു പ്രതിബന്ധതയായിത്തന്നെ കുട്ടികൾക്ക് തോന്നണം.

8. മറ്റുള്ളവരെ വേദനിപ്പിക്കരുത്
ശാരീരികമായി അനുഭവപ്പെടുന്നത് മാത്രമല്ല വേദനയെന്നും, മറ്റൊരാളെ വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ പോലും വേദനിപ്പിക്കുന്നത് നല്ല ശീലമല്ലെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. ദേഹോപദ്രവമേൽപ്പിച്ചോ, വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ മറ്റൊരാൾക്ക് തങ്ങളുടെ കുട്ടിയിൽ നിന്നും മോശം അനുഭവമുണ്ടായതായി ബോദ്ധ്യപ്പെട്ടാൽ അതിൽ മാപ്പ് ചോദിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചെയ്ത കുറ്റത്തിന് പശ്ചാത്തപിക്കാനും അവസരം നൽകണം. കുട്ടികളെ ശകാരിച്ചതു കൊണ്ടു മാത്രം ഗുണം കിട്ടില്ല.

9. മോഷണം
എന്തിന് വേണ്ടിയാണെങ്കിലും ആര് പറഞ്ഞിട്ടാണെങ്കിലും മറ്റൊരാളുടെ വസ്തുക്കൾ, അവരുടെ അനുവാദമില്ലാതെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് തീർച്ചയായും ചീത്ത ശീലമാണ്. മോഷണം എപ്പോഴും കുറ്റം തന്നെയാണ്. അതിന് യാതൊരു ന്യായീകരണവും നിരത്താൻ കുട്ടികളെ അനുവദിക്കരുത്.

10. വിദ്യാഭ്യാസത്തിനെ സ്നേഹിക്കുക
വിദ്യയായിരിക്കും ജീവിതാവസാനം വരെ പോരാടാനുള്ള നമ്മുടെ ആയുധം. പഠിക്കാനുള്ള ഇഷ്ടത്തിനെ പ്രോത്സാഹിപ്പിച്ചെടുക്കണം. പ്രീ സ്കൂളിൽ ചേർക്കുമ്പോൾ മുതൽ സ്കൂളിനോടും പഠിക്കുന്നതിനോടും കുട്ടിക്ക് ഇഷ്ടം തോന്നിക്കത്തക്ക വിധത്തിലാകണം അവരെ പ്രചോദിപ്പിക്കേണ്ടത്. വിദ്യാഭ്യാസം നേടുന്നതുകൊണ്ട് ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം.

സദാചാരവും സന്മാർഗ്ഗികവുമായ മൂല്യങ്ങൾ കുട്ടികൾക്ക് നന്നേ ചെറുപ്പം മുതലേ പറഞ്ഞുകൊടുക്കണം. ദൃഢമായ മൂല്യബോധങ്ങൾ ഉൾക്കൊണ്ടുകൊണ്ടാകണം കുട്ടികൾ വളരേണ്ടത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ്. അതിനാൽ കുട്ടികൾക്ക് ഭാവിയിൽ ലഭിക്കുന്ന ഏതൊരു നേട്ടത്തിലും ഏറെ അഭിമാനിക്കാൻ അർഹതയുണ്ടാവുക അവരുടെ മാതാപിതാക്കൾക്ക് തന്നെയായിരിക്കും.