ഈ പത്തു മികവുണ്ടെങ്കിൽ നിങ്ങളുടെ മക്കൾ ‘സൂപ്പർ’ ആണ്

മഞ്ജു പി.എം

ധ്രുതഗതിയിൽ പുരോഗമിക്കുന്ന, വേഗേന മാറിക്കൊണ്ടിരിക്കുന്ന ഈ മത്സര ലോകത്തെ അതിജീവിച്ചുകൊണ്ടാണ് നമ്മുടെ മക്കൾ വളർന്നു മുന്നേറേണ്ടത്. ഈ ആധുനിക ഡിജിറ്റൽ സമൂഹത്തിൽ മക്കളുടെ ഭാവി വിജയത്തിന് അടിത്തറ പാകുന്നത് ഏതാനും ചില മൗലികമായ വൈദഗ്ദ്ധ്യങ്ങളാണ്. ഈ വൈദഗ്ദ്ധ്യങ്ങളെ നേടാനും വളർത്തിയെടുക്കാനും പരിശീലിച്ചെങ്കിൽ മാത്രമേ കുട്ടികൾക്ക് പുറംലോകത്തോട് അഭിമുഖീകരിക്കാനാകൂ. അക്കാദമി തലത്തിലുള്ള പഠനം കൊണ്ട് എന്തിന്റേയും അടിസ്ഥാനപരമായ വിജ്ഞാനം മാത്രമേ ലഭിക്കുകയുള്ളൂ. പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസം കൊണ്ട് മാത്രം കുട്ടികളിലെ ‘സ്കിൽ’ വികസിക്കുകയില്ല. ഇനി വിശദമാക്കുന്ന ഈ പത്തു ‘സ്കിൽ’ മക്കളിൽ വികസിപ്പിച്ചെടുക്കാനായാൽ, അവർക്ക് ഈ നവയുഗ സമൂഹത്തിൽ സമർത്ഥരായി തീരാനാകുമെന്ന് അർത്ഥം.

1. പ്രശ്നപരിഹാരം
ഒരു പ്രശ്നമുണ്ടായാല്‍ പരിഹരിക്കാനുള്ള മാർഗ്ഗവും സ്വയം കണ്ടെത്തണമെന്ന് മക്കൾക്ക് പറഞ്ഞു കൊടുക്കണം. ആ പ്രശ്നം പരിഹരിക്കാനുള്ള ആത്മവിശ്വാസവും സ്വാതന്ത്ര്യവും മക്കൾക്ക് നൽകുക. തന്റെ സാമർത്ഥ്യം തെളിയിക്കാനായി ഒരവസരം കിട്ടുമ്പോൾ അവർ പലവിധ പരിഹാര മാർഗ്ഗങ്ങൾ ആലോചിക്കും. വെള്ളത്തിന് ക്ഷാമം ഉണ്ടാകുമ്പോൾ, മാലിന്യം വേണ്ടരീതിയിൽ സംസ്ക്കരിക്കാനാകാതെ വരുമ്പോഴോ ഒക്കെ കുട്ടികളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. സ്വന്തം ഐഡിയ പാരന്റ്സ് അംഗീകരിച്ചാൽ അത് കുട്ടികൾക്ക് ആത്മാഭിമാനം വർദ്ധിപ്പിക്കും. പിന്നീട് സ്വന്തം വീട്ടിലും അയൽപക്കത്തെ വീട്ടിലുമൊക്കെ സമാനതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവർ യുക്തിപരമായി ചിന്തിക്കാൻ ശ്രമിക്കുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.

2. ടീം വർക്ക്
ഈ ഡിജിറ്റൽ യുഗത്തിൽ, ടീം വർക്കിനുള്ള സന്നദ്ധതയും സഹകരണവുമൊക്കെ കുട്ടികൾക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെ ബഹുമാനിച്ചും അവരോട് ഒത്തൊരുമിച്ചും സഹകരിച്ചും ഓരോ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ വിജയം നിശ്ചയമാണെന്ന സത്യം മക്കൾക്ക് പറഞ്ഞു കൊടുക്കുക. ഒരു ടീമിനോടൊപ്പം ചേർന്ന് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ അതിലെ ഓരോ അംഗങ്ങളിൽ നിന്നും കുട്ടികൾക്ക് പ്രായോഗികമായ ഓരോ അറിവുകളായിരിക്കും അനുഭവപ്പെടുന്നത്. ആ കൂട്ടായ്മയുടെ നേട്ടത്തിൽ അഭിമാനിക്കാൻ മക്കൾക്ക് കഴിയണം.

നിങ്ങളുടെ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ഒത്തൊരുമിച്ച് ചെയ്തു നേടിയെടുത്ത എന്തെങ്കിലും കാര്യങ്ങളെക്കുറിച്ചുള്ള അനുഭവമൊക്കെ മക്കളുമായി പങ്കുവയ്ക്കുന്നതും അവർക്ക് പ്രചോദനമേകും.

3. ആഗോള സാംസ്ക്കാരിക അവബോധം
ലോകത്തിലെ വിവിധ രാജ്യങ്ങളും അതിലെ ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന വ്യത്യസ്ത സമൂഹങ്ങളെക്കുറിച്ച്, അവരുടെ സംസ്ക്കാരത്തെക്കുറിച്ച്, ഭാഷയെക്കുറിച്ച്, കാഴ്ചപ്പാടിനെക്കുറിച്ച് എല്ലാം മക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കണം. എല്ലാ സമൂഹത്തിന്റെയും സംസ്ക്കാരങ്ങളും ആചാരങ്ങളും നല്ലതാണെന്നും അതിനെയെല്ലാം ബഹുമാനിക്കാനും പഠിപ്പിച്ചു കൊടുക്കണം. സാധ്യമാകുമെങ്കിൽ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മക്കളെ വിനോദയാത്ര കൊണ്ടുപോയി കാര്യങ്ങളെല്ലാം അനുഭവവേദ്യമാക്കി കൊടുക്കണം.

4. ആശയവിനിമയത്തിലെ വൈദഗ്ദ്ധ്യം
കൂട്ടുകാരോടായാലും മുതിർന്നവരോടായാലും നന്നായി ആശയവിനിമയം നടത്താൻ കുട്ടികൾക്ക് കഴിയണം. സ്വന്തം ഭാഷയിൽ പ്രാവീണ്യമുള്ളതുപോലെ ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ നന്നായി ആശയവിനിമയം നടത്താനായെങ്കിലേ ഏതു രാജ്യത്തേയും ഏതു മേഖലയിലും ഭാവിയിൽ ശോഭിക്കാനാകൂ. വ്യത്യസ്ത ഭാഷയിൽ എത്ര അറിവുണ്ടായാലും എഴുതിയോ സംസാരിച്ചോ നന്നായി വിനിമയം ചെയ്യാനാണ് അറിഞ്ഞിരിക്കേണ്ടത്. പൊതുവായ വിഷയങ്ങളെക്കുറിച്ച് മക്കളുമായി ചർച്ചകൾ നടത്തുന്നത് അവരുടെ ആശയ വിനിമയ വൈദഗ്ദ്ധ്യം വളരാനും, ആ വിഷയത്തിലുള്ള സ്വന്തം കാഴ്ചപ്പാടുകളെ പ്രകാശിപ്പിക്കാനും അവസരമേകുന്നു. ഏതൊരു ചർച്ചയിലായാലും മറ്റുള്ളവരെ കേൾക്കാൻ സന്നദ്ധതയുണ്ടാകണം. അതുപോലെതന്നെ ഒരാൾ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കാനും പാടില്ലെന്ന മര്യാദകൾ മക്കൾക്ക് പറഞ്ഞു കൊടുക്കണം. മുക്കിയും മൂളിയും നീട്ടിയും ഉള്ള സംസാരശൈലികൾ ഒഴിവാക്കി, ഒഴുക്കോടെ സംവദിക്കാന്‍ പഠിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്നതും അശ്ലീലകരവുമായ വാക്കുകൾ സംസാരത്തിൽ ഒഴിവാക്കണം. ഏതൊരു വിഷയത്തെക്കുറിച്ചും നന്നായി ആശയവിനിമയം ചെയ്യാൻ കഴിയണമെങ്കിൽ നല്ല വായന ആവശ്യമാണ്. അതിനു പറ്റിയ ബുക്കുകൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുക. നല്ല പദപ്രയോഗങ്ങളും ആശയങ്ങളും വായനയിലൂടെ കുട്ടികൾക്ക് ലഭിക്കുകയും ചെയ്യും.

5. സദാചാരപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍
നമ്മൾ ഒരു സമൂഹജീവിയാണെന്നും ഒരു സമൂഹത്തില്‍ ജീവിക്കുമ്പോൾ ചുറ്റുപാടുമുള്ളവരുടെ വേദനകളെയും ആവശ്യങ്ങളെയും മനസ്സിലാക്കി പെരുമാറുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കുട്ടികൾ മനസ്സിലാക്കിയിരിക്കണം. മറ്റുള്ളവരെ ബഹുമാനിക്കുക, സ്നേഹിക്കുക, അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുക, സ്വന്തം കാര്യങ്ങളെക്കുറിച്ച് മാത്രം ആവലാതിപ്പെടാതിരിക്കുക തുടങ്ങി സദാചാരപരവും സന്മാർഗ്ഗികവുമായി നമ്മൾ ഉയർത്തിപ്പിടിക്കേണ്ട നല്ല ശീലങ്ങൾ കുട്ടികൾ മനസ്സിലാക്കി പരിശീലിക്കണം. മറ്റുള്ളവരിൽ നിന്നും ഒരു നേട്ടവും തനിക്കു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ, സഹായിക്കാൻ സന്നദ്ധത ഉണ്ടായിരിക്കണം. ചുരുക്കത്തിൽ സ്വന്തം പ്രവൃത്തിയിൽ സ്വയം അഭിമാനിക്കാൻ ഉതകുംവിധത്തിൽ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾക്ക് പ്രാപ്തി ഉണ്ടായിരിക്കണം.

6. ക്രിയാത്മകത
ക്രിയാത്മകതയുണ്ടെങ്കിൽ പല വെല്ലുവിളികളെയും ഭാവനാപരമായി നേരിടാൻ കഴിയും. ക്രിയാത്മകമായി ചിന്തിക്കാൻ കഴിയുന്നവർക്ക്, സാധാരണതലത്തിൽ നിന്നുകൊണ്ട് ചിന്തിക്കുന്നവരേക്കാൾ വ്യത്യസ്തമായി, അപരിചിതമായ പല മേഖലകളിലേക്കും എളുപ്പത്തിൽ ഇറങ്ങി ചെല്ലാനാകും. ഇതവർക്ക് ഭാവിയിൽ നൂതനമായ പല കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്താനും, സ്വന്തമായി എന്തെങ്കിലും കണ്ടെത്തലുകൾ നടത്താനോ, നല്ല ആശയങ്ങൾ മറ്റുള്ളവർക്കായി നൽകാനോ സഹായകമാകും. മക്കൾക്ക് അവരുടെ ക്രിയാത്മകമായ കഴിവുകൾ പ്രകാശിപ്പിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക. അവരുടേതായ ആശയങ്ങൾ ഒരുപക്ഷേ വളരെ ലളിതവും നിസ്സാരവുമായിരിക്കാം, എങ്കിലും അവരെ പ്രോത്സാഹിപ്പിക്കുക.

7. വിശകലനം ചെയ്യുക
ചില കുട്ടികൾക്ക് എന്തെങ്കിലും ഒരു കാര്യം കണ്ടാൽ അതേക്കുറിച്ച് നിരവധി ചോദ്യങ്ങൾ ചോദിച്ചറിയാനുള്ള പ്രവണതയുണ്ടായിരിക്കും. കാണുന്നത് അതേപടി ഉൾക്കൊള്ളാതെ അവർ ആ സംഭവത്തിനെ നന്നായി വിശകലനം ചെയ്യാൻ ശ്രമിക്കുകയും, അതിലെ വെല്ലുവിളികളെ കണ്ടെത്തുകയും, എല്ലാത്തിനെയും വിലയിരുത്താൻ ശ്രമിക്കുകയും ചെയ്യും. ഡാറ്റകളേയും ലഭിച്ചിട്ടുള്ള വിവരങ്ങളേയും സമഗ്രമായി വിശകലനം ചെയ്യാന്‍ കഴിവുള്ള ഇത്തരക്കാർക്ക് ശാസ്ത്രമേഖലയിലും ഗണിത മേഖലയിലുമൊക്കെ നന്നായി ശോഭിക്കാനാകും. വ്യത്യസ്ത കോണുകളിലൂടെ ഓരോ പ്രശ്നത്തേയും നോക്കിക്കാണാൻ ഈ കുട്ടികൾക്കാകും. ലളിതമായ റൈഡിലുകളും പസിൽസും ബോർഡ് ഗെയിമുമൊക്കെ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നത് അവരുടെ ചിന്തകൾ വികസിക്കാൻ സഹായകമാകും.

8. ജീവിതത്തിലെ വെല്ലുവിളികളെ നേരിടുക
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ചില സാഹചര്യങ്ങളിൽ ധൈര്യപൂർവ്വം കാര്യങ്ങൾ ചെയ്യാനുള്ള കഴിവും കുട്ടികൾക്ക് ഉണ്ടായിരിക്കണം. മാതാപിതാക്കൾ വീട്ടിലില്ലാതെ വരുന്ന ദിവസങ്ങളിൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ഇളയകുട്ടികളുടെ കാര്യങ്ങൾ ചെയ്തു കൊടുക്കാനും പ്രാപ്തിയുണ്ടായിരിക്കണം. സ്വന്തമായി കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുക, വഴിതെറ്റിപ്പോയാൽ മറ്റുള്ളവരോട് ചോദിച്ച് കൃത്യസ്ഥലം കണ്ടെത്തുക, അത്യാവശ്യ ഘട്ടത്തിൽ പോലീസിന്റെയോ മറ്റോ സഹായം തേടാൻ ശ്രമിക്കുക തുടങ്ങി പുറംലോകവുമായി ബന്ധപ്പെട്ട് ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ കുട്ടികൾക്ക് കഴിയണം.

9. സാങ്കേതിക പരിജ്ഞാനം
ഈ ഡിജിറ്റല്‍ യുഗത്തിൽ ടെക്നോളജിയുമായി ബന്ധപ്പെട്ട സാമാന്യവിവരം എല്ലാ കുട്ടികൾക്കും ഉണ്ട് എന്നതാണ് സത്യം. ഇല്ലെങ്കിൽ, ഉണ്ടായിരിക്കണം. നല്ല രീതിയിൽ ടെക്നോളജിയെ ഉപയോഗപ്പെടുത്തിയാൽ, അറിവിന്റെ വിശാലമായ വാതായനങ്ങൾ തുറന്നു കിട്ടുകയും ചെയ്യും. ഇന്റർനെറ്റിൽ നിന്നും മ്യൂസിക് ഡൗൺലോഡ് ചെയ്യുക, ഗെയിംസ് കളിക്കുക, പഠനപരമായ കാര്യങ്ങൾ ബ്രൗസ് ചെയ്ത് കണ്ടെത്തുക, പി.ഡി.എഫ് ബുക്കുകൾ വായിക്കുക തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചു കൊടുക്കണം. കൂടാതെ ഇന്റർനെറ്റ് ദോഷകരമായി ഉപയോഗിച്ചാലുള്ള പരിണതഫലങ്ങളെക്കുറിച്ചും കുട്ടികൾ ബോധവാന്മാരായിരിക്കണം.

10. പൗരബോധം
ഈ സമൂഹത്തിൽ ഒരു പൗരനായി ജീവിക്കുമ്പോഴുള്ള ഓരോരുത്തരുടേയും കടമകളും കുട്ടികൾ അറിഞ്ഞിരിക്കണം. ഭരിക്കുന്ന സർക്കാറിനെക്കുറിച്ചും അവരുടെ നയങ്ങൾ, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ, സർക്കാർ നടപടികളോട് എങ്ങനെ പെരുമാറണം, സമൂഹത്തിലെ മറ്റുള്ളവർക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ എങ്ങനെ ജീവിക്കണം, അടിസ്ഥാനപരമായി പാലിക്കേണ്ട നിയമങ്ങൾ തുടങ്ങിയ പൗരബോധം കുട്ടികളില്‍ ഉണ്ടായിരിക്കണം. ആനുകാലിക സംഭവങ്ങളെക്കുറിച്ച് സാമാന്യബോധം ഉണ്ടാകുന്നതിന് വേണ്ടി പത്രവായന ശീലിക്കാനും വാർത്ത കാണുന്നതിനും കുട്ടികൾക്ക് അവസരമുണ്ടാക്കി കൊടുക്കണം.

ഈ മികവുറ്റ കഴിവുകൾ നിങ്ങളുടെ മക്കൾക്കുണ്ടെങ്കിൽ അത് നിങ്ങൾ ശീലിപ്പിച്ച് പിന്തുടരുന്നുണ്ടെങ്കിൽ, നിങ്ങളല്ലേ സൂപ്പർ പാരന്റ്സ്. നിങ്ങളുടെ മക്കളല്ലേ സൂപ്പർ കിഡ്സ്.