ഈ കുഞ്ഞിന്റെ വിഡിയോ കള്ളമാണ്; ഇവരെ ഇനിയും വേദനിപ്പിക്കരുതേ

കൈയിൽ കിട്ടുന്നത് എന്തും മുന്നുംപിന്നും നോക്കാതെ പങ്കുവെക്കുന്നത് സമൂഹമാധ്യമങ്ങളുടെ ദൂഷ്യവശങ്ങളിലൊന്നാണ്. ജീവിച്ചിരിക്കുന്നവരെ പോലും ഇത്തരത്തിൽ സമൂഹമാധ്യങ്ങൾ കൊല്ലാക്കൊല ചെയ്യാറുണ്ട്. സമാനമായി സമൂഹമാധ്യമങ്ങളുടെ ഇരയായി മാറിയിരിക്കുകയാണ് ബാലഭാസ്കറിന്റെ മകൾ തേജസ്വനി. ‘ബാലഭാസ്കറിന്റെ മകൾ തേജസ്വിനിയുടെ പാട്ട് കേൾക്കൂ’ എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോയാണ് ബാലഭാസ്കറിന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നത്.

ചന്ദനമണിവാതിൽ പാതി ചാരി ഗനം പാടുന്ന കുഞ്ഞുഗായികയുടെ വിഡിയോയാണ് തേജസ്വനിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. വിഡിയോയിൽ കാണുന്ന കുഞ്ഞിനെ ചിത്ര ഉൾപ്പടെയുള്ള ഗായകർ നേരിട്ട് അഭിനന്ദിച്ചിട്ടുള്ളതാണ്. തേജസ്വനിയാണെന്ന തരത്തിൽ മറ്റൊരു കുഞ്ഞിന്റെ വിഡിയോയാണ് വൈറലാകുന്നത്.

‘ഈ വി‍ഡിയോയിലുള്ളത് തേജസ്വിനിയല്ല, ദയവു ചെയ്ത് ജീവിച്ചിരിക്കുന്ന ആ കുട്ടിയെ കൊല്ലരുത്’– ചിലർ കമന്റുകളിലൂടെ സത്യാവസ്ഥ അറിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. ‘ഭൂമിയിൽ നിന്ന് പോയാലും ആ കുഞ്ഞിനെ ഇവൻമാർ വെറുതെ വിടില്ലെന്ന്’ മറ്റൊരു കമന്റ്. ഈ കമന്റുകളൊന്നും ശ്രദ്ധിക്കാതെ വിഡിയോ പങ്കുവെക്കുന്നവരുടെ എണ്ണം കൂടുകയാണ്. തേജസ്വനി മോളെ ഇനിയും കൊല്ലാക്കൊല ചെയ്യരുതെന്നാണ് കുഞ്ഞിനെ ലാളിച്ച് കൊതിതീരാത്തവരുടെ അപേക്ഷ.