സ്കൂളിലെ പ്രണയവേവലാതികളിൽ നേർവഴി കാട്ടാം

‌ഡോ. സി.ജെ. ജോൺ

പതിനഞ്ചു വയസ്സുള്ള ഏകമകന് പതിമൂന്നു വയസ്സുകാരിയോടു കടുത്ത പ്രണയം. അവളെത്തന്നെ കല്യാണം കഴിക്കണമെന്നാണു നിർബന്ധം. നിഷേധിച്ചാൽ തീരെ സഹിക്കില്ല. നല്ലപോലെ പഠിച്ച് ജോലിയൊക്കെ കിട്ടിക്കഴിയുമ്പോൾ കല്യാണം കഴിപ്പിക്കാമെന്നു സമ്മതിച്ച് മയപ്പെടുത്തിനിർത്തിയിരിക്കുകയാണ്. അവളുമായി അതുവരെ മിണ്ടാൻ പാടില്ലെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അവർ തമ്മിൽ സംസാരിക്കാറുണ്ട്. സ്കൂളിൽ നിന്നു പരാതിയുണ്ട്. എന്താണു ചെയ്യേണ്ടത്?

– എസ്.ജി. പാപ്പിനശ്ശേരി

കൗമാരത്തിലെ ക്ഷണിക പ്രണയങ്ങൾ അഥവാ ‘പപ്പി ലവ്’ വർധിച്ചുവരുന്നു. പ്രേമിക്കാൻ ഒരു ബോയി ഫ്രണ്ടോ ഗേൾ ഫ്രണ്ടോ ഇല്ലെങ്കിൽ കുറച്ചിലാണെന്ന മട്ടിലുള്ള വിചാരങ്ങളും വളർന്നുവരുന്നു. എതിർ ലിംഗത്തിലുള്ളവരോടുള്ള ആകർഷണത്തിൽ നിന്ന് ഉടലെടുക്കുന്ന ഇത്തരം ചങ്ങാത്തങ്ങൾ മാതാപിതാക്കൾക്കും സ്കൂൾ അധികൃതർക്കും തലവേദനയാകാറുണ്ട്. കല്യാണം കഴിച്ചേ അടങ്ങൂവെന്ന വാശിയോടെയുള്ള ഇവന്റെ പ്രണയലഹരി പക്വമല്ല. ഒരു കളിപ്പാട്ടം വാഗ്ദാനം ചെയ്യുന്ന ലാഘവത്തോടെ നിർബന്ധബുദ്ധിയെ മയപ്പെടുത്താനായി ഇത് സമ്മതിച്ചുകൊടുക്കുന്ന നിലപാടിലുമുണ്ട് തകരാറ്. പഠിച്ച് ജോലിയായിക്കഴിഞ്ഞെന്ന നിബന്ധനയ്ക്കൊരു കുഴപ്പമുണ്ട്. ഇവന്റെ പ്രണയം നിരാകരിച്ചാലുണ്ടാകിനിടയുള്ള താൽക്കാലിക വൈകാരിക വിക്ഷോഭങ്ങളെ ഒഴിവാക്കാനായി പ്രയോഗിക്കുന്ന ഈ തന്ത്രം, ഈ ബന്ധത്തിന്റെ പ്രകൃതത്തെ പരോക്ഷമായി അംഗീകരിക്കുകയാണു ചെയ്യുന്നത്. സ്വാഭാവികമായും ബന്ധം പഴയമട്ടിൽ തന്നെ തുടരുന്നു.

കൗമാരസഹജമായ പ്രണയവേവലാതികളെ പക്വമായി കൈകാര്യം ചെയ്ത് ആരോഗ്യകരമായ ആൺ–പെൺ സൗഹൃദത്തിലേക്ക് ഗതിമാറ്റിവിടുകയാണു വേണ്ടത്. പ്രേമമെന്നു കേട്ടാൽ അരിശം വരുന്ന മുതിർന്നവർക്ക് ഇത്തരമൊരു സാഹചര്യത്തെ ശാന്തമായി നേരിടാൻ പറ്റാതെപോകുന്നു. കുട്ടികൾ ഇമ്മാതിരി പ്രണയങ്ങളിലേക്കും ആകർഷണങ്ങളിലേക്കും പോകുന്നത് നേരത്തേ തിരിച്ചറിയണം. ആശ്രയത്വം മൂർച്ഛിച്ച് ഇതൊരു ലഹരിയായി പടർന്നുകയറിക്കഴിഞ്ഞാൽ പിന്നെ ക്ലേശകരമാകും. ഇത്തരം ഇഷ്ടങ്ങൾ പൊട്ടിമുളയ്ക്കുമ്പോൾ അതു മാതാപിതാക്കളോടു പങ്കുവയ്ക്കാൻപോന്ന അടുപ്പം ഉണ്ടാകുന്നതാണ് മാതൃകാപരം. ഏതെങ്കിലുമൊരു ചങ്ങാതിയോട് വല്ലാത്ത ആശ്രയത്വം കാട്ടുകയും ആ കുട്ടിയുമായുള്ള ഇടപാടുകളിൽ രഹസ്യസ്വഭാവം പ്രകടമാക്കുകയും ചെയ്താൽ ശ്രദ്ധിക്കണം. ഫോണിലൂടെയും കംപ്യൂട്ടറിലൂടെയുമുള്ള സൊറപറച്ചിൽ നിരീക്ഷിച്ചാൽ കൂട്ടുകെട്ടിന്റെ പ്രകൃതമറിയാം. ചില കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകാം. വല്ലാത്ത വിഷമവും ആത്മഹത്യാ പ്രവണതയുമൊക്കെ കാണിക്കാം. ഇതൊക്കെ പ്രണയ വിഹ്വലതകളാണെന്നു തിരിച്ചറിഞ്ഞാൽ ഉടൻ വടിയെടുക്കുന്ന സമീപനം പാടില്ല.

ഈ പ്രായത്തിലെ സവിശേഷതയാണ് ഇതെന്ന് അംഗീകരിക്കുക. എന്തുകൊണ്ട് ഈ പ്രണയവിചാരമെന്ന് കുട്ടി തുറന്നുപറയട്ടെ. തനിക്കുമുണ്ട് ഒരു പ്രേമഭാജനമെന്ന് സമപ്രായക്കാരോട് മേനി പറയാൻവേണ്ടിയാകാം. തന്നെയാരും സ്നേഹിക്കുന്നില്ലെന്ന നൈരാശ്യത്തിൽ കിട്ടിയ പിടിവള്ളിയായിരിക്കാം. തിളച്ചുമറിയുന്ന ലൈംഗികതയുടെ ഭാവങ്ങളും ഉണ്ടായിരിക്കാം. കൗമാര മനസ്സിന്റെ കോളിളക്കങ്ങളിൽ സമർഥമായി തുഴഞ്ഞുനീങ്ങാനും ഈ പ്രായത്തിന്റേതായ പഠനങ്ങളുൾപ്പെടെയുള്ള മുൻഗണനകളിലും മൂല്യവിചാരങ്ങളിലും ഊന്നൽ നൽകാനും കുട്ടികളെ പ്രാപ്തരാക്കാം. അവരുടെ സ്വതന്ത്ര ചിന്തകളെയും പ്രണയഭാവങ്ങളെയും നിരാകരിക്കാതെതന്നെ ഇതൊക്കെ ചെയ്യാവുന്നതാണ്.