ലോകം കയ്യടിക്കുന്നു, ഈ അധ്യാപകന്! | Teacher Microsoft Word On Blackboard | Parenting

ലോകം കയ്യടിക്കുന്നു, ഈ അധ്യാപകന്!

കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതിനായി പലവഴികൾ പരീക്ഷിക്കുന്ന അധ്യാപകരുണ്ട്. രസകരവും വ്യത്യസ്തവുമായ രീതികളിലൂടെ പഠനകാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന നിരവധി അധ്യാപകരെ നമ്മൾ കണ്ടിട്ടുമുണ്ട്. ഏറെ വ്യത്യസ്തമായ ഒരു പഠന പ്രവർത്തനത്തിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കുന്ന ഒരു അധ്യാപകനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കമ്പ്യൂട്ടറുകളിലെ പ്രോഗ്രാമുകൾ അതേപടി ക്ലാസ്സിലെ ബോർഡിൽ വരച്ചാണ് ഈ അധ്യാപകൻ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും കംപ്യൂട്ടറുകൾ എന്നത് ഇന്നും അപ്രാപ്യമായ ഒന്നാണെങ്കിലും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്റെ മുഖംതന്നെ ഇന്ന് കംപ്യൂട്ടറുകളുടെ സഹായത്താൽ ഏറെ മാറിയിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ എല്ലാ ഗുണങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇന്ന് അവിടെയുള്ള ഭൂരിപക്ഷം സ്കൂളുകളുടെയും പ്രവർത്തനം. എന്നാൽ ഒരു ലൈബ്രറി പോലുമില്ലാത്ത നിരവധി വിദ്യാലങ്ങളുള്ള അവികസിതരാജ്യങ്ങൾ നമ്മുടെ ലോകത്തുണ്ട്. തങ്ങൾക്കു സാമ്പത്തികമായി വളരെ പരിമിതികളുണ്ടെങ്കിലും തങ്ങളുടെ കുട്ടികൾക്ക് മികച്ച അറിവ് പ്രദാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അധ്യാപകർ ആ രാജ്യങ്ങളിലെല്ലാമുണ്ടെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഘാനയിൽ നിന്നുള്ള ഈ അധ്യാപകൻ. സമൂഹമാധ്യമങ്ങളിൽ ഇന്നേറെ ശ്രദ്ധ നേടുന്നുണ്ട് ഈ അധ്യാപകന്റെ ചിത്രങ്ങൾ.

മൈക്രോസോഫ്ട് വേർഡ് പഠിപ്പിക്കാനായി കംപ്യൂട്ടറുകൾ ഇല്ലാത്തതു കൊണ്ട് ക്ലാസ്സിലെ കറുത്ത ബോർഡിൽ ചോക്കുപയോഗിച്ചു, ഒരു വേർഡിന്റെ പേജ് എപ്രകാരമാണോ കമ്പ്യൂട്ടറിൽ തെളിയുന്നത് അത് അതേപടി വരച്ചാണ് ഈ അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് മൈക്രോസോഫ്ട് വേർഡിന്റെ അനന്ത സാധ്യതകളെ കുറിച്ച് ക്ലാസുകൾ എടുക്കുന്നത്. ഘാനയിലെ കുമസി എന്ന പ്രദേശത്തെ ഔഉറ ക്വഡോ എന്ന അധ്യാപകനാണ് ഇൻഫർമേഷൻ ടെക്നോളോജിയുടെ പാഠഭാഗങ്ങൾ തന്റെ വിദ്യാർത്ഥികൾക്ക് ഇപ്രകാരം വരച്ചു വിശദീകരിച്ചു നൽകുന്നത്.

കംപ്യൂട്ടറുകൾ ഇല്ലെങ്കിലും താൻ എന്താണ് പഠിപ്പിക്കുന്നതെന്നു തന്റെ കുട്ടികൾക്ക് മനസിലാകുന്നതിന് വേണ്ടിയാണു ഇപ്രകാരമൊരു രീതി സ്വീകരിച്ചതെന്നും ഇങ്ങനെയൊരു ചിത്രം നൽകുന്നതിലൂടെ അത്രയെങ്കിലും തന്റെ കുട്ടികൾക്ക് ആ കാര്യത്തെക്കുറിച്ചു അറിവ് ലഭിക്കുമല്ലോ എന്നാണ് താൻ ചിന്തിക്കുന്നതെന്നും ക്വഡോ പറയുന്നു. എന്തായാലും ആ അധ്യാപകൻ പഠിപ്പിക്കുന്ന രീതി കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാണ്. കാര്യങ്ങൾ മികച്ചരീതിയിൽ മനസിലാക്കിയെടുക്കാനും വിദ്യാർത്ഥികൾക്ക് എളുപ്പം കഴിയുന്നുണ്ട്.

ക്വഡോയുടെ കഠിനപ്രയത്‌നത്തിനും അർപ്പണമനോഭാവത്തിനും സമൂഹമാധ്യമങ്ങൾ നിറഞ്ഞ കൈയ്യടിയാണ് നൽകുന്നത്. സാങ്കേതികവിദ്യ ഏറെ മാറിക്കൊണ്ടിരിക്കുന്നുവെങ്കിലും ഘാന പോലുള്ള വികസ്വരരാജ്യങ്ങൾക്കു അവ അപ്രാപ്യമായതുകൊണ്ടുതന്നെ ഒരു അധ്യാപകന്റെ ഇത്തരത്തിലുള്ള പ്രവർത്തങ്ങൾ എല്ലാകാലത്തും ശ്ലാഘനീയമാണ്.