ലോകം ഈ അധ്യാപികയ്ക്ക് കയ്യടിക്കുന്നു; അതിനൊരു കാരണമുണ്ട്!

ടീച്ച് അമേരിക്ക എന്ന സോഷ്യൽ സർവീസ് സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുകയായയിരുന്നു 26 വയസുകാരി ചെൽസിയ ഹീലി എന്ന യുവതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്കൂളിലെ അധ്യാപികയുമായിരുന്നു അവർ. സ്കൂളുകളിലെ കുരുത്തംകെട്ട കുട്ടികൾ എന്നും അധ്യാപകർക്ക് തലവേദനയാണല്ലോ.. അതുപോലെ അധ്യാപകർക്കും കുട്ടികൾക്കും തലവേദനയായ ഒരു കുട്ടി ആ സ്കൂളിലുമുണ്ടായിരുന്നു. ജെറോം റോബിൻസണെന്ന ആ പന്ത്രണ്ട് വയസുകാരനെ പല തവണ സ്കൂളിൽ നിന്നും സസ്പെന്‍ഡ് ചെയ്യുക പതിവായിരുന്നു.

ആരു പറഞ്ഞാലും അനുസരിക്കാത്ത പ്രകൃതമായിരുന്നു അവന്റേത്. എന്നാൽ ചെൽസിയയുമായി അവൻ പതിയെ അടുത്തു. അവനെ അടക്കിയിരുത്താൻ ആ ടീച്ചർക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ ചെൽസിയുടെ ആ സ്കൂളുമായുള്ള കാലവധി കഴിയാറായപ്പോൾ ജെറോമിന്റ നൻമയ്ക്കായി അവരോട് ആ സ്കൂളിൽത്തന്നെ തുടരാൻ സ്കൂൾ അധികൃതര്‍ ആവശ്യപ്പെട്ടു.ചെൽസിയ അവന്റെ ചുറ്റുപാടുകളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. തീരെ സാമ്പത്തികശേഷിയില്ലാത്ത ഒരു കുടുബത്തിലെ കുട്ടിയാണവൻ. അച്ഛനില്ലാത്ത അവൻ അമ്മയ്ക്കും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്. ജെയ്സ് എന്ന ഒരു കുഞ്ഞനുജനുമുണ്ടവന്. അവന്റെ ജീവിത സാഹചര്യങ്ങളാണ് അവനിലെ കുഴപ്പക്കാരനു കാരണമെന്ന് ചെൽസിയയ്ക്ക് മനസിലായി.

അവനെയോര്‍ത്ത് ഉറക്കം നഷ്ടപ്പെട്ട ചെൽസിയ അവസാനം എടുത്ത തീരുമാനമാണ് അഭിന്ദനാർഹം. ജെറോമിന്റെ അമ്മയുടെ സമ്മതത്തോടെ അവനേയും അവന്റെ കുഞ്ഞനുജനേയും നിയമപരമായി ദത്തെടുക്കുകയായിരുന്നു ആധ്യാപികയുടെ ആ ധീരമായ തീരുമാനം.

വെറും ഇരുപത്തിയാറാമത്തെ വയസിൽ 12 വയസുകാരന്റേയും കുഞ്ഞനുജന്റേയും അമ്മയാകുക എന്ന തീരുമാനം ചെൽസിസയെ ലോക പ്രശസ്തയാക്കി. ജെറോം ഇപ്പോൾ നന്നായി പഠിക്കുന്നുണ്ടെന്നും സ്കൂളിൽ അവനെക്കുറിച്ച് ഇപ്പോൾ യാതൊരു പരാതികളുമില്ലെന്നും അവർ പറയുന്നു. സ്കോളർഷിപ്പോടെ കൊളജ് വിദ്യാഭ്യാസം നേടുക എന്നതാണ് ജെറോമിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

ചെൽസിയയുടെയും കുട്ടികളുടേയും കഥ സോഷ്യൽമീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ധാരാളമാളുകൾ ജെറോമിന്റേയും ജെയ്സിന്റേയും വിദ്യാഭ്യാസ ചിലവുകൾക്ക് സഹായവാഗ്ദാനം നൾകുന്നുണ്ട്.

അലമ്പൻമാരായ കുട്ടികളെ അവഗണിക്കാതെ അൽപം കരുതലും സ്നേഹവും നൾകിയാൽ അവരുടെ ജീവിതെ തന്നെ മാറ്റിമറിക്കാം എന്ന വലിയ സന്ദേശമാണ് ചെൽസിയ എന്ന അധ്യാപിക നൽകുന്നത്.