കുട്ടികളെ എപ്പോള്‍ മുതലാണ് സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടുത്തേണ്ടത്!

കാശിന്റെ വില അറിഞ്ഞു വേണം കുട്ടികൾ വളരാൻ. ഓരോ രൂപയുടെയും മൂല്യവും അതെങ്ങനെ മാതാപിതാക്കൾ സമ്പാതിച്ചുവെന്നും കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം. കളിക്കോപ്പുകൾക്കും മറ്റും വേണ്ടി വാശിപിടിച്ചു കരയുന്ന കുട്ടികളുണ്ട്. കുട്ടികളേയും കൊണ്ട് കടകളിൽ പോകുമ്പോൾ മിക്ക മാതാപിതാക്കളും അനുഭവിച്ചിട്ടുണ്ടാകും ഇത്തരം പ്രശ്നങ്ങൾ. എന്നാൽ കുട്ടികളെ എപ്പോള്‍ മുതലാണ് സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടുത്തേണ്ടതെന്നും പറഞ്ഞു മനസിലാക്കേണ്ടതെന്നും പലർക്കുമറിയില്ല. ചെറു പ്രായംതൊട്ടേ കുട്ടികളെ ഇത്തരം കാര്യങ്ങളിൽ ബോധവാൻമാരാക്കണം. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടുത്താൻ പറ്റിയ പ്രായം ഹൈസ്ക്കൂൾ കാലം തൊട്ടാണ്.

പണം സമ്പാതിക്കുന്നതിനൊപ്പം അതെങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കണമെന്നും അവരെ പഠിപ്പിക്കാം. പണം അമിതമായി ചെലവാക്കുന്ന സ്വഭാവമാണോ അതോ പണം നന്നായി സൂക്ഷിക്കുന്ന രീതിയാണോ കുട്ടിക്കെന്ന് മാതാപിതാക്കൾ‍ മനസിലാക്കണം. രണ്ട് രീതിയും പൂർണമായി ശരിയാണെന്നും തെറ്റാണെന്നും പറയാനാവില്ല എങ്കിലും പണം സേവ് ചെയ്യുന്നതും ചിലവാക്കുന്നതും ശരിയായ കാര്യത്തിനാവണമെന്ന് ഉറപ്പു വരുത്താം. പണം അമിതമായി ചെലവാക്കുന്ന സ്വഭാവമാണെങ്കിൽ വരവിനനുസരിച്ച് മാത്രം ചിലവാക്കാൻ ശീലിപ്പിക്കാം. കൈയ്യിലുള്ള പണത്തിനപ്പുറമുള്ള ആവശ്യങ്ങൾ, അനാവശ്യമാണെന്ന് പറഞ്ഞു പഠിപ്പിക്കാം. അവരുടെ പോക്കറ്റ് മണിയിൽ നിന്നും അവർക്കാവശ്യമുള്ള കാര്യങ്ങൾക്കുള്ള ബജറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടാം.

അതുപോലെ പഠനത്തോടൊപ്പം ചെറിയ ജോലികളിലൂടെ പണം സമ്പാതിക്കാൻ ശീലിപ്പിക്കാം. സമ്പാതിക്കുന്നതിനൊപ്പം പണം എങ്ങനെ വർദ്ധിപ്പിക്കണമെന്നറിയാൻ ബാങ്ക് സേവിങ്സിനെ കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കാം. കുട്ടികൾ പഠനത്തിനും മറ്റും വീട് വിട്ട് ജിവിക്കേണ്ട സാഹചര്യം വരുമ്പോൾ അവർ സാമ്പത്തിക കാര്യങ്ങളിൽ നല്ല പിടിപ്പുണ്ടായിരിക്കണം. അങ്ങനെ സാമ്പത്തിക കാര്യങ്ങളിൽ കുട്ടികളിൽ നല്ല അടിത്തറ ഹൈസ്ക്കൂൾ കാലഘട്ടത്തിൽ തന്നെ നൾകാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കാം.