തൈമൂർ ഇപ്പോൾ സെയ്ഫിനെ ഉമ്മ വയ്ക്കാറില്ല!

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂറിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് ഒരു പ്രത്യക ഇഷ്ടമാണ്. കുഞ്ഞു നവാബിന് മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരുമുണ്ട്. കരീനയും സെയ്ഫും തൈമൂറിന്റെ ഒരോ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സെയ്ഫ് തൈമൂറിനെ കുറിച്ച് പറഞ്ഞതുകേട്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് തൈമൂറിന്റെ ആരാധകർ.

ഈയിടെയായി തൈമൂർ തനിക്ക് കവിളിൽ ഉമ്മ തരാറില്ലെന്നാണ് സെയ്ഫിന്റെ പരാതി. തൈമൂർ മാത്രമല്ല കരീനയും കൊടുക്കാറില്ലത്രേ. അതിന്റെ കാരണമാകട്ടെ രസകരവും. തന്റെ പുതിയ സിനിമയ്ക്കായി താടിവളർത്തിയതാണ് ഉമ്മ കിട്ടാത്തതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. താടിരോമങ്ങൾ മുഖത്ത് കൊള്ളുന്നത് കക്ഷിക്ക് തീരെ പിടിക്കുന്നില്ലത്രേ. കഴിഞ്ഞ ആറുമാസമായി സെയ്ഫ് താടി വളർത്തുന്നുണ്ട്. ഇത് നമ്മുടെ കൊച്ചു നവാബിന് അത്ര പിടിച്ചില്ലത്രേ.

തന്റെ കൈയിൽ വേണമെങ്കിൽ ഉമ്മ തരാമെന്ന മട്ടാണ് തൈമൂറിനെന്നും ഉമ്മയ്ക്കായി മുഖം നീട്ടിയാൽ കക്ഷി തലതിരിച്ച് തന്റെ അനിഷ്ടം കാണിക്കുമെന്നും സെയ്ഫ് തമാശരൂപേണ പറഞ്ഞു. ഏതായാലും സിനിമയുടെ ഷൂട്ടിങ് തീരുംവരെ പൊന്നുമകന്റെ പക്കൽ നിന്നും ഉമ്മ കിട്ടാൻ യാതൊരു വഴിയുമില്ലെന്നു സാരം.