'എന്നെ ടിം എന്ന് വിളിച്ചാൽ മതി ' ഫൊട്ടോഗ്രാഫറോട് തൈമൂർ ‍

കരീനയുടേയും സെയ്ഫിന്റേയും പുന്നാര മകന് തൈമൂർ എന്ന് പേരിട്ടതിന് ചില്ലറയൊന്നുമല്ല കോലാഹലമുണ്ടായത്. ദുഷ്ടനായ ഭരണാധികാരിയുടെ പേര് മകനിട്ടതിന് കരീനയും സെയ്ഫും പഴികേട്ടതിന് കണക്കില്ല. ഇത്രയും ക്യൂട്ടായ കുഞ്ഞിന് എങ്ങനെ ഇങ്ങനൊരു പേരിടാൻ തോന്നിയെന്ന് പല ആരാധകരും ഇരുവരോടും ചോദിച്ചിരുന്നു. എന്നാൽ തങ്ങളുടെ മകന്റെ പേരിനെ ചൊല്ലിയുണ്ടായ വിവാദം കരീനയ്ക്കും സെയ്ഫിനും അത്ര പിടിച്ചില്ലായിരുന്നു.

ഒരു പേരിനെ ചൊല്ലി ആരും വിവാദമുണ്ടാക്കണ്ടെന്നും തങ്ങള്‍ രണ്ടു പേരും ചേർന്നെടുത്ത പേരാണിതെന്നും ഇരുവരും പലതവണ ആരാധകരോട് പറഞ്ഞിരുന്നു. എന്നാൽ‌ കുഞ്ഞു തൈമൂറിനും ആ പേര് അത്ര പോരെന്നാണ് തോന്നുന്നത്. കഴിഞ്ഞ ദിവസം നാനിക്കൊപ്പം കാറിൽ നിന്നിറങ്ങിയ തൈമൂറിനെ പേരെടുത്തു വിളിച്ച് ശ്രദ്ധയാകർഷിക്കുകയായിരുന്നു ചില ഫോട്ടോഗ്രാഫർമാർ. "തൈമൂർ തൈമൂർ" എന്ന വിളികളോട് കുഞ്ഞിന്റെ പ്രതികരണമായിരുന്നു രസകരം. "ഇത് ടിം ആണ്" എന്നാണ് കുഞ്ഞ് തൈമൂർ അവരോട് പറഞ്ഞത്.

അടുപ്പമുള്ളവരൊക്കെ കുഞ്ഞു നവാബിനെ ടിം എന്നാണ് വിളിക്കുന്നതെന്ന് സെയ്ഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വരുന്ന ഡിസംബറിൽ രണ്ടു വയസ്സു തികയുന്ന തൈമൂർ പാപ്പരാസികളോട് എങ്ങനെ പെരുമാറണമെന്നൊക്കെ പഠിച്ചു കഴിഞ്ഞു. അവരോട് സൗമ്യമായി ഹായ്, ബൈ ഒക്കെ പറഞ്ഞ് അത്യാവശ്യം ഫോട്ടോയ്ക്കും പോസു ചെയ്ത് സ്മാർട്ട് ആയിട്ടാണ് കക്ഷിയുടെ സഞ്ചാരം. തൈമൂർ എവിടെപ്പോയാലും കാണും ആരാധകർ. അതുകൊണ്ടു തന്നെ ഈ ചെറുപ്രായത്തിലേ ഒരു കുട്ടിസ്റ്റാറായി മാറിയിട്ടുണ്ട് തൈമൂർ.