'ഇവർ ഒരുമിച്ചിരുന്നാൽ എന്റെ ഉള്ളിൽ തീ': സെയ്ഫ്

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ സോഷ്യല്‍മീഡിയയുടെ പ്രിയ താരമാണ്. അതുപോലെതന്നെ സെയ്ഫിന്റെ സഹോദരി സോഹ അലി ഖാന്റേയും കുനാൽ ഖേമുവിന്റേയും ക്യൂട്ട് മകൾ ഇനായ നവോമി ഖേമുവിനും ആരാധകരേറെയാണ്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരേയും ഒന്നിച്ച് കാണുന്നത് തന്നെ വിരുന്നാണ്. എന്നാൽ കുടുബത്തോടൊപ്പം ചിലവിടുന്നത് ഒരുപാട് സന്തോഷം നൽകുമെങ്കിലും, ഈ കുസൃതിക്കുരുന്നുകൾ ഒന്നിച്ചിരിക്കുമ്പോള്‍ സെയ്ഫിന്റെയുള്ളിൽ തീയാണത്രേ.

സെയ്ഫിന്റെ കുട്ടിനവാബ് ഒരു ചെറിയ ചട്ടമ്പിയാണെന്നത് തന്നെ കാര്യം. കളിക്കുന്നതൊക്കെ ഇരുവരുമൊന്നിച്ചു തന്നെയാ, പക്ഷേ ഇടയ്ക്കൊന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ത‌ൈമൂർ കുഞ്ഞ് ഇനായയുടെ മുടിപിടിച്ച് നല്ല വലികൊടുക്കും. ഇനായ കുഞ്ഞുകുട്ടിയാണ് പക്ഷേ തൈമൂർ ഒരു കുട്ടി ചട്ടമ്പിയാണെന്നാണ് സെയ്ഫ് പറയുന്നത്.

ഇരുവരുടേയും കളികൾക്കിടയില്‍ തൈമൂർ അവളുടെ മുടിപിടിച്ച് വലിക്കരുതേയെന്നുമാത്രമാണ് തന്റെ ആഗ്രഹമെന്നും സെയ്ഫ് പറയുന്നു. പക്ഷേ ഇരുവരും കളിക്കുമ്പോൾ ചുറ്റിലും നിറയെ ആളുകൾ ഉള്ളതുകൊണ്ട് പേടിക്കാനില്ല. ഇരുവരും നല്ല സുഹൃത്തുക്കളായി വേണം വളരാനെന്നാണ് സോഹ പറയുന്നത്. ഇരുവരും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. തൈമൂർ മൂത്തത് ആയതുകൊണ്ട് ഇനായയെ ചേട്ടനെപ്പോലെ സംരക്ഷിച്ച് എപ്പോഴും അവളുടെ കൂടെക്കാണുമെന്നും സോഹ പറയുന്നു. അതുപോലെ തൈമൂറും ഇനായയും സാധാരണകുട്ടികളാണെന്നും അവരെ മാധ്യമങ്ങൾ ഇങ്ങനെ പിന്തുടരുന്നതിലും സോഹ തന്റെ അസംതൃപ്തി നേരത്തെ അറിയിച്ചിരുന്നു.