സുസ്മിത സെന്നിന്റെ സൂപ്പർ പേരന്റിങ് മന്ത്രങ്ങൾ | Susmitha Sen Parenting Tips | Parenting

സുസ്മിത സെന്നിന്റെ സൂപ്പർ പേരന്റിങ് മന്ത്രങ്ങൾ

സൂപ്പർ സ്ട്രോങ് എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യയായ സെലിബ്രിറ്റി അമ്മയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. ശക്തമായ തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. സുസ്മിത സെന്നിന്റെ ചില പേരന്റിങ് മന്ത്രങ്ങളിതാ.. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. ഇന്നു തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം.

സിംഗിൾ പേരന്റിങ് സൂപ്പറാ
കുട്ടികളുടെ ജീവിതത്തിൽ അച്ഛന്റേയും അമ്മയുടേയും സാമീപ്യം അനിവാര്യമാണ്. എന്നാൽ ഇതിൽ ഒരാളുടെ അഭാവത്തിൽ യാതൊരു പ്രശ്നങ്ങളും കൂടാതെ കുട്ടികളെ വളർത്തുക എന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. ഒറ്റയ്ക്ക് കുട്ടുകളെ വളർത്തുക എന്നത് അത്ര എളുപ്പമല്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ടെങ്കിലും അത് അസാധ്യമായ ഒന്നല്ല എന്ന് അവർ പറയുന്നു. അൽപം ശ്രമകരമാണെങ്കിലും ഭംഗിയായി ചെയ്യാവുന്ന ഒന്നാണ് സിംഗിൾ പേരന്റിങ് എന്ന് ഇവർ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

കുട്ടികളോട് സത്യസന്ധരാകാം
എന്ത് കാര്യത്തിലായാലും കുഞ്ഞുങ്ങളോട് സത്യസന്ധത പുലർത്തണം. അവർ പല കാര്യത്തിലും അമിത ആകാംഷ കാണിക്കുക സാധാരണമാണ്, അപ്പോൾ തെറ്റായ ഉത്തരങ്ങൾ നൽകാതെ അവർക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കാം. അതൽപം ക്രിയേറ്റീവ് ആയി പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും.

തമാശയും അച്ചടക്കവും അത്യാവശ്യം
ജീവിതത്തിൽ അച്ചടക്കം നിർബന്ധമാണീ അമ്മയ്ക്ക്. ആദ്യമൊക്കെ താൻ വളരെ കർക്കശക്കാരിയായ അമ്മയായിരുന്നെങ്കിലും ഇപ്പോൾ അതിൽ അയവ് വന്നിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു സുസ്മിത. എങ്കിലും വേണ്ട സമയത്ത് താൻ സ്ട്രിക്ടായ അമ്മ തന്നെയെന്ന് അവർ പറയുന്നു. കുട്ടികൾക്ക് വിനോദം നിറഞ്ഞ അവധിക്കാലം സമ്മാനിക്കുന്നതിൽ മിടുക്കിയാണീ അമ്മ.

മാർക്കല്ല അറിവാണ് പ്രധാനം
മക്കൾ നേടുന്ന മാർക്കിനേക്കാൾ അവർ എത്രമാത്രം അറിവുള്ളവരായി വളരുന്നു എന്നതിനാണ് ഇവർ പ്രാമുഖ്യം കൊടുക്കുന്നത്. അറിവാണ് ഏറ്റവും വലിയ സ്വത്തെന്നാണ് അവർ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നത്.

അവർ സ്വപ്നം കാണട്ടെ
വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും അത് നേടിയെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.