മക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് സുസ്മിത!‍

സൂപ്പർ സ്ട്രോങ് എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യയായ സെലിബ്രിറ്റി അമ്മയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. ശക്തമായ തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. ഇന്നു തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം.

42 കാരിയായ സുസ്മിത അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് മക്കൾക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ്. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാൻ സുസ്മിതയുടെ സുഹൃത്തും ഫാഷൻ മോഡലുമായ രോഹ്മൻ ഷാവ്ലും എത്തിയിരുന്നു. ഇതിൽ അലീഷയുടെയും റെനിയുടെയും നൃത്ത വീഡിയോ വൈറലാണ്. അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.

ഇന്നു തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം. ഇവർക്കൊപ്പമുള്ള പല നിമിഷങ്ങളും സുസ്മിത തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ നവരാത്രി ആഘോഷങ്ങൾക്കിടിയില്‍ മക്കളുമൊത്തുള്ള ഒരു നൃത്തത്തിന്റെ വിഡിയോയും വൈറലായിരുന്നു. സുസ്മിത തന്റെ പെൺമക്കൾക്കൊപ്പം പരമ്പരാഗത നൃത്തം വയ്ക്കുന്ന വിഡിയോ ആയിരുന്നു അത്. നവരാത്രി ആഘോഷങ്ങളില ദുർഗാപൂജയിലാണ് ഇത്തരം നൃത്തം സാധാരണ അവതരിപ്പിക്കുന്നത്.

കുട്ടികളുടെ ജീവിതത്തിൽ അച്ഛന്റേയും അമ്മയുടേയും സാമീപ്യം അനിവാര്യമാണ്. എന്നാൽ ഇതിൽ ഒരാളുടെ അഭാവത്തിൽ യാതൊരു പ്രശ്നങ്ങളും കൂടാതെ കുട്ടികളെ വളർത്തുക എന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. ഒറ്റയ്ക്ക് കുട്ടികളെ വളർത്തുക എന്നത് അത്ര എളുപ്പമല്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ടെങ്കിലും അത് അസാധ്യമായ ഒന്നല്ല എന്ന് അവർ പറയുന്നു. അൽപം ശ്രമകരമാണെങ്കിലും ഭംഗിയായി ചെയ്യാവുന്ന ഒന്നാണ് സിംഗിൾ പേരന്റിങ് എന്ന് ഇവർ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.