അച്ഛൻ എന്ന നിലയ്ക്ക് സൂര്യക്ക് നൂറിൽ നൂറു മാർക്കുമായി ജ്യോതിക!‌‌

സൂര്യ-ജ്യോതിക താരദമ്പതികളുടെ ജീവിതം ആരാധകരും സിനിമാതാരങ്ങളും ഒരേ പോലെ മാതൃകയാക്കുന്ന ഒന്നാണ്. വിവാഹശേഷം തിരക്കിട്ട അഭിനയ ജീവിതത്തിൽ നിന്നും ജ്യോതിക വിട്ടു നിന്നപ്പോഴും താരദമ്പതികളുടെ ജീവിതം ആരാധകർക്ക് സന്തോഷം പകർന്നു. ഇപ്പോൾ തമിഴകമാകെ ചർച്ച ചെയ്യപ്പെടുന്നത് സൂര്യയും ജ്യോതികയും മക്കളെ നോക്കുന്ന രീതിയാണ്. 

സൂര്യ ജ്യോതിക ദമ്പതിമാർക്ക് രണ്ട് കുട്ടികളാണ്. ദിയ എന്ന പെൺകുട്ടിയും ദേവ് എന്ന ആൺകുട്ടിയും. താരദമ്പതികളുടെ മക്കൾ എന്ന ലേബലിലല്ല അവരെ മാതാപിതാക്കൾ വളർത്തുന്നത് എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. വീട്ടിൽ സെലിബ്രിറ്റി ഇമേജ് ഒട്ടുമില്ലാത്ത അച്ഛനും അമ്മയുമാണ് തങ്ങൾ എന്ന് ജ്യോതിക പറയുന്നു. 

ഒരു അച്ഛൻ എന്ന നിലയിൽ സൂര്യക്ക് നൂറിൽ നൂറു മാർക്കാണ് ജ്യോതിക നൽകാൻ ആഗ്രഹിക്കുന്നത്. അതിനു വ്യക്തമായ കാരണവും ഉണ്ട്. തന്നെ പോലെ വളരെ സ്ട്രിക്റ്റ് ആയ പേരന്റല്ല സൂര്യ എന്ന് ജ്യോതിക പറയുന്നു. മക്കളോട് ഏറെ സൗഹൃദത്തോടെയാണ് സൂര്യ ഇടപഴകുന്നത്. എത്ര തിരക്കുള്ള ദിവസവും അവർക്കൊപ്പം കളിക്കാനും ടിവി കാണാനും ഒക്കെയായി സമയം കണ്ടെത്തുന്നുണ്ട് സൂര്യ. 

സൂര്യ ഒരു പെർഫെക്ട് അച്ഛനാണെന്നാണ് ജോയുടെ അഭിപ്രായം. കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിലും അവരെ പഠിക്കാൻ സഹായിക്കാനും എന്തിനേറെ അവരെ ഉറക്കുന്നതുപോലും സൂര്യ ഏറെ ആസ്വദിച്ചു ചെയ്യുമത്രേ. ഞായറാഴ്ചകളിലെ ഷൂട്ടിംങ് കഴിവതും ഒഴിവാക്കി കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ സൂര്യ ശ്രദ്ധിക്കാറുണ്ട്.

അതേ സമയം താൻ വീട്ടിൽ ഒരു കർക്കശക്കാരിയായ അമ്മയാണ്. കളി, പഠനം, ഭക്ഷണം തുടങ്ങി എല്ലാ കാര്യത്തിലും എനിക്ക് എന്റേതായ നിയമങ്ങളും തീരുമാനങ്ങളും ഉണ്ട്. ഹോംവർക്ക് നിർബന്ധിച്ചു ചെയ്യിക്കുക, ജീവിതത്തിൽ കൃത്യമായ ടൈംടേബിൾ പിന്തുടരുക എന്നതെല്ലാം എന്റെ രീതിയാണ്. എന്നാൽ സൂര്യ എന്തു കാര്യവും കുട്ടികളുടെ ആംഗിളിൽ നിന്നും ചിന്തിച്ച ശേഷമാണു ചെയ്യുക, ജ്യോതിക പറയുന്നു. 

പലപ്പോഴും ജ്യോതിക ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും സൂര്യ മക്കൾക്ക് ഭക്ഷണം നൽകി, അവരെ കഥ പറഞ്ഞു നൽകി ഉറക്കിയിരിക്കും. അതിനാൽ അച്ഛൻ തന്നെയാണ് മക്കളുടെ സൂപ്പർ ഹീറോ എന്ന്  ജ്യോതിക വ്യക്തമാക്കുന്നു