അച്‌ഛനമ്മമാരിൽ നിന്നു വേണ്ടത്ര കരുതൽ കിട്ടാതെ വന്നാൽ? , Super parenting, Brain development, Study, Child development, Parenting, Manorama Online

അച്‌ഛനമ്മമാരിൽ നിന്നു വേണ്ടത്ര കരുതൽ കിട്ടാതെ വന്നാൽ?

എസ്. രമ്യ

‘കുഞ്ഞുവാവ ഒന്നു പിച്ചവച്ചു തുടങ്ങിയിരുന്നെങ്കിൽ പാതി ടെൻഷൻ ഒഴിഞ്ഞു’ എന്നു കരുതുന്നവരാണു മിക്കവാറും അമ്മമാർ. എന്നാൽ കൈക്കുഞ്ഞായിരുന്ന ഈ കുഞ്ഞുവാവകൾ മുട്ടിലിഴഞ്ഞും ഇരുന്നും പിച്ചവച്ചു തുടങ്ങുമ്പോഴല്ലേ അറിയുക സമാധാനക്കേടുകൾ കൂട്ടത്തോടെ എത്തുകയായി എന്ന്. കുഞ്ഞിന് എട്ട് - ഒൻപതു മാസം പ്രായമാകുമ്പോൾ മുതൽ തുടങ്ങുന്ന ആശങ്കകൾ നാലോ അഞ്ചോ വയസ്സ് ആകുന്നതുവരെ തുടരും. അതുവരെ കുഞ്ഞിന് ഏറ്റവും മികച്ച സംരക്ഷണവും അതീവ ശ്രദ്ധയും കൊടുക്കുക തന്നെ വേണം. അതും അമ്മ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ നന്നായി.

സുരക്ഷിതത്വം പ്രധാനം
പിച്ചവച്ചു തുടങ്ങുമ്പോൾ കുഞ്ഞ് പലപ്പോഴും തട്ടിവീഴുകയും മറ്റും പതിവാണ്. സാധാരണഗതിയിൽ ഇത്തരം വീഴ്‌ചകൾ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാറില്ല. എന്നാൽ ഉയരത്തിൽനിന്നോ മറ്റോ വീഴുകയോ, കൂർത്തവസ്‌തുക്കളിൽ തട്ടി ശരീരം മുറിയുകയോ, വീഴ്‌ചയ്‌ക്കുശേഷം മയക്കം വരികയോ, ഛർദിക്കുകയോ, തലവേദനയോ, ഫിറ്റ്‌സോ ഉണ്ടാകുകയോ ഒക്കെയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്. കുഞ്ഞിന്റെ സഞ്ചാരപാതയിൽ അധികം ഫർണിച്ചറുകളൊന്നും വയ്‌ക്കാതിരിക്കുക. നടക്കാൻ പഠിക്കുന്നതിനു സഹായമായി നൽകുന്ന ഉപകരണങ്ങൾ (വോക്കർ) ബാലൻസ് ഇല്ലാത്തവയാണെങ്കിൽ അതിൽനിന്നു കുഞ്ഞു മറിഞ്ഞു വീഴാനിടയുണ്ട്. ഇത്തരം ഉപകരണങ്ങൾ ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുക്കുക. ഇവയുടെ സഹായമില്ലെങ്കിലും സാധാരണഗതിയിൽ കുഞ്ഞ് സ്വയം നടക്കാൻ പഠിച്ചുകൊള്ളും. പക്ഷേ, നടക്കാൻ വൈകുകയാണെങ്കിൽ ശിശുരോഗവിദഗ്‌ധനെ സമീപിച്ച് ഉപദേശം തേടണം.

വാശിക്കു മുന്നിൽ മുട്ടു മടക്കല്ലേ...
ചെറിയ കുട്ടികളെയും കൂട്ടി സൂപ്പർ മാർക്കറ്റിലും മറ്റും പോയാൽ തിരികെ എത്തുക ആകെ വലഞ്ഞാകും. കുട്ടിയെ ആകർഷിക്കത്തക്ക രീതിയിൽ അവിടെ ഒരായിരം കാര്യങ്ങളുണ്ടാകും. അതെല്ലാം സ്വന്തമാക്കണമെന്നു കുട്ടികൾ വാശി പിടിക്കും. പലപ്പോഴും നിലത്തു വീണുരുണ്ടു കരയാനും പല കുഞ്ഞു വില്ലന്മാരും മടിക്കില്ല. അവിടെ എത്തിയിട്ടുള്ള എല്ലാവരും ‘വളർത്തിവച്ചിരിക്കുന്നതു കണ്ടില്ലേ!’ എന്ന മട്ടിൽ അച്‌ഛനമ്മമാരെ തുറിച്ചുനോക്കും. അതോടെ വീട്ടാവശ്യം പോലും വെട്ടിച്ചുരുക്കി കുഞ്ഞിന്റെ വാശി സാധിച്ചു കൊടുക്കുകയാകും മിക്കവരും ചെയ്യുക. ഇതു ശരിയായ രീതിയല്ല.

ഇത്തരം വാശികൾ കൊണ്ട് ഒന്നും നേടിയെടുക്കാനാവില്ല എന്നു കുഞ്ഞിനെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. വീട്ടിലെ സാഹചര്യങ്ങളും കുഞ്ഞിന്റെ സ്വഭാവത്തെ സ്വാധീനിക്കും. അച്‌ഛനമ്മമാർ എളുപ്പം കോപിക്കുന്നവരാണെങ്കിൽ കുട്ടികളും ആ രീതിയിലാകാൻ സാധ്യതയുണ്ട്. അതിനാൽ കുഞ്ഞുങ്ങളുടെ മുൻപിൽ കഴിവതും ശാന്തരായി പെരുമാറുക. കുഞ്ഞ് ദേഷ്യം പിടിച്ചു മറ്റുള്ളവരെ ഉപദ്രവിക്കുകയോ, അക്രമാസക്‌തനാകുകയോ ചെയ്യുന്നതു പതിവെങ്കിൽ അതു സ്വഭാവവൈകല്യമാകാനിടയുണ്ട്. ഇത്തരം കേസുകളിൽ മനഃശാസ്‌ത്രജ്‌ഞന്റെ സഹായം തേടേണ്ടതുണ്ട്.

സ്‌നേഹസ്‌പർശങ്ങൾ ഒഴിവാക്കരുത്
കുഞ്ഞുങ്ങളോടു സ്‌നേഹം കാണിക്കുന്നതിൽ പിശുക്കില്ലാത്തവരാണ് ഇന്നത്തെ മിക്കവാറും അച്‌ഛനമ്മമാർ. അവർക്കാവശ്യമുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തും വിഡിയോ ഗെയിമുകൾ സമ്മാനിച്ചുമൊക്കെ അവർ ആ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ കുഞ്ഞുങ്ങൾക്ക് അതുമാത്രം മതിയോ? ജീവിതത്തിന്റെ ഗതിവേഗം കൂടിയ ഈ കാലത്ത് ഓഫിസിനും വീടിനുമിടയിൽ നെട്ടോട്ടമോടുന്നവരാണു മിക്കവാറും അച്‌ഛനമ്മമാർ. അതിനിടെ കുട്ടിയുടെ വൈകാരികമായ ആവശ്യങ്ങളെ ക്കുറിച്ച് അവർ ചിന്തിക്കാറില്ല. ചെറുപ്രായത്തിൽ അച്‌ഛനമ്മമാരിൽനിന്നു വേണ്ടത്ര കരുതൽ കിട്ടാതെ വളരുന്ന കുട്ടികൾ ഭാവിയിൽ ആത്മവിശ്വാസമില്ലാത്തവരായി മാറാറുണ്ട്.

കിട്ടുന്ന ഒഴിവുനേരങ്ങളുടെ നല്ലൊരു പങ്ക് മക്കൾക്കായി മാറ്റിവയ്‌ക്കാൻ മടിക്കരുത്. അവരെ ആശ്ലേഷിക്കാനും തലോടാനും ചുംബിക്കാനുമൊന്നും മടി കാണിക്കുകയുമരുത്. ഒഴിവുനേരങ്ങളിൽ കുട്ടിയെയും കൂട്ടി പാർക്കിൽ പോകുകയോ, വീട്ടുമുറ്റത്തു നടക്കാനിറങ്ങുകയോ വേണം. ആ സമയത്ത് അവർക്കു നിങ്ങളോട് ഏറെ കാര്യങ്ങൾ പറയാനുണ്ടാകും. ക്രയോൺസ് ഒടിഞ്ഞുപോയതോ, അടുത്ത വീട്ടിലെ നായ്‌ക്കുട്ടി തന്നെ കണ്ടപ്പോൾ ഓടി വന്നതോ, പ്ലേ സ്‌കൂളിലെ ടീച്ചർ വഴക്കു പറഞ്ഞതോ ഒക്കെയാകും അവരുടെ വലിയ ‘കുഞ്ഞുവിശേഷങ്ങൾ.’ അവർ പറയുന്ന കഥകളിൽ അൽപ്പം നുണയോ, അതിശയോക്‌തിയോ ഉണ്ടാകാം. അതേപ്പറ്റി പറഞ്ഞ് അവരെ കളിയാക്കുകയോ, ശാസിക്കുകയോ അരുത്. അവരോടു തിരികെ ചോദ്യങ്ങൾ ചോദിക്കുകയും വേണം.

കുഞ്ഞുജോലികൾ
വീട്ടിൽ പൂന്തോട്ടമോ, അടുക്കളത്തോട്ടമോ ഉണ്ടെങ്കിൽ അവിടത്തെ ജോലികളിൽ കുഞ്ഞിനെയും പങ്കാളിയാക്കാം. ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് ചെടിയുടെ ചുവട്ടിലൊഴിക്കാനൊക്കെ കുട്ടിയോട് ആവശ്യപ്പെടാം. ഇത്തരം ജോലികൾ കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും. മാത്രമല്ല, ചെറിയ ചുമതലകൾ ഏറ്റെടുത്തു വളരുന്ന കുട്ടികൾ ഭാവിയിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്‌തരായിരിക്കും.

എനിക്കിതു വേണ്ടാ...
ഭക്ഷണസമയമാകുമ്പോൾ മിക്കവാറും വീടുകളിൽ ഇത്തരം നിലവിളികൾ ഉയർന്നു കേൾക്കാം. അമ്മ ഏറെ ശ്രദ്ധയോടെ പോഷകപ്രദമായും രുചിയോടെയും പാകം ചെയ്‌തെടുത്ത ഭക്ഷണം സ്‌നേഹത്തോടെ വച്ചു നീട്ടുമ്പോഴാകും കുഞ്ഞ് ഒരു കവിൾ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ വാശിപിടിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എത്ര സ്‌നേഹമയിയായ അമ്മയും ദേഷ്യംപിടിച്ചു പോകും.

കുഞ്ഞിനെ ഭക്ഷണം നിർബന്ധിച്ചു കഴിപ്പിക്കേണ്ട എന്നതു തന്നെയാണ് ഇതിനുള്ള പ്രതിവിധി. കുഞ്ഞിനു ഭക്ഷണം വേണ്ടതെപ്പോഴെന്നു നിശ്‌ചയിക്കുന്നത് അമ്മയല്ല, കുഞ്ഞു തന്നെയാണ്. വിശക്കുമ്പോൾ അവർ നിങ്ങളെ തേടിയെത്തും. മാത്രമല്ല, ഇടയ്‌ക്കിടെ എന്തെങ്കിലും കൊറിക്കാൻ നൽകുകയോ, ഇടനേരങ്ങളിൽ ജ്യൂസോ, പഴങ്ങളോ കഴിപ്പിക്കുകയോ ചെയ്‌താൽ കുഞ്ഞ് തൊട്ടടുത്ത നേരം കാര്യമായി ഭക്ഷണം കഴിക്കണമെന്നില്ല. കഴിവതും ഇടനേരങ്ങളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കൊടുത്തു ശീലിപ്പിക്കരുത്.

ജ്യൂസോ, പഴങ്ങളോ കഴിച്ചാൽ അടുത്തനേരം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഞ്ഞിനു പ്രശ്‌നമൊന്നുമുണ്ടാകില്ല. കുട്ടികൾക്കു വേണ്ടി പാകം ചെയ്യുന്ന ഭക്ഷണം രുചികരം മാത്രമല്ല, കാഴ്‌ചയ്‌ക്കും സുന്ദരമായിരിക്കണം. നിറമുള്ള കാപ്‌സിക്കമോ, ചെറിപ്പഴമോ, അണ്ടിപ്പരിപ്പോ ഒക്കെ ചേർത്ത് ഭംഗിയായി തയാറാക്കിയ ഭക്ഷണം വിളമ്പുന്നതും സുന്ദരമായി വേണം. കാഴ്‌ചയ്‌ക്കു കൗതുകമുള്ള പാത്രങ്ങളും കപ്പുകളും കുഞ്ഞിനുവേണ്ടി മാത്രമായി കരുതുക.

കുടുംബത്തിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനൊപ്പം കുഞ്ഞിനെയും ഇരുത്തി ശീലിപ്പിക്കുക. അതവർക്കു സന്തോഷം നൽകും. ആഹാരമേശയിലെ മര്യാദകൾ കണ്ടുപഠിക്കാനും ഇതു സഹായിക്കും. കുഞ്ഞ് ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കാര്യവും അതിൽ തനിക്കുള്ള ആശങ്കയും അമ്മമാർ മറ്റുള്ളവരോടു പങ്കുവയ്‌ക്കുന്നത് ഒരിക്കലും കുട്ടികളുടെ മുൻപിൽ വച്ചാകരുത്. അമ്മയുടെ ശ്രദ്ധ തനിക്കു കൂടുതൽ കിട്ടുമെന്നു കരുതി കുട്ടി ഭക്ഷണത്തോടുള്ള വിരോധം തുടർന്നും കാണിക്കും.

എന്റെ രാജകുമാരിക്ക്...
നിറയെ ലേസ് വച്ച ബേബി പിങ്ക് നിറമുള്ള ഉടുപ്പും അതിനിണങ്ങുന്ന തൊപ്പിയും ഷൂസും സോക്‌സുമൊക്കെയണിയിച്ച് കുഞ്ഞിനെ ഒരു രാജകുമാരിയെപ്പോലെ പുറത്തുകൊണ്ടുപോകാൻ ഒരുക്കിനിർത്തിയതായിരിക്കും നിങ്ങൾ. പക്ഷേ, വീടിനു പുറത്തിറങ്ങും മുൻപുതന്നെ കുഞ്ഞ് കരച്ചിലും അസ്വസ്‌ഥതയും കാണിക്കാൻ തുടങ്ങിയെങ്കിൽ സംശയിക്കേണ്ട. നിങ്ങളുടെ പ്രിയപ്പെട്ട ഉടുപ്പ് കുഞ്ഞിനു തീരെഇഷ്‌ടമായിട്ടില്ല. അതുണ്ടാക്കുന്ന അസ്വസ്‌ഥതകൾ തന്നെ കാരണം.

കുട്ടികൾക്കുവേണ്ടി തിരഞ്ഞെടുക്കുന്നതു ലളിതവും സുന്ദരവുമായ വസ്‌ത്രങ്ങളാകണം. ചൂടുകാലത്തും മറ്റും കോട്ടൺ, ബനിയൻ തുണികളാണു കുഞ്ഞുങ്ങളുടെ വസ്‌ത്രത്തിന് അനുയോജ്യം. അതും മുത്തുകളും കല്ലുകളും പതിച്ചതോ നിറയെ ലേസ് വച്ചതോ ഒന്നുംവേണ്ട. ഉടുപ്പിനു ഭംഗിയേറ്റണമെന്നുണ്ടെങ്കിൽ ലളിതമായ എംബ്രോയ്‌ഡറിയോ, കട്ട്വർക്കോ കൊടുക്കാം. സ്‌ലീവ്‌ലെസ് ഉടുപ്പുകളെങ്കിൽ ഏറ്റവും നന്നായി. അതുപോലെ കടും നിറങ്ങളും കുഞ്ഞിന്റെ ഉടുപ്പിനുവേണ്ട. വെള്ള, ബേബി പിങ്ക്, ലെമൺ യെല്ലോ, ഇളം നീല തുടങ്ങിയ നിറങ്ങളാണു കുഞ്ഞുടുപ്പുകൾക്ക് ഏറ്റവും അനുയോജ്യം. നാല് - അഞ്ച് വയസ്സ് പ്രായമായ കുട്ടികൾക്കു ഡ്രസ് വാങ്ങുമ്പോൾ അവരുടെ അഭിപ്രായം കൂടി ചോദിക്കാവുന്നതാണ്.