ലോകത്തിലെ ഏറ്റവും സുന്ദരിയായ മാലാഖയ്ക്ക് പിറന്നാളാശംസകൾ:സണ്ണി ലിയോൺ ‍

ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ മലാഖയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് സണ്ണി ലിയോൺ. ആ മാലാഖക്കുട്ടി മറ്റാരുമല്ല, സണ്ണിയുടേയും ഡാനിയേൽ വെബ്ബറിന്റെയും പ്രിയ പുത്രി നിഷ കൗർ വെബ്ബർ. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. നിഷയുടെ മൂന്നാം ജന്മദിനമാണ് ആഘോഷിക്കുന്നത്.

താൻ അവളെ ഒരു പാട് ഇഷ്ടപ്പെടുന്നുവെന്നും അവളെയോത്ത് അഭിമാനിക്കുന്നുവെന്നും സണ്ണി കുറിച്ചു. മകളോടൊപ്പമുള്ള രണ്ട് ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് സണ്ണി പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

നിഷ തങ്ങൾക്കൊപ്പമെത്തിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ എങ്കിലും ഈ ജീവിതകാലം മുഴുവൻ അവൾ ഒപ്പമുണ്ടായിരുന്നുവെന്ന തോന്നലാണ് തനിക്കെന്നും സണ്ണി സമൂഹമാധ്യമത്തിലെ മറ്റൊരു കുറിപ്പിൽ പറഞ്ഞിരുന്നു. തന്റെ ആത്മാവിന്റേയും ഹൃദയത്തിന്റേയും ഭാഗമാണ് അവളെന്നും ലോകത്തിലെ ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് തങ്ങളുടെ വളർത്തുപുത്രിയെന്നും സണ്ണി കുറിക്കുന്നു. അവളെ ഒരുപാട് സ്നേഹിക്കുന്നുവെന്നും സണ്ണി പറഞ്ഞിരുന്നു.

നിഷയെക്കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആൺകുട്ടികളും സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെയാണ് കുഞ്ഞോമനകൾക്ക് സണ്ണി പേരിട്ടിരിക്കുന്നത്. വലിയൊരു കുടുംബമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.