ഇവൾ എന്റെ ആത്മാവും ഹൃദയവും: സണ്ണി ലിയോൺ

"കഴിഞ്ഞ വർ‌ഷം ഇതേ ദിസമാണ് നിന്നെ ഞങ്ങൾ വീട്ടിലേയ്ക്ക് കൊണ്ടുവന്നതും ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞതും." കുഞ്ഞു നിഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി ലിയോൺ എന്ന അമ്മ പറയുന്നു. അതേ കഴിഞ്ഞ വർഷമാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെന്ന് 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. മുൻപ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

നിഷ തങ്ങൾക്കൊപ്പമെത്തിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂവെങ്കിലും ഈ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്ന തോന്നലാണ് തനിക്കെന്നും സണ്ണി പറയുന്നു. തന്റെ ആത്മാവിന്റേയും ഹൃദയത്തിന്റേയും ഭാഗമാണ് അവളെന്നും ലോകത്തിലെ ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് തങ്ങളുടെ വളർത്തുപുത്രിയെന്നും സണ്ണി കുറിക്കുന്നു. അവളെ ഒരുപാട് സ്നേഹിക്കുന്നുവെന്നും സണ്ണി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.

നിഷയെക്കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആൺകുട്ടികളും സണ്ണി, ഡാനിയൽ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെയാണ് കുഞ്ഞോമനകൾക്ക് സണ്ണി പേരിട്ടിരിക്കുന്നത്. വലിയൊരു കുടുംബമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അനാഥത്വത്തിൽ നീറിതീരുന്ന അനേകം ബാല്യങ്ങളുള്ള ഒരു നാട്ടിൽ ഈ കുട്ടികൾക്ക് അച്ഛനും അമ്മയുമായി പുതു ജീവിതം പകരുകയാണ് ഈ ദമ്പതികൾ.