അവധിക്കാലത്ത് ആധി വേണ്ട; മക്കൾക്കു കൊടുക്കാം ഒരു സൂപ്പർ ടൈം ടേബിള്‍,  Summer vacation, Parenting Tips, Good Parenting, Parents, Parents, Mother,  Manorama Online

അവധിക്കാലത്ത് ആധി വേണ്ട; മക്കൾക്കു കൊടുക്കാം ഒരു സൂപ്പർ ടൈം ടേബിള്‍

അവധിക്കാലമെത്തിയാൽ പിന്നെ മാതാപിതാക്കൾക്ക് ആധിയാണ്. സ്കൂളും വീടുമായി കഴിഞ്ഞ കുട്ടികുറുമ്പുകൾ മുഴുവൻ സമയവും ഇനി വീട്ടിൽ തന്നെ. എന്തെല്ലാം പൊല്ലാപ്പുകളാണ് അവർ ഒപ്പിച്ചുകൂട്ടാൻ പോകുന്നത്. മാതാപിതാക്കൾ ഒന്നു ശ്രമിച്ചാൽ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളാക്കി മാറ്റാം ഈ അവധിക്കാലം. വേനല്‍ അവധിയെന്നാല്‍ പലയിടത്തും നിയന്ത്രണമില്ലാത്ത ടിവിക്കാലം എന്നുകൂടെയാണു അര്‍ഥം. ടിവിയുടെ മുന്നിൽ നിന്ന് മാറുന്നത് പലപ്പോഴും വിഡിയോ ഗെയിം കളിക്കാനാവും. ഒന്നു പ്ലാന്‍ ചെയ്താല്‍ രസം ഒട്ടും ചോരാതെ തന്നെ ഈ വിനോദകാലം കൂടുതല്‍ ക്രിയാത്മകമാക്കാം.

ടൈം ടേബിള്‍
ടൈംടേബിള്‍ എന്നാൽ വെറും ബോറന്‍ ടൈം ടേബിളുകളെ കുറിച്ചല്ല പറയുന്നത്, പാര്‍ക്കിലോ പറമ്പിലോ കളിക്കാനുള്ള സമയവും ടിവി കാണാനുള്ള സമയവും വായനയ്ക്ക് വേണ്ടിയുള്ള സമയവും  ഒക്കെ ഉള്‍പ്പെടുത്തി ഒരു ടൈംടേബിള്‍ അത്രയേ ഉള്ളു. ടൈംടേബിള്‍ തീരുമാനിക്കുന്നതും കുഞ്ഞുങ്ങള്‍ തന്നെയാവട്ടെ. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ നിങ്ങളുടെ ഭാഗത്ത്‌ നിന്നും ആവാം. ഉദാഹരണത്തിന് മൂന്നു മണിക്കൂര്‍ ടിവി കാണണമെങ്കില്‍ കുറഞ്ഞത്‌ ഒരു മണിക്കൂര്‍ എങ്കിലും പുസ്തകം വായിച്ചിരിക്കണം. പുസ്തകം എന്ന് പറയുമ്പോള്‍ അവര്‍ക്കിഷ്ടമുള്ള കഥയോ കവിതയോ ഒക്കെയാവാം. അതുപോലെ തന്നെ  കളിസമയം കഴിഞ്ഞാല്‍ കളിപ്പാട്ടങ്ങള്‍ അടുക്കിവയ്ക്കാന്‍ ഒരു പത്തു മിനിറ്റ് മാറ്റിവയ്ക്കാം. ഇതുപോലെ കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ശീലങ്ങള്‍ ടൈംടേബിളില്‍ ഉള്‍പ്പെടുത്താം. കുട്ടികള്‍ക്കു ചെയ്യാന്‍ ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ക്കിടയില്‍ അവ ഇടകലര്‍ത്തി ചിട്ടപ്പെടുത്തിയാല്‍ മതിയാകും.

തൊഴില്‍ പരിചയം
ഇതല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. ആദ്യം അവരോട് അവര്‍ക്ക് ഭാവിയില്‍ ചെയ്യാന്‍ ആഗ്രഹമുള്ള ജോലികളെ കുറിച്ച് ചോദിക്കാം. എന്നിട്ട് അതില്‍ അവര്‍ക്ക് താല്പര്യമുള്ള ജോലികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ അവരെ സഹായിക്കാം. ഉദാഹരണത്തിനു പത്രപ്രവര്‍ത്തനമാണ് അവര്‍ പറയുന്നതെങ്കില്‍ നിങ്ങളുടെ പരിചയത്തിലുള്ള പത്രപ്രവര്‍ത്തകരുമായി അവരെ സംസാരിപ്പിക്കാം, വീട്ടിലെ വിശേഷങ്ങള്‍ ഒക്കെ ചേര്‍ത്ത് ഒരു പ്രതിവാരപത്രം തയ്യാറാക്കാന്‍ അവരെ സഹായിക്കാം. ഇതെല്ലാം ജോലിയെ കൂടുതല്‍ അറിയാന്‍ അവരെ സഹായിക്കും.

ഉത്തരവാദിത്ത ബോധം
കുട്ടിക്കുസൃതികളെ ഉത്തരവാദിത്തബോധം പഠിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് ശീലിപ്പിച്ചു തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയം അവധിക്കാലം തന്നെ. കുട്ടികളുടെ പ്രായമനുസരിച്ച് ചെറിയ ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പ്പിക്കാം. എണീറ്റ്‌ കഴിഞ്ഞു കിടക്ക വൃത്തിയാക്കിയൊതുക്കി വയ്ക്കുക, എല്ലാവരും വായിച്ചു കഴിഞ്ഞു പത്രം സ്റ്റാന്‍ഡില്‍ വയ്ക്കുക, അലക്കിയ തുണിമടക്കി വയ്ക്കുക എന്നിവയൊക്കെ അവരെക്കൊണ്ട് ചെയ്യിപ്പിക്കാം. അധികം സമയം ചെലവഴിക്കേണ്ടതില്ലാത്ത കാര്യങ്ങള്‍ മാത്രം ഉള്‍പെടുത്തുക.

ഒരു ഹോബി
നിങ്ങളുടെ കുട്ടിക്ക് താല്പ്പര്യമുള്ള ഒരു ഹോബിയ്ക്കായും അല്‍പ്പസമയം മാറ്റിവയ്ക്കാം. വായന താല്പര്യമുള്ള കുട്ടിയാണെങ്കില്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ സഹായിക്കാം. ഇനി താല്പര്യമുള്ള ഹോബി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനും അവരെ സഹായിക്കാം. ചെറിയ സ്ഥലമുണ്ടെങ്കില്‍ അതില്‍ പൂന്തോട്ടനിര്‍മ്മാണമോ മറ്റോ ആരംഭിക്കാം. പാചകം, കത്തെഴുത്ത്, വയലിന്‍ പഠനം, നൃത്തം അങ്ങനെ എന്തുമാകാം. താല്പര്യം അവരുടെതാകണം, നിങ്ങളുടേതാകരുതെന്നു മാത്രം.

സിനിമ സമയം
സിനിമ കാണാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ ഉണ്ടാവില്ല. ഈ സിനിമാപ്രേമം വിനോദത്തിനു മാത്രമല്ല അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനുള്ള വിജ്ഞാനോപാധിയാക്കി ഉപയോഗിക്കാം. അവര്‍ക്കിഷ്ടമുള്ള തരത്തിലുള്ള സിനിമകളോടൊപ്പം  ജീവചരിത്രം, ചരിത്ര സിനിമകള്‍ എന്നിവയും ഉള്‍പ്പെടുത്താം. കുട്ടികള്‍ക്ക് രസിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതാവണം എന്ന് മാത്രം. ‍Summary : Summer vacation, Parenting Tips