അപകട കെണിയൊരുക്കി ജലാശയങ്ങൾ, വഴി തെറ്റിക്കുന്ന കൂട്ടുകെട്ടുകൾ; അവധിക്കാലത്ത് അറിയാന്‍,  Summer vacation, Parenting Tips, Good Parenting, Parents, Parents, Mother,  Manorama Online

അപകട കെണിയൊരുക്കി ജലാശയങ്ങൾ, വഴി തെറ്റിക്കുന്ന കൂട്ടുകെട്ടുകൾ; അവധിക്കാലത്ത് അറിയാന്‍

വേനൽ അവധിക്കാലമിങ്ങെത്തി, കുട്ടികൾക്കതിത് ആഘോഷത്തിന്റെ കാലം കൂടെയാണ്. അതിപ്പോള്‍ അപകടങ്ങളുടേയും വഴിതെറ്റലുകളുടേയും കൂടെ കാലമായി മാറിയിരിക്കുന്നു. മിക്ക മാതാപിതാക്കളും ഇപ്പോൾ ജോലിക്കു പോകുന്നവരാണ്. അവധിക്കാലത്ത് കുട്ടികളുടെ സംരക്ഷണവും മറ്റും ഒരു ചോദ്യചിഹ്നമായി മാറുകയാണ്. അവധിക്കാലം എങ്ങനെ സന്തോഷത്തിന്റേയും സുരക്ഷയുടേയും കാലമാക്കിമാറ്റാമെന്ന പറഞ്ഞുതരികയാണ് അധ്യാപകനായ സുഗതൻ എൽ ശൂരനാട്. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് കൂടെയാണ് ഇദ്ദേഹം

സുഗതൻ എൽ ശൂരനാടിന്റെ വാക്കുകൾ

വേനലവധിക്കാലം സുരക്ഷിതമാകണം
ഒരു മധ്യവേനൽ അവധിക്കാലം കൂടി നമ്മുടെ കുട്ടികൾക്ക് മുന്നിൽ സംജാതമായിരിക്കുന്നു. മധ്യവേനൽകാലം എന്നും നമുക്ക് പേടി സ്വപ്നം തന്നെ. സ്കൂൾ ദിവസങ്ങളിൽ രക്ഷിതാക്കൾക്ക് ഒരു പരിധിവരെ മനസമാധാനം ഉള്ള സ്ഥിതിയായിരുന്നു. എന്നാൽ ആധുനിക കാലഘട്ടത്തിലെ അവധിക്കാലം പല കാരണങ്ങൾ കൊണ്ട് ആധിയുടെയും അങ്കലാപ്പിന്റെയും നേർ കാഴ്ചയാവുകയാണ്. കഴിഞ്ഞ കാലങ്ങളിൽ അവധിക്കാലത്തെ പലവിധ അപകടങ്ങളിലൂടെ മാത്രം നമുക്ക് നഷ്ടപ്പെട്ടത് നിരവധി വിലപ്പെട്ട ജീവനുകളാണ്. വേനലവധിക്കാലം നമ്മുടെ കുട്ടികൾക്ക് എങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാം.

നീരൊഴുക്ക് അറിയാതെ
ജലാശയങ്ങളിലെ അപകടങ്ങൾ ആണ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇത് മിക്കതും സംഭവിച്ചിട്ടുള്ളത് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പോയിട്ടുള്ളവർക്കുമാണ്. ആയതിനാൽ നീന്തൽ വശമില്ലാത്ത കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കളുടെയോ മറ്റ് ഉത്തരാവാദിത്ത്വപ്പെട്ടവരുടെയോ സാന്നിധ്യം ഇല്ലാതെ ജലാശയങ്ങളിൽ പോകാൻ അനുവദിക്കരുത്. ജലാശയങ്ങളുടെ ആഴവും പരപ്പും മറ്റ് പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രം പോവുക. (ഒഴിവുകാലം നീന്തൽ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പോയി പഠമാകാം)

സോഷ്യൽമീഡിയ പിടിമുറുക്കുമ്പോൾ
ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കുട്ടികളിൽ സോഷ്യൽമീഡിയകളുടെ ദുരുപയോഗം. പതിനെട്ട് വയസ്സ് തികയാത്ത ഒരു കുട്ടിയും മൊബൈൽ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തുക. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റ് താല്പര്യമുള്ള ആപ്ലിക്കേഷനുകളോ പരിചയപ്പെടുത്താം. (അത്‌ വിശ്വാസമുള്ള കമ്പ്യൂട്ടർ സ്ഥാപനങ്ങളിൽ വിട്ടുമാകാം )രക്ഷിതാക്കൾ കിട്ടുന്ന സമയം അവരുടെ സന്തോഷത്തിനായി മാറ്റിവെയ്ക്കുക. കാരണം അധ്യയന സമയത്ത് കൂടുതൽ സമയവും അവർ സ്‌കൂളിലാണല്ലോ. ഇത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ നല്ലതാണ്.

വീട്ടിലെ ഏകാന്തത
പല വീടുകളിലും പകൽ സമയങ്ങളിൽ രക്ഷിതാക്കൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഇത് മറ്റൊരു വലിയ പ്രതിസന്ധിയാണ്. ഈ കാലഘട്ടത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടിൽ ഒറ്റക്കിരുത്തി പോകുന്നത് അപകടകരമാണ്. ഈക്കാലത്ത് എല്ലാ ബന്ധുവീടുകളും കൂട്ടുകാരുടെ വീടുകളും ഒരേപോലെ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മുടെ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ഓരോ വാർഡുകളിലും കുട്ടികളുടെ സംരക്ഷണത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ഓരോ കുട്ടിയുടെയും സുരക്ഷിതത്വം രക്ഷകർത്താക്കൾ തന്നെ ഏറ്റെടുത്തേ മതിയാകൂ.

അവധിക്കാലത്തെ കൂട്ടുകെട്ടുകൾ
തന്റെ കുട്ടി ഇപ്പോൾ എവിടെയാണ്, എപ്പോൾ പോകുന്നു, എപ്പോൾ വരുന്നു, കൂടെയുള്ളതാരാണ്, അവനെന്തൊക്ക കഴിക്കുന്നു, കുടിക്കുന്നു, ഏതൊക്കെ വിനോദങ്ങളിൽ ഏർപ്പെടുന്നു, ഇത്യാദി കാര്യങ്ങളിലൊക്കെ രക്ഷിതാക്കൾ ശ്രദ്ധിക്കണം. മോശമായ കൂട്ടുകെട്ടുകളിലൂടെയാണ് ഒരു കുട്ടി നല്ലതോ ചീത്തയോ ആകുന്നത്. മയക്കുമരുന്ന് ലോബികൾ നമ്മുടെ കൊച്ചുകേരളത്തെ ശക്തമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ഇത്തരം ലോബിയെ നിലക്ക് നിർത്തുവാൻ ഭരണകൂടം മാത്രം വിചാരിച്ചാൽ പോരാ. ഓരോ രക്ഷിതാവും ചിന്തിക്കുന്നത് എന്റെ കുട്ടി അങ്ങനെ പോകില്ല എന്നാണ്. എന്നാൽ ഇത് നാളെ നമ്മുടെ കുട്ടിയ്ക്ക് വന്നുകൂടായ്കയില്ല. നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരും ഏറ്റെടുക്കണം.

നിരത്തുകളിലെ നെടുവീർപ്പുകൾ
പതിനഞ്ചിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ചിട്ട്, തലയുയർത്തിപ്പിടിച്ച് വളരെ അഭിമാനത്തോടെ പിറകിൽ ഇരിക്കുന്ന രക്ഷിതാക്കൾ ഇന്ന് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. ഇതിനാലകം നിരവധി അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. ഈ കേസുകളിൽ കുറ്റക്കാരായ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുവാൻ നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ അതിപ്രസരം മൂലം പല കേസുകളിലും നടപടി എടുക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇരുചക്ര വാഹനം ഓടിക്കുവാനുള്ള ലൈസെൻസ് ലഭിച്ചതിന് ശേഷം മാത്രമേ വാഹനം കൊടുത്തുവിടൂ എന്ന തീരുമാനം ഓരോ രക്ഷിതാക്കളും എടുക്കണം. ചില വീടുകളിലെ കുട്ടികൾ മൊബൈൽ, ബൈക്ക് തുടങ്ങിയവക്ക് വേണ്ടി ആത്മഹത്യാ ഭീഷണിമുഴക്കുകയും അത് നേടിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നിർബന്ധങ്ങളുടെ പ്രധാന കാരണം ചെറുപ്പം മുതൽ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചു രക്ഷിതാക്കൾ ഓരോന്നും ചെയ്തു കൊടുക്കുന്നത് കൊണ്ട് മാത്രമാണ്. ചെറുപ്പത്തിലേ കുട്ടികളുമായി നല്ല ബന്ധം വളർത്തിയെടുക്കുവാൻ ശ്രദ്ധിച്ചാൽ അത്തരം നിർബന്ധബുദ്ധികളിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കുവാൻ സാധിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. എല്ലാ കൊച്ചുകൂട്ടുകാർക്കും ഒരു നല്ല വേനൽ അവധിക്കാലം ആശംസിക്കുന്നു.

സുഗതൻ എൽ. ശൂരനാട്, (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )

Summary : Summer holiday, Security tips, Students, Parents