അനുജനെയും വേണം, സ്കൂളും; ഹൃദയംതൊടും ഈ ചിത്രം!

കൂട്ടുകാരിൽ പലർക്കും സ്കൂളിൽ പോകാൻ അത്ര ഇഷ്ടമൊന്നും കാണില്ല അല്ലേ.. അച്ഛനും അമ്മയും സ്കൂളിൽ വിടുന്നു, അതുകൊണ്ട് പോകുന്നു എന്ന മനോഭാവമുള്ളവരും കുറവല്ല. അയ്യോ ഇന്ന് സ്കൂളിൽ പോകണമല്ലോ എന്നോർത്താവും പലരും ഉറക്കമുണരുന്നത് തന്നെ. എന്നാൽ ഇത്തരക്കാരിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് ഫിലിപ്പീൻസിൽ നിന്നുള്ള ഒരു കൊച്ചു ബാലൻ. തന്റെ ഒരുവയസുകാരൻ കുഞ്ഞനിയനേയും കൊണ്ടാണ് അവൻ സ്കൂളിൽ വരുന്നത്. ഫിലിപ്പീൻസിലെ സാൽവേഷൻ എലിമെന്ററി സ്കൂളിലാണ് ഈ മിടുക്കൻ പഠിക്കുന്നത്.

ഫിലിപ്പീൻസിലെ പല ഗ്രാമങ്ങളിലും മാതാപിക്കളുടെ സാമ്പത്തിക ഞെരുക്കം മൂലം കുട്ടികളെയൊന്നും സ്കൂളുകളിൽ അയയ്ക്കാൻ അവർക്ക് സാധിക്കാറില്ല. മാതാപിതാക്കൾ കുടുംബം പുലർത്താൻ ജോലി തേടി പോകുമ്പോൾ മുതിർന്ന കുട്ടികൾ തങ്ങളുടെ ഇളയ സഹോദരങ്ങളെ നോക്കാനായി വീട്ടിൽ തന്നെ നിൽക്കാറാണ് പതിവ്.

ഇവിടെയാണ് ജസ്റ്റിനെന്ന ഒന്നാം ഗ്രേഡ്കാരൻ വ്യത്യസ്തനാകുന്നത്. തന്റെ കുഞ്ഞനുജനെ നോക്കേണ്ട ഉത്തരവാദിത്വം അവനാണ്, എന്നാൽ പഠിക്കാനും സ്കൂളിൽ പോകാനും ജസ്റ്റിന് ഇഷ്ടമാണുതാനും. രണ്ടും ഉപേക്ഷിക്കാൻ വയ്യാതായതോടെ അവൻ കുഞ്ഞനുജനേയും കൂട്ടി സ്കൂളിൽ വരാൻ തുടങ്ങി. ഒരു കൈകൊണ്ട് കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് മറുകൈകൊണ്ട് നോട്ടെഴുതുന്ന ജസ്റ്റിന്റെ ചിത്രം സ്കൂളിലെ അധ്യാപിക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.

ജസ്റ്റിന്റെ പഠിക്കാനുള്ള ആഗ്രഹത്തെയും അവന്റെ ദൃഢനിശ്ചയത്തെയും സോഷ്യൽ മീഡിയ വാഴ്ത്തിപ്പാടുകയാണ്. ഏതവസ്ഥയിലും പഠനം നഷ്ടപ്പെടുത്തരുതെന്ന വലിയൊരു സന്ദേശമാണ് ജസ്റ്റിൽ നൽകുന്നത്. ഓരോ ചെറിയ കാരണങ്ങൾ പറഞ്ഞ് സ്കൂളിൽ പോകാതിരിക്കുന്ന എല്ലാ കൂട്ടകാർക്കും ഈ മിടുക്കൻ ഒരു മാതൃകയാകട്ടെ.