വാശിക്കാരായ കുട്ടികൾ ഭാവിയിൽ ധനികരും വിജയികളുമാകും!. Parenting, Tips for Parents, Stubborn kids, Manorama Online

വാശിക്കുടുക്കകൾ വീട്ടിലുണ്ടോ, അവർ ചില്ലറക്കാരല്ല; പുതിയ പഠനം ‍

വാശിക്കാരായ കുട്ടികളെ അങ്ങനെ തള്ളിക്കളയാൻ വരട്ടെ, ഏതുകാര്യത്തിലും സ്വന്തമായ അഭിപ്രായവും പിടിവാശിയുമൊക്കെയുള്ള കുട്ടികൾ അത്ര നിസ്സാരക്കാരാണെന്നു കരുതണ്ട. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 40 വർഷങ്ങളായി നടക്കുന്ന പഠനങ്ങൾ തെളിയിക്കുന്നത് സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന ഇത്തരം വാശിക്കുടുക്കകൾ ഭാവിയിൽ ജീവിത വിജയം കൈവരിക്കാനുള്ള സാധ്യത പതിന്മടങ്ങാണെന്നാണ്.

'വാശിക്ക് നാശം' എന്നുള്ള പഴഞ്ചൊല്ലിൽ ഇനി കാര്യമില്ല. ചെറുപ്പം മുതൽക്ക് ഉറച്ച നിലപാടുകളും താൻ വിചാരിക്കുന്നത് തന്നെ നടക്കണം എന്ന നിർബന്ധ ബുദ്ധിയുമുള്ള കുട്ടികളെ ദേഷ്യപ്പെട്ടും ശിക്ഷിച്ചും സ്വഭാവം മാറ്റാതിരിക്കുന്നതാണ് ഉചിതം. താൻ ചെയ്യുന്നതാണ് ശരി, അല്ലെങ്കിൽ താൻ ചെയ്യുന്നത് ശരിയായിരിക്കണം എന്ന ചിന്തയിൽ വളരുന്ന കുട്ടികൾ ഭാവിയിലും ആ നിലപാട് തുടരുന്നു. 

സ്വയം വരുത്തുന്ന തെറ്റുകൾ സ്വയം തിരുത്താനും താൻ എടുത്ത തീരുമാനങ്ങളെ സ്വയം വിലയിരുത്താനും ഇത്തരം കുട്ടികൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ സർവ്വകലാശാലകളിലാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടക്കുന്നത്. ഇത്തരത്തിലുള്ള കുട്ടികളിൽ അസാമാന്യ നേതൃബോധവും കണ്ടുവരുന്നു. ജോലികൾ മികവോടെ ചെയ്തു തീർക്കാൻ വാശിക്കുടുക്കകൾക്ക് ഒരു പ്രത്യേക കഴിവാണ്. അതും പൂർണതയോടെ തന്നെ പൂർത്തിയാക്കണം എന്ന നിർബന്ധവും ഇവർക്കുണ്ട്.

ഇത്തരത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവം മാറ്റാൻ മാതാപിതാക്കൾ ശ്രമിക്കുന്നതിൽ അർത്ഥമില്ല. ജന്മനാ ഉള്ള ഇത്തരം സ്വഭാവങ്ങൾ മാറാനുള്ള സാധ്യത വളരെ കുറവാണ്. ജോലിയിൽ മികവ് തെളിയിക്കാനും ബോസിന്റെ പ്രീതി പിടിച്ചു പറ്റാനും ഇവർക്ക് കഴിയുന്നു. മാത്രമല്ല, റിസ്ക് എടുത്ത് കാര്യങ്ങൾ പൂർത്തിയാക്കാനുള്ള കഴിവ് ഇവരെ വേറിട്ട് നിർത്തുന്നു. 

സ്‌കൂളിലെ പഠന കാര്യങ്ങൾ, സ്പോർട്ട്സ് എന്നിവയിലും ഇക്കൂട്ടർക്ക് മുൻഗണന ഉണ്ടായിരിക്കും. പുതിയ ഭാഷകൾ പഠിച്ചെടുക്കുന്നതിലും സാങ്കേതിക വിദ്യകളോട് എളുപ്പത്തിൽ ഇടപഴകുന്നതിലും ഇവർ മുന്നിലായിരിക്കും. മറ്റുള്ളവരിൽ നിന്നും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സ്വീകരിക്കുകയും ബാക്കിയുള്ള കാര്യങ്ങൾ പിന്തള്ളുകയും ചെയ്യുന്നു. 

വാഗ്‌വാദങ്ങളിൽ ഏർപ്പെടുമ്പോൾ തന്റെ വശം മനസിലാക്കിപ്പിക്കുന്നതിനായി വാശിയോടെ വാദിക്കുമെങ്കിലും അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കണമെന്ന ചിന്താഗതി ഇവർക്കില്ല. മറ്റുള്ളവർക്കായി തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു നൽകുന്നതിലും ഇവർ മുന്നിലാണ്. സ്വന്തം കാര്യം വരുമ്പോൾ അത് കൂടുതൽ ശ്രദ്ധയോടെ ചെയ്യുന്ന ഇവർ ആ സമയത്ത് മറ്റുള്ളവരുടെ ഇടപെടൽ അറിഞ്ഞുകൊണ്ടു തന്നെ ഒഴിവാക്കും.