അച്ഛൻമാരേ നിങ്ങളുടെ ഈ ടെൻഷൻ അപകടം!

അച്ഛൻമാരേ നിങ്ങൾ കുട്ടികളെയോർത്ത് പിരിമുറുക്കമുള്ളവരാണോ? സൂക്ഷിക്കുക അത് നിങ്ങളുടെ കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ പറയുന്നു. പേരന്റിംങ് സ്ട്രസ് ഉള്ള അച്ഛന്മാരുടെ കുട്ടികൾ ഭാഷാ വൈദഗ്ധ്യത്തിൽ പിറകിലാകാൻ സാധ്യതയുണ്ടത്രേ. കൂടാതെ ശ്രദ്ധക്കുറവ്, പഠനത്തിലും റീസണിങ്ങിലും താൽപര്യക്കുറവ് തുടങ്ങിയവയും ഇത്തരം കുട്ടികൾക്ക് ഉണ്ടാകാം.

പേരന്റിങ്ങിൽ അച്ഛന്മാരുടെ പങ്കിനെക്കുറിച്ച് മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. പ്രീ സ്കൂൾ കുട്ടികളുടെ ഭാഷയേയും വികാര വിചാരങ്ങളേയും നിർണയിക്കുന്നതിൽ പിതാവിന്റെ റോൾ വളരെ വലുതാണ്. വലിയ കുട്ടികളിലെ സ്വഭാവവൈകല്യങ്ങളും ഡിപ്രഷനുമൊക്കെ ഒരു പരിധിവരെ നിർണയിക്കുന്നത് അച്ഛനാണെന്നും ഇവർ പറയുന്നു.

അച്ഛൻമാർ അമ്മമാരേക്കാൾ കുട്ടികളെ സ്വാധീനിക്കുന്നു, അതായത് കുട്ടികളുടെ പ്രശ്നങ്ങൾ വേഗം പരിഹരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനുമൊക്കെ അച്ഛൻമാരാണ് മുന്നിൽ. മാത്രമല്ല അവരുടെ സ്വഭാവരൂപീകരണത്തിലും പിതാവിനാണ് മാതാവിനേക്കാൽ മുന്‍തൂക്കമുള്ളത്. കുട്ടികളുടെ ഭാഷാപരമായ വികാസങ്ങളും പിതാവിൽ നിന്നാണത്രേ കൂടുതലായും ഉണ്ടാകുന്നത്. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും അത് പരിഹരിക്കാനും അച്ഛൻമാർ കേമൻമാരാണ്, അതുപോലെ കളികളിൽ സുരക്ഷിതമായ റിസ്ക്കുകൾ ഏറ്റെടുക്കാൻ അവർ മക്കളെ അനുവദിക്കും.

സ്ട്രസ് പരമാവധി കുറയ്ക്കാൻ പിതാക്കൻമാർ ശ്രദ്ധിക്കുക. കുട്ടികളുമായി കളികളിലേർപ്പെടാം. അവർക്കൊപ്പം പുസ്തകങ്ങൾ വായിക്കാം, അതൊക്കെ കുട്ടികൾക്കും നിങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്. അതുകൊണ്ടുതന്നെ അച്ഛൻമാരേ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കുട്ടികളുടെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമായ ഒന്നാണ്.