കുട്ടികളിലെ മോഷണശീലം തടയാം

കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീടുകളിലോ പൊതുസ്ഥലങ്ങളിലെ പരിപാടികളിലോ ഒക്കെ പോകുമ്പോൾ ചില വികൃതിക്കുട്ടികളുടെ കൈവിരലുകൾ തരിച്ചു കൊണ്ടേയിരിക്കും. അവരിൽ കൗതുകമുണർത്തുന്ന വസ്തുക്കൾ പോക്കറ്റിൽ / കൈയ്ക്കുള്ളിലാക്കുന്നതു വരെ ആ തരിപ്പ് തീരില്ല. ഒരു കുട്ടിക്കള്ളൻ നമ്മുടെ വീട്ടിൽ വളരുന്നുണ്ടെന്ന വിവരമറിയുന്ന നിമിഷം മുതൽ മാതാപിതാക്കൾക്ക് മനസ്സമാധാനം ഇല്ലാതാകും. ഇനി മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വരുന്നതിലെ അഭിമാനക്ഷതമോർത്ത് ആവലാതിപ്പെടും മുമ്പ്, ഈ പ്രശ്നത്തെ എങ്ങനെ രമ്യമായി കൈകാര്യം ചെയ്യാം എന്നാലോചിക്കുക.

∙ എന്തിനാണ് കുട്ടി മോഷ്ടിക്കുന്നത്?
‘മോഷണം’ എന്ന വലിയ പദം അവർക്ക് മുന്നിൽ പറയാതെ, ‘എന്തിന് നീ കള്ളം പറയുന്നു’ എന്ന് ചോദിക്കാം. എവിടെയെങ്കിലും പോയി വന്ന് കഴിയുമ്പോൾ, കുട്ടിയുടെ കൈയ്യിൽ നിങ്ങൾക്ക് പരിചിതമല്ലാത്ത എന്തെങ്കിലും കളിപ്പാട്ടമോ മിഠായിയോ മറ്റോ കണ്ടാൽ അത് എവിടെ നിന്ന് കിട്ടിയെന്ന് കുട്ടിയോട് തീർച്ചയായും ചോദിക്കണം. ഒരു പ്രീ സ്കൂൾ കുട്ടിയെ സംബന്ധിച്ച് അവരുടെ കൈയ്യിൽ കിട്ടുന്നതൊക്കെ ‘തന്റെ സ്വന്തമാണ്’ എന്ന ഭാവമായിരിക്കും. കൈയെത്തുന്ന അകലത്തുള്ളതെന്തും തനിക്കെടുക്കാൻ അവകാശമുള്ളതാണെന്ന് അവർ വിചാരിക്കുന്നു. നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ‘എന്റേത്’ ‘അവരുടേത്’ എന്ന തിരിച്ചറിവൊന്നും ഉണ്ടായിരിക്കില്ല. എല്ലാം സ്വന്തമാണെന്ന് അവർ ധരിക്കുന്നു.

ആരും കാണാതെ ബേക്കറി ഷോപ്പിൽ നിന്ന് കുട്ടി മിഠായിയെടുത്താൽ ‘അത് അവിടെ വയ്ക്കൂ, ചോദിക്കാതെ അങ്ങനെയൊന്നും എടുക്കാൻ പാടില്ല’ എന്ന് മാതാപിതാക്കള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതു വരെ അവർക്കറിയില്ല താന്‍ ചെയ്തത് തെറ്റാണെന്ന്. പ്രീ സ്കൂൾ കുട്ടികളിൽ മിക്കവർക്കും അവരുടെ ആഗ്രഹത്തെ നിയന്ത്രിക്കാൻ കഴിയില്ല. അവർ പലതിനും വാശിപിടിക്കുകയും ചിലർ വാങ്ങികൊടുത്തില്ലെങ്കിൽ കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യും. അതിന് കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം ചെയ്തത് കുറ്റമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കുക.

അഞ്ചു മുതൽ ഏഴു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മോഷണം തെറ്റാണെന്നറിയാം. സ്വന്തം സാധനങ്ങൾ ഏതാണെന്നും മനസ്സിലാകും. ഈ പ്രായത്തിലുള്ള കുട്ടികൾ മറ്റുള്ളവരുടെ എന്തെങ്കിലും കൈവശപ്പെടുത്തുന്നുണ്ടെങ്കിൽ അത് വളരെ ബുദ്ധിപൂർവ്വമായിരിക്കും. ഇതറിഞ്ഞാൽ മാതാപിതാക്കള്‍ ശാസിക്കുമെന്നും അവർക്കറിയാം. ചെറിയ കള്ളത്തരങ്ങൾ ചെയ്യുന്നത് സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കിൽ മുതിർന്ന പ്രായത്തിൽ വലിയ കള്ളത്തരങ്ങൾ ചെയ്യാൻ പ്രചോദനമാകുമെന്നും അത് വളരെ ശിക്ഷാർഹമായിരിക്കുമെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താം. മറ്റുള്ളവരുടെ വസ്തുക്കളെ മോഹിക്കാനും കൈവശപ്പെടുത്താനും ശ്രമിക്കരുതെന്നും അവർക്ക് പറഞ്ഞു കൊടുക്കണം.

∙ മാതാപിതാക്കളുമായി അടുപ്പം വേണം
മാതാപിതാക്കളോട് വളരെയധികം അടുപ്പമുള്ള കുട്ടികൾ വികാരഭരിതരായിരിക്കും. അവർക്ക് മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ വസ്തുക്കളെ തിരിച്ചറിയാനും സാധിക്കും. മനസ്സാക്ഷിയോട് തെറ്റ് ചെയ്യുന്നു എന്ന തോന്നൽ ഇത്തരം കുട്ടികളിൽ ഉണ്ടാകും. അങ്ങനെയുള്ള കുട്ടികളെ സന്മാർഗ്ഗിക മൂല്യങ്ങളെ കുറിച്ച് എളുപ്പത്തിൽ പഠിപ്പിച്ചു കൊടുക്കാനാകും. താൻ എന്തെങ്കിലും മോഷ്ടിച്ചാൽ, മോഷ്ടിക്കപ്പെട്ടയാൾക്ക് ആ പ്രവൃത്തി എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടാകുമെന്ന് അവർക്ക് മനസ്സിലാക്കുവാൻ സാധിക്കും. മാതാപിതാക്കളോട് അടുപ്പമുള്ള കുട്ടികൾക്കേ അവരുടെ പ്രവൃത്തിയിൽ മറ്റുള്ളവരിൽ വിശ്വാസം ഉണ്ടാക്കിയെടുക്കാനാകൂ. അസത്യം പറയുന്നതും കബളിപ്പിക്കുന്നതും മോഷ്ടിക്കുന്നതുമെല്ലാം നമ്മളിൽ മറ്റുള്ളവർക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക. കുട്ടികളിലെ ചെറിയ ഭാവമാറ്റങ്ങളും ശരീരഭാഷയും പെരുമാറ്റത്തിലെ പന്തികേടുമെല്ലാം മാതാപിതാക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാകുമല്ലോ. കുട്ടികളോട് അടുപ്പം കാണിച്ചാൽ മാത്രമേ അവർ മാതാപിതാക്കളോട് എല്ലാം തുറന്നു പറയുകയും ഉപദേശങ്ങളെ സ്വീകരിക്കുകയും ചെയ്യൂ. കുറ്റം ചെയ്താൽ തന്നെ അവർക്കത് നിങ്ങൾക്കു മുന്നിൽ ഏറ്റു പറയാൻ തോന്നും.

∙ മോഷ്ടിക്കാൻ വഴി തുറന്നു കൊടുക്കരുത്
വീട്ടുകാരുടെ പൈസ തനിക്കു കൂടി അവകാശപ്പെട്ടതാണല്ലോ എന്ന ചിന്തയിൽ നിന്നാണ് കുട്ടികൾ വീട്ടിൽ നിന്നും പൈസയെടുക്കുന്നത്. ചോദ്യം ചെയ്താൽ ‘ഞാൻ സമ്പാദിക്കുമ്പോൾ ഈ പൈസയൊക്കെ തിരികെ തന്നോളാമെന്ന്’ യുക്തിപരമായി വ്യാഖ്യാനിക്കുന്ന കുട്ടികളുമുണ്ട്. അതുകൊണ്ട് പൈസ അലക്ഷ്യമായി വയ്ക്കാതെ എപ്പോഴും ലോക്ക് ചെയ്ത് സൂക്ഷിക്കുക. കള്ളൻ വീട്ടിൽ തന്നെ ഉണ്ടാകാം. പേഴ്സിൽ കുറെ കാശു കാണുമ്പോഴാണ് കുട്ടികള്‍ക്ക് അതിൽ നിന്നെടുക്കാൻ തോന്നുന്നത്. കുറച്ച് എടുത്താൽ ആരും അറിയില്ലല്ലോയെന്ന് അവർ വിചാരിക്കും. കുറച്ച് പൈസയേ മാതാപിതാക്കളുടെ പേഴ്സിൽ കാണുന്നുള്ളൂവെങ്കിൽ അവർ അത് ചോദിച്ചിട്ടേ എടുക്കാൻ ശ്രമിക്കൂ. അത്യാവശ്യം പോക്കറ്റ് മണി മുതിർന്ന കുട്ടികൾക്ക് കൊടുക്കുന്നതിൽ തെറ്റില്ല. അപ്പോൾ മറ്റുള്ളവരുടെ പൈസ എടുക്കാനുള്ള തോന്നൽ കുട്ടികളിൽ ഉണ്ടാകില്ല. തങ്ങളുടെ മക്കൾക്ക് പൈസ മോഷ്ടിക്കുന്ന ശീലം ഉള്ളതായി കണ്ടെത്തിയാൽ അത് അടുത്ത ബന്ധുക്കളോട് പോലും പറയാതിരിക്കുക. അവർ പിന്നീട് ആ കണ്ണിലൂടെയേ നിങ്ങളുടെ മക്കളെ കാണൂ. എന്നാൽ വീട്ടിൽ വരുന്നവരോട്, അവരുടെ പൈസയും മൊബൈലും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കണം പരിസരത്ത് കള്ളന്മാരുടെ ശല്യമുണ്ടെന്ന് പറയാം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോരുത്തരും പണം സമ്പാദിക്കുന്നതെന്നും അത് ഓരോ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്നതാണെന്നും, പണം നഷ്ടപ്പെടുന്നവർക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. തന്റെ മേൽ മാതാപിതാക്കളുടെ ഒരു കണ്ണ് എപ്പോഴും ഉണ്ടെന്ന ചിന്ത, കുട്ടികളെ കുറെയൊക്കെ മോഷണശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കും.

∙സ്വന്തം സാധനങ്ങളേതെന്ന് പറഞ്ഞു കൊടുക്കുക
ചെറിയ കുട്ടികൾ പ്രത്യേകിച്ച് നാലു വയസ്സിൽ താഴെ പ്രായമുള്ളവർ മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്പോൾ ഇഷ്ടമുള്ള സാധനങ്ങൾ കൈക്കലാക്കുകയും അതിന്റെ ഉടമസ്ഥന് നൽകാതെ വാശിപിടിക്കുകയും ചെയ്യും. അതൊക്കെ നിസ്സാരകാര്യങ്ങളല്ലേയെന്ന് കരുതി മറ്റൊരാളുടെ വസ്തുക്കൾ കൈക്കലാക്കാൻ ശ്രമിക്കുന്നതിനെ അവഗണിച്ചാൽ ആ ശീലം കുട്ടികളിൽ തുടരുകയേയുള്ളൂ. ‘നിന്റെ കൈയിലിരിക്കുന്ന കളിപ്പാട്ടം മറ്റേ കുട്ടിയുടേതാണ്, കളി കഴിയുമ്പോൾ തിരിച്ചു കൊടുക്കണം’ എന്ന് ചെറുപ്രായത്തിലേ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.

∙ തെറ്റ് ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കാൻ അവസരം നൽകുക
ആരോടെങ്കിലും ചോദിക്കാതെ കുട്ടി എടുത്ത വസ്തുക്കളെ തിരിച്ച് ഉടമസ്ഥന് നൽകി മാപ്പു പറയാൻ കുട്ടികളെ പ്രേരിപ്പിക്കുക. കുട്ടികൾ കടകളിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ ആരും കാണാതെയെടുത്തു എന്ന് തിരിച്ചറിഞ്ഞാൽ, മാതാപിതാക്കള്‍ കുട്ടിയേയും കൂട്ടി കടക്കാരന്റെ അടുത്ത് ചെന്ന് എടുത്ത സാധനത്തിന്റെ പൈസ കൊടുത്ത് മാപ്പു പറയുക. ഇത് കാണുന്ന കുട്ടിക്ക് താൻ ചെയ്ത തെറ്റിന്റെ ഗൗരവം തനിയെ മനസ്സിലായിക്കൊള്ളും.

∙പരിണതഫലങ്ങളെ ഓർമ്മിപ്പിക്കുക
ചെറുതായാലും വലുതായാലും കള്ളനെന്ന് പേരു വീണാൽ പിന്നെ മായില്ല. അന്യന്റെ വസ്തുക്കൾ കൈവശപ്പെടുത്തണമെന്ന ആഗ്രഹത്തെ ചെറുപ്പത്തിലേ ഉപേക്ഷിച്ചില്ലെങ്കില്‍, അത് വളരുംന്തോറും നിയന്ത്രിക്കാനാകാതെ വരും. തുടർന്ന് നിയമപരമായ ശിക്ഷാനടപടികളേയും നേരിടേണ്ടി വരും എന്ന കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക.

∙ കടിഞ്ഞാൺ ഇടേണ്ടത് എവിടെ?
എത്ര സമ്പന്ന ഗൃഹത്തിലെ കുട്ടികളിലും മോഷണശീലം കണ്ടുവരുന്നുണ്ട്. അതിൽനിന്നും ഇത് അത്യാവശ്യത്തിന് വേണ്ടിയോ നിവൃത്തികേടു കൊണ്ടോ ചെയ്യുന്നതല്ലെന്ന് മനസ്സിലാക്കാമല്ലോ. അപ്പോൾ ഇതിനായി അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തണം. അങ്ങനെ ഈ ദുശീലത്തെ നിയന്ത്രിച്ചെടുക്കാം. മറ്റ് കാര്യങ്ങളിലൊക്കെ സത്യസന്ധത കാണിച്ചാലും അന്യന്റെ വസ്തുക്കളെടുക്കാനുള്ള ത്വര ചില കുട്ടികളിൽ കാണും. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുന്നതിനായിട്ടാകും ചില കുട്ടികൾ കൗതുകമുണർത്തുന്ന വസ്തുക്കൾ കൈക്കലാക്കുന്നത്. എന്തെല്ലാം സൂത്രവിദ്യകളാണ് ഇതിനായി കുട്ടികൾ പ്രയോഗിക്കുന്നതെന്ന് മാതാപിതാക്കള്‍ അറിയാൻ ശ്രമിക്കണം.

സ്വന്തം ആഗ്രഹത്തെ നിയന്ത്രിക്കാനാകാതെ വരിക, മറ്റുള്ളവർ വിഷമിച്ച് കാണാനാഗ്രഹിക്കുക, ദേഷ്യം, കുടുംബത്തിലെ പ്രശ്നങ്ങൾ പ്രത്യേകിച്ച് അച്ഛനുമമ്മയും തമ്മിൽ യോജിപ്പില്ലായ്ക, മടുപ്പ്, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളിലാണ് കള്ളം പറയുക, കളവ് നടത്തുക തുടങ്ങിയ ദുശ്ശീലങ്ങൾ കണ്ടുവരുന്നത്.

കുട്ടികളിലെ മോഷണസ്വഭാവത്തെ ഒരു രോഗമായി കാണാതെ, കാരണമറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുക. ഈ ദുശീലത്തിന് അവരെ അസഭ്യം പറഞ്ഞതുകൊണ്ടോ ദേഹോപദ്രവമേൽപ്പിച്ചതുകൊണ്ടോ സ്വഭാവത്തിൽ സ്ഥായിയായ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കേണ്ട.