മെസ്സിക്കായി പൂജ, കുട്ടിപ്പട്ടാളത്തിന്റെ താരാരാധന വേറെ ലെവൽ!

ഫുട്‍ബോൾ ആവേശത്തിന്റെ ലഹരിയിലാണ് നാടും നാട്ടാരും. നമ്മുടെ കൊച്ചു കേരളവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. അർജന്റീനയ്ക്കും മെസ്സിക്കും ബ്രസീലിനും നെയ്മർക്കും ഒക്കെ വേണ്ടി ജയ് വിളിക്കുന്നവരുടെ കൂട്ടത്തിൽ അഞ്ചു വയസ്സുകാരി മുതൽ അമ്പതുകാരി വരെയുണ്ട്. ഇപ്പോഴിതാ അർജന്റീന തോറ്റപ്പോൾ ആരധകൻ ജീവനൊടുക്കുന്ന സാഹചര്യം വരെയായി. ഈ സാഹചര്യത്തിൽ തങ്ങളുടെ മെസ്സിക്ക് കണ്ണേറ് കിട്ടാതെ കാക്കണമേ എന്ന പ്രാർത്ഥനയിൽ രണ്ടു കുഞ്ഞു ആരാധകർ മെസ്സിക്ക് വേണ്ടി പ്രത്യക പൂജ നടത്തിയിരിക്കുകയാണ്. 

വാണാലും വീണാലും ഞങ്ങൾക്ക് മെസ്സി തന്നെ സൂപ്പർ ഹീറോ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കൊച്ചി പാലാരിവട്ടം സ്വദേശികളായ കുട്ടി ആരാധകരാണ് പ്രിയപ്പെട്ട ഗണപതി ഭഗവാന്റെ മുന്നിൽ ഇത്തരത്തിൽ ഒരു നിവേദനവുമായി എത്തിയിരിക്കുന്നത്. 10  വയസ്സുകാരൻ കൃഷ്, കൃഷിന്റെ കൊച്ചച്ചന്റെ മകളായ ഏഴ് വയസുകാരി ദിയ എന്നിവരാണ് കൊച്ചിയിലുള്ള മെസ്സിയുടെ ആ കട്ട ആരാധകർ. 

കുട്ടിപ്പട്ടാളത്തിന് ഏറെ വിശ്വാസമുള്ള ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പോയാണ്, ഇരുവരും പ്രിയപ്പെട്ട മെസ്സിക്ക് വേണ്ടി ഗണപതി ഹോമം നടത്തിയത്. അതിനായി മാതാപിതാക്കളുടെ സഹായത്തോടെ മെസ്സിയുടെ ജനന തീയതി വച്ച് ജന്മനക്ഷത്രവും കണ്ടു പിടിച്ചു. പിന്നെ നേരെ ക്ഷേത്രത്തിലേക്ക്, നന്നായി പ്രാർത്ഥിച്ച് മെസ്സിക്കും അർജന്റീനയ്ക്കും നല്ലതു വരുത്തണം എന്ന് ഗണപതി ഭഗവാനോട് അപേക്ഷിച്ച്, ഒടുവിൽ ഒരു ഗണപതി ഹോമത്തിനു നാളും പേരും കുറിപ്പിച്ചു. 

അർജന്റീന കപ്പ് അടിക്കണം എന്ന് തന്നെയാണ് ഈ കുട്ടി കൂട്ടത്തിന്റെ ആഗ്രഹം, എന്നാൽ അത് നടന്നില്ലെങ്കിലും ഞങ്ങളുടെ സൂപ്പർ ഹീറോ മെസ്സി തന്നെ, വി ലവ് യു മെസ്സി, കള്ളച്ചിരിയോടെ ഈ കുസൃതിക്കുരുന്നുകൾ പറയുന്നു.