‘വിവരം കെട്ട കുറേ ചേട്ടന്‍മാര്..!’ കളിപ്പിക്കാന്‍ നോക്കിയവര്‍ക്ക് മിടുക്കന്‍റെ മുട്ടന്‍ പണി

ഒരു കൊച്ചുപയ്യനെ പറ്റിക്കാൻ നോക്കിയ കുറേ ചേട്ടൻമാരുടെയും ചേട്ടന്മാരെ വിറ്റ കാശ് പോക്കറ്റിലുള്ള പയ്യന്റെയും കിടു വിഡിയോ വൈറലായത് പെട്ടെന്നാണ്. ‘ന്യൂജെന്‍ കുട്ടികളോടാണോടാ കളി...’ അങ്ങനെ ചോദിച്ചുപോകും ഈ വിഡിയോ കണ്ടാല്‍. കൊച്ചുപയ്യനല്ലേ അവനെയൊന്ന് പറ്റിച്ചേക്കാം എന്നാണ് ഈ ചേട്ടന്‍മാര്‍ വിചാരിച്ചത്. പക്ഷേ ഇവര് വെളച്ചിൽ പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പലായിരുന്നു പയ്യന്‍. ഒടുവില്‍ പണിയും പാളി ചേട്ടന്‍മാര്‍ കണ്ടം വഴിയോടേണ്ടി വന്നു. സമൂഹമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തുകയാണ് ഈ വിഡിയോ.

നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന വീപ്പയില്‍ വീണ്ടും വെള്ളം നിറയ്ക്കാമോ എന്ന് ഈ ചേട്ടന്‍മാര്‍ പയ്യനോട് ചോദിച്ചു. ഒരുതരത്തില്‍ വെല്ലുവിളിയാണ്. അവന്‍ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. വീപ്പയുടെ ഒരു ഭാഗത്തെ ദ്വാരത്തിലൂടെയാണ് കുട്ടിയോട് ഇവര്‍ വെള്ളം നിറക്കാന്‍ പറഞ്ഞത്. വീപ്പയില്‍ നിറയ്ക്കാനുള്ള വെള്ളം എടുക്കേണ്ടത് നിറഞ്ഞിരിക്കുന്ന വീപ്പയില്‍ നിന്നും...!

ഇതിന് പിന്നല്‍ തന്നെ കബളിപ്പിക്കാനുള്ള ചേട്ടന്‍മാരുടെ അടവാണെന്ന് അവന് മനസിലായി. പക്ഷേ എങ്കിലും ചേട്ടന്‍മാരല്ലേ.. പന്തയമല്ലേ എന്നു കരുതി അവന്‍ മിണ്ടിയില്ല. അങ്ങനെ രണ്ടു തവണ ആരും ചിരിച്ചുപോകുന്ന മണ്ടത്തരം അവന്‍ ചെയ്തു. ഒടുവില്‍ പയ്യന്റെ മാസ് ഡയലോഗ് ‘എടോ പൊട്ടന്‍മാരെ നമ്മള് ഇതിലേക്ക് ഒഴിക്കുന്ന വെള്ളം തന്നെയാണ് ഇതില്‍ വരുന്നത്. അതില്‍ നിന്നെടുത്ത് ഇതിലേക്ക് തന്നെ ഒഴിച്ചാല്‍ എങ്ങനെയാ നിറയുക? വിവരമില്ലാത്ത പൊട്ടന്‍മാര്‍...’ ഒടുവില്‍ അവന്റെ മറുപടിക്ക് മുന്നില്‍ പാവം ചേട്ടന്‍മാര്‍ ആയുധം വച്ച് കീഴടങ്ങി. മിടുക്കന്‍ പയ്യന്‍റെയും അവനെ തമാശയ്ക്ക് കളിപ്പിക്കാന്‍ നോക്കിയ ചേട്ടന്‍മാരുടെയും രസികന്‍ വിഡിയോ കാണാം. .