ഇളയകുഞ്ഞിനെ നോക്കില്ല, പക്വത ഇല്ല

'ഇളയകുഞ്ഞിനെ നോക്കില്ല, പക്വത ഇല്ല'; 7 വയസ്സുകാരിയെ കുറിച്ച് അമ്മയുടെ പരാതികൾ

ചെറിയപ്രായത്തിലുള്ള കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് പക്വത കാണിച്ചെന്നു വരില്ല. പഠിക്കേണ്ടതിന്റെ പ്രാധാന്യമോ? വീട്ടിൽ അമ്മയെ സഹായിക്കണമെന്നോ ഒന്നും അറിയാനുള്ള പ്രായമാകാത്ത കുഞ്ഞുങ്ങളോട് പിടിവാശി കാണിക്കുന്ന ചില മാതാപിതാക്കളുണ്ട്. അത്തരമൊരു അമ്മയെ കുറിച്ചാണ് കൗൺസിലിങ് സൈക്കോളജിസ്റ്റായ കലയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. അമ്മയും മകളും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടാകേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും ഇവർ പറയുന്നുണ്ട്.

കല പങ്കുവച്ച കുറിപ്പ് വായിക്കാം;

അമ്മയ്ക്ക് പ്രായം 30 ..മകൾക്കു 7 ... . "പ്രശ്നം എന്താന്നെനു വെച്ചാൽ ..വയസ്സ് ഇത്രയും ആയിട്ടും ഇവൾക്ക് ഒരു ഉത്തരവാദിത്വം ഇല്ല..പറയാതെ പഠിക്കില്ല.. ഇപ്പോഴും കളി തന്നെ കളി..! ഇളയ കൊച്ചിനെ നോക്കാനുള്ള മനസ്സൊന്നും ഇല്ല..!! ഒരു പക്വത ഇല്ലന്നെ..''

അമ്മയുടെ പരാതി കേട്ടുകൊണ്ട്, എന്റെ മുന്നിൽ ഒരു ബാർബി ഡോൾ ഇരിക്കുന്നുണ്ട്..

പ്രതി അവളാണല്ലോ.! നക്ഷത്ര കണ്ണുകൾ ചിമ്മിച്ചു എന്നെ നോക്കി ഇടയ്ക്കു ചിരിക്കും...പിന്നെ അവളുടെ മമ്മി പറയുന്ന കാര്യങ്ങൾ തലചരിച്ചു നോക്കി കേൾക്കും..

ആണോ ..? 'അമ്മ പറയുന്നത് ശെരി ആണോ..?

'' ആ ..എന്താന്ന് അറിയില്ല..എനിക്ക് മമ്മി പറയാതെ പഠിക്കാൻ തോന്നില്ല...എപ്പോഴും കളിയ്ക്കാൻ തോന്നും...അപ്പൊ മമ്മി എന്നെ അടിക്കും...അന്നേരം ഡാഡി പറയും ഇനിയും അടി കൊടുക്കണം..എന്നാലേ അവള് നന്നാകൂന്നു.'' നല്ല സ്ഫുടമായി അവൾ കാര്യങ്ങൾ പറഞ്ഞു..സ്വന്തം കുറ്റം സമ്മതിച്ചു കൊണ്ട്..!

ഒരു ട്യൂഷൻ ടീച്ചർ നെ ഏർപ്പാടാക്കിയിട്ടുണ്ട്..അവരാണ് ബാക്കി ശിക്ഷ നടത്തുന്നത്..!! ഇതിനെ കുറിച്ച് ഇനിയൊന്നും എഴുതാനില്ല.! ആ കുഞ്ഞിനെ ഒന്ന് കാണണം!!..എല്ലാ തെറ്റും എന്റേത് എന്ന നിലയ്ക്ക് ഒരു ഇരുപ്പ്..

എന്റെ പ്രഫഷണൽ രീതികളുമായി പൊരുത്തപ്പെടാൻ പറ്റാതെ ആണ് അമ്മ കുഞ്ഞുമായി ഇറങ്ങിയത്.. മറ്റേതെങ്കിലും മികച്ച കൗൺസിലർ അവരെ സഹായിച്ചിട്ടുണ്ടാകാം..

നാളെ ഇവൾ കൗമാരത്തിൽ എത്തും.. ആ അമ്മയും മകളും തമ്മിൽ ഉള്ള ബന്ധം എങ്ങനെ ആയിത്തീരും?

കൗമാരക്കാരിയായ മകളെ വാർത്തെടുക്കാൻ അമ്മമാരോട് സാധാരണ പറയുന്നത് ഇങ്ങനെ ആണ്.

'അവളൊരു വ്യക്തി ആയിക്കഴിഞ്ഞു. എങ്കിലും അവൾക്കു അമ്മയുടെ പിന്തുണയും സ്നേഹവും, കരുതലും ഏറെ ആവശ്യമാണ്. അവൾ ജീവിതം പഠിച്ചു കൊണ്ട് ഇരിക്കുക ആണ്.. അവൾക്കു അംഗീകാരം ഏറെ ആവശ്യമാണ്.. അവളുടെ വൈകാരികതയെ അംഗീകരിക്കുക. അവളിലുള്ള നന്മകളെ അഭിനന്ദിക്കുക.. അത് വഴി ബന്ധങ്ങളോടുള്ള അവളുടെ അടുപ്പം ഉണ്ടാക്കി എടുക്കുക.. ഒരു സ്ത്രീ ആയി മാറിക്കൊണ്ടിരിക്കുന്ന അവൾക്കു ഭൂമിയിൽ കാലുറപ്പിക്കാനുള്ള തന്റേടം നേടി എടുക്കേണ്ടതുണ്ട്.. ആകാശത്തിനു കീഴെ എന്തിനെപ്പറ്റിയും അവളോട്‌ സംസാരിക്കണം..

അവൾക്കു ചോദ്യങ്ങൾ ധൈര്യത്തോടെ ചോദിക്കാനുള്ള ഒരാളാണ്, അമ്മ.. അവളിൽ സ്ത്രീയായി ജനിച്ചതിൽ അഭിമാനം ഉണ്ടാക്കി എടുക്കേണ്ടവർ.. ഏത് പ്രതിസന്ധിയിലും അവൾക്കു പിടിച്ചു നിൽക്കാനുള്ള ത്രാണി ഉണ്ടാക്കി കൊടുക്കേണ്ടവൾ. മകളുടെ കൗമാരം അമ്മയുടെ കൈകളിലൂടെ ആകണം..

മുകളിലെ കേസിൽ, ബാല്യത്തിൽ കിട്ടാത്ത ഭാഗ്യം അവൾക്കു കൗമാരത്തിൽ കിട്ടുമോ?

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Summary : Social media post of psychologist Kala