നിങ്ങളുടെ കുട്ടി സ്മാര്‍ട്ട്ഫോണില്‍ കളിക്കുമോ?  ഈ പഠനം ഞെട്ടിക്കും! Smartphone,  Speech Delays, Young Kids, Parents, Manorama Online

കളിക്കാൻ സ്മാർട് ഫോൺ നൽകാറുണ്ടോ; മാതാപിതാക്കളെ ഞെട്ടിക്കുന്ന പഠനം!

ചെറിയ കുട്ടികളുടെ കൈയ്യിൽ പോലും ഇപ്പോൾ‍ സ്മാർട് ഫോണുകൾ കളിക്കാൻ കൊടുക്കാറുണ്ട്. വിഡിേയാ കാണാനും പാട്ടുകേൾക്കാനും ഗെയിം കളിക്കാനുമൊക്കയായി മാതാപിതാക്കൾ തന്നെയാണ് ഇവ കുഞ്ഞുങ്ങളുടെ കൈയ്യിൽ കൊടുക്കുന്നത്. എന്നാൽ ഇതെത്രമാത്രം ദോഷകരമാണെന്ന് പലർക്കും അറിയില്ല. സ്മാർട് ഫോൺ ഉപയോഗവും കുട്ടിയുടെ സംസാരശേഷിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്.

തൊള്ളായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് സ്മാർട് ഫോണുകള്‍ അവരുടെ സംസാരം വൈകിപ്പിക്കുന്നു എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. രണ്ട് വയസ്സിനും ആറ് മാസത്തിനും ഇടയില്‍ പ്രായമുള്ള കട്ടികളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തില്‍ സ്മാർട് ഫോണില്‍ കളിക്കാത്ത പിഞ്ചു കുട്ടികള്‍ പോലും ഇല്ലെന്നിരിക്കെ ഏറെ പ്രാധാന്യമേറിയതാണ് ഈ കണ്ടെത്തല്‍.

ഏറെ നേരമൊന്നുമില്ല കുറച്ച് സമയം മാത്രമേ കുട്ടികളെ സ്മാർട് ഫോണില്‍ കളിക്കാന്‍ അനുവദിക്കൂ എന്ന് വാദിക്കുന്ന മാതാപിതാക്കളും ആശ്വസിക്കേണ്ട. അര മണിക്കൂര്‍ നേരം സ്മാർട് ഫോണോ, ടാബോ ഉപയോഗിക്കുന്ന കുട്ടിയുടെ സംസാരശേഷി 49 ശതമാനം വരെ വൈകിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കാനഡയിലെ ശിശുരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം ഈ പഠനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു എന്നത് കൂടി കണക്കിലെടക്കുമ്പോള്‍ ഈ മുന്നറിയിപ്പ് അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് വ്യക്തം.

സ്മാർട് ഫോണ്‍ ഉപയോഗിക്കുന്നത് ശരീര ഭാഷ ഉൾപ്പെടെയുള്ള മറ്റ് ആശയ വിനിമയ രീതികളെ തെല്ലും ബാധിക്കില്ല. അതേസമയം സംസാരത്തെ മാത്രം സ്മാർട് ഫോണ്‍ ഉപയോഗം ബാധിക്കുന്നു എന്ന് കണ്ടെത്തിയെങ്കിലും ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അത് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

കനേഡിയന്‍ ഡോക്ടര്‍മാര്‍ മാത്രമല്ല നേരത്തെ അമേരിക്കന്‍ ശിശുരോഗ വിദഗ്ദ്ധന്‍മാരും കൊച്ച് കുട്ടികളുടെ അമിത സ്മാർട് ഫോണ്‍ ഉപയോഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചുറ്റുമുള്ള ത്രിമാനമായ ലോകം കാണാതെ സ്മാർട് ഫോണിലെ ദ്വിമാന ലോകത്തില്‍ ശ്രദ്ധിക്കുന്നത് കുട്ടികളുടെ പ്രായോഗിക ബുദ്ധിയെ തന്നെ ബാധിക്കുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. കുട്ടികളുടെ ശ്രദ്ധ തിരിക്കാനും അവരെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തി തങ്ങളുടെ സമയം ലാഭിക്കാനുമാണ് രക്ഷിതാക്കള്‍ സ്മാർട് ഫോണുകളുടെ സഹായം സാധരണ തേടാറ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഇത് ഒരു കാരണവശാലും ഇതനുവദിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.