
കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന് മാറ്റിയേ തീരൂ! ഇല്ലെങ്കിൽ...
സ്മാര്‍ട്ട്ഫോണുകള്‍ ജനകീയവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകളില്ലാത്ത വീടുകളും ചുരുങ്ങുന്നു. വരുമാനത്തിന്റെ വ്യത്യാസത്തിനപ്പുറത്തേക്ക് എല്ലാ മാതാപിതാക്കളിലും സ്മാര്‍ട്ട്ഫോണ്‍ എത്തുകയും ചെയ്യുന്നു ഇപ്പോള്‍. നല്ല കാര്യം തന്നെ. അതനുസരിച്ച് ഓരോ വീട്ടിലെ കുരുന്നുകളിലേക്കും സ്മാര്‍ട്ട്ഫോണ്‍ ജ്വരം തന്നെ പടരുകയാണ്.
കുട്ടികള്‍ ടെക് ഫ്രണ്ട്ലി ആകുന്നത് നല്ലത് തന്നെയാണെങ്കിലും സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിന് ബോധപൂര്‍വമായ ശ്രമം ഇല്ലെങ്കിലും അവരുടെ മാനസിക, ശാരീരിക ആരോഗ്യമാണ് അവതാളത്തിലാകുന്നത്. ഒരു സംശയവും വേണ്ട.
പണ്ട് ടെലിവിഷനായിരുന്നു പല മാതാപിതാക്കള്‍ക്കും വില്ലന്‍. നന്നേ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ ടിവിക്ക് മുന്നില്‍ വന്ന് അടയിരിക്കും. എന്നാല്‍ അച്ഛനോ അമ്മയോ ടിവി വന്ന് ഓഫ് ചെയ്ത് ആ പ്രശ്നം പരിഹരിക്കുമായിരുന്നു. നിയന്ത്രണം കുറച്ചുകൂടി എളുപ്പമായിരുന്നു. പിന്നീഡ് വിഡിയോ ഗെയിമുകളുടെ കാലമായി. വിഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെയും അത് ഓഫ് ആക്കി വേണമെങ്കില്‍ താല്‍ക്കാലികമായി പിന്തിരിപ്പിക്കാം.
എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ അതിനെയെല്ലാം കവച്ച് വെക്കുന്നു. അമ്മേ ഫോണ്‍ ഒന്ന് തരാമോ...എന്നുള്ള ചോദ്യം അസഹ്യമായിത്തീരുന്നുണ്ട് പലര്‍ക്കും. സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന് വീടെന്നോ ഷോപ്പിംഗ് മാളുകളെന്നോ ഒന്നുമുള്ള വ്യത്യാസം ഇല്ല. കുട്ടി മാതാപിതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴും സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തുമ്പോഴും സിനിമ കാണുമ്പോഴും എല്ലാം ഫോണ്‍ കയ്യില്‍ പിടിച്ച് അതില്‍ കുത്തിയാണ് നടപ്പും ഇരിപ്പുമെല്ലാം.
നമ്മള് വിചാരിക്കും പോലെ ഒട്ടും നിസാരമല്ലത്. ഫോണ്‍ നോക്കി നോക്കിയിരുന്ന് കുട്ടികളുടെ കഴുത്ത് പോകുന്നത് മുതല്‍ അവരുടെ മാനസികമായ മരവിപ്പിനും സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം വഴിവെക്കുന്നുണ്ട്.
അതുകൊണ്ട് വളരുന്നത് വരെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന് ഉണ്ടാകുന്നില്ലെന്നത് ഉറപ്പാക്കിയേ മതിയാകൂ. ചെറിയ പ്രായത്തില്‍ തന്നെ അവര്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങി നല്‍കുന്നത് പരമാവധി ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വരുത്തുക. കമ്യൂണിക്കേഷനും അറിവ് കൂട്ടാനുമല്ല അവര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് എന്നും മനസിലാക്കുക.