സ്മാർട് പേരന്റിങ് ∙കുട്ടികളോട് നിങ്ങള്‍ ‘നോ’ പറയാറുണ്ടോ?

എന്താണ് ഈ സ്മാർട്ട് പേരന്റിങ് അഥവാ ഇഫക്റ്റീവ് പേരന്റിങ്? നമുക്കെല്ലാം സുപരിചിതമായ വാക്കുകളാണിത്. എങ്കിലും സ്വന്തം കുട്ടിയുടെ കാര്യത്തിൽ പലരും അത്ര സ്മാർട്ട് ആകാറില്ല. മാതാപിതാക്കള്‍ സ്മാർട്ട് ആണോ എന്ന് കുട്ടിയെ കണ്ടാൽ തിരിച്ചറിയാമെന്നു പറയുന്നു സൈക്കളോജിക്കൽ കൗണ്‍സിലറും പഴ്സനാലിറ്റി ഡെവലപ്മെന്റ് സ്കിൽ ട്രെയിനറുമായ ശാരിക സന്ദീപ്. ചില സ്മാർട്ട് പേരന്റിങ് ടിപ്സുകളാണ് ശാരിക ഈ വിഡിയോയിൽ പറയുന്നത്.

ഒരു കുട്ടിയെ എങ്ങനെ മിടുക്കനോ മിടുക്കിയോ ആയി വളർത്തിയെടുക്കുന്നു എന്നതിലാണ് ഒരു പേരന്റിന്റെ സ്മാർട്നെസ്. പ്രധാനമായും കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട ഒന്നാണ് ‘ബി യുവർസെൽഫ്’ എന്നത്. നിറത്തിന്റെയും ശരീരത്തിന്റെയുമൊക്കെ പേരിൽ കളിയാക്കലുകൾ കേൾക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുണ്ട്. അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ ഉണർത്തണമെന്നും എങ്ങനെ പോസിറ്റിവിറ്റിയിലേക്കു നയിക്കണമെന്നും വിഡിയോയിൽ പറയുന്നു.

ചിലപ്പോള്‍ കുട്ടികൾ അനാവശ്യമായ വാക്കുകൾ പൊതുവേദിയിൽപ്പോലും പറയാറുണ്ട്. അതെന്തുകൊണ്ടാണെന്നും എങ്ങനെ പരിഹരിക്കാമെന്നതുമാണ് സ്മാർട്ട് പേരന്റിങിലെ രണ്ടാമത്തെ കാര്യം.

മൂന്നാമതായി, കുട്ടികളോട് നിങ്ങള്‍ ‘നോ’ പറയാറുണ്ടോ? കുട്ടികളു‌ടെ എല്ലാ വാശികൾക്കും നിന്നുകൊടുക്കാറുണ്ടോ? കുട്ടികൾക്ക് ആവശ്യമില്ലാത്ത ചില സാധനങ്ങൾ വേണമെന്ന് വാശി പിടിക്കുമ്പോൾ നിർബന്ധമായും നോ പറഞ്ഞിരിക്കണം. എന്നാൽ കുട്ടികളോട് വാങ്ങികൊടുക്കാമെന്നു വാക്കു പറഞ്ഞവ വാങ്ങി നൽകാതിരിക്കുകയുമരുത്. അതു നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും.

സ്മാർട്ട് പേരന്റിന് വേണ്ട അടുത്ത ഗുണം ക്ഷമയാണ്. കുട്ടികളോട് ഇടപെടുമ്പോൾ നമുക്ക് അല്പം ക്ഷമയുള്ളവരാകാം. കുട്ടി വാശിപിടിക്കുന്നതനുസരിച്ച് നിങ്ങളും വാശി കാണിക്കാതിരിക്കുക. ചെറിയ തെറ്റുകൾക്കു പോലും കഠിനമായ ശിക്ഷ നൽകുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെപ്പോലും ബാധിക്കാം.

അടുത്തത്, മാതാപിതാക്കൾ കുട്ടികളുടെ നല്ല കേൾവിക്കാരാകണം എന്നതാണ്. അവരു‌‌ടെ വിശേങ്ങൾ കേൾക്കാൻ സമയം കണ്ടെത്തുക തന്നെ വേണം.

കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ സ്വയം നേരിടാനും തീരുമാനങ്ങൾ എടുക്കാനും അവരെ പ്രാപ്തരാക്കാം എന്നതാണ് അടുത്ത പോയിന്റ്. പ്രശ്നങ്ങൾ സ്വയം തിരിച്ചറിഞ്ഞ് അതിന് പരിഹാരം അവർ തന്നെ കണ്ടെത്തട്ടെ.

നിങ്ങളു‌‌ടെ കുട്ടിയുടെ കാര്യങ്ങൾ അവർ സ്വയമാണോ ചെയ്യുന്നത്. അതോ ഓരോ ചെറിയ കാര്യവും നിങ്ങൾ ചെയ്തുകൊടുക്കുകയാണോ? കുട്ടി ഇന്‍ഡിപെൻഡന്റ് ആകണമെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടതെന്നു വിഡിയോയിൽ ശാരിക പറയുന്നു. തനിയെ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യങ്ങള്‍ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുക.

ഇത്തരം ചില സ്കില്ലുകൾ കുട്ടികളിൽ ഡെവലപ് ചെയ്യാൻ സാധിച്ചാൽ കുട്ടികൾ മിടുക്കരാകുകയും മാതാപിതാക്കൾ സ്മാർട്ട് പേരന്റ്സാകുകയും ചെയ്യും.