പാഠപുസ്തകത്തിലെ കഥ നിരോധിക്കണമെന്ന ആവശ്യവുമായി മാതാവ്!

ശാപം മൂലം വർഷങ്ങളോളം ഉറങ്ങിപ്പോയ സുന്ദരിയെ രാജകുമാരൻ ചുംബിച്ചതോടെ ഉറക്കത്തിൽ നിന്നും അവൾ ഉണരുന്ന കഥ പ്രശസ്തമാണല്ലോ?. എന്നാൽ ഈ കഥ നിരോധിക്കണമെന്ന ആവശ്യവുമായി ഒരു അമ്മ സ്കൂൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്. നോർത്ത്ഷീൽഡ് സ്വദേശിയായ സാറാ‌ഹെയിൽ എന്ന നാൽപതുകാരി അമ്മയാണ് ഈ പ്രത്യേക ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്റെ ആറുവയസുകാരൻ മകനുൾപ്പടെയുള്ള കുഞ്ഞുങ്ങൾക്ക് തെറ്റായ ലൈംഗികസന്ദേശമാണ് സ്ലീപിങ്ങ് ബ്യൂട്ടി എന്ന കഥ നൽകുന്നതെന്നാണ് സാറ പറയുന്നത്.

ഈ കഥയിൽ രാജകുമാരിയുടെ അനുവാദമില്ലാതെയാണ് രാജകുമാരൻ ചുംബിക്കുന്നത്. ഇത് പഠിക്കുന്ന കുട്ടികളുടെ മനസിൽ ഉറങ്ങുന്ന സ്ത്രീയെ അനുവാദമില്ലാതെ ചുംബിക്കുന്നത് തെറ്റ് അല്ലെന്ന സന്ദേശമാണ് നൽകുന്നത്. കുട്ടികളുടെ ലൈംഗികചേഷ്ടകളെയും സ്വഭാവത്തെയും തെറ്റായി സ്വാധീനിക്കാൻ സാധ്യതയുള്ള പാഠം പൂർണ്ണമായി നീക്കം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സാറയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ പ്രതികരിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങളും ലൈംഗികവൈകൃതങ്ങളും തടയാൻ ഇതുപോലെയുള്ള ചെറിയ മാറ്റങ്ങൾ നല്ലതാണെന്നാണ് സാറ പറയുന്നത്.‍