നിങ്ങൾ സിംഗിൾ പേരന്റാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

അമ്മയും അച്ഛനും ചേർന്ന് ഒരേ പോലെ സ്നേഹവും ലാളനയും നൽകി ഒരു കുഞ്ഞിനെ വളർത്തുന്നത് പോലെയല്ല സിംഗിൾ പേരന്റ് എന്ന നിലക്ക് കുഞ്ഞിനെ വളർത്തുന്നത്. പലപ്പോഴും കുഞ്ഞിനെ സംബന്ധിക്കുന്ന നിർണായകമായ പല തീരുമാനങ്ങളും എടുക്കുന്നത് നിങ്ങളുടെ മാത്രം ചുമതലയായി വരും. അങ്ങനെ വരുമ്പോൾ അതിനെ ഒരു ചലഞ്ച് ആയി കാണാതെ ഒരു അവസരമായി കാണണം. 

മറ്റുകുട്ടികളിൽ നിന്നും വ്യത്യസ്തരായിരിക്കും സിംഗിൾ പേരന്റ് വളർത്തുന്ന കുട്ടികൾ. വാശിയും ദേഷ്യവും ഇവരിൽ അല്പം കൂടുതലായി കണ്ടുവരുന്നു. വളരെയേറെ ഇമോഷണലും സെൻസിറ്റിവുമാണ് ഈ കുട്ടികൾ എന്ന് പ്രത്യേകം അറിഞ്ഞിരിക്കുക. വളർച്ചയുടെ ഓരോഘട്ടത്തിലും നാം ഇത് മനസിലാക്കി വേണം ഇവരോട് പെരുമാറാൻ. 

1.  അടുക്കും ചിട്ടയും അനിവാര്യം  
സിംഗിൾ പേരന്റിംഗ് നടത്തുന്ന അമ്മമാർ ആദ്യം ചെയ്യേണ്ട കാര്യമാണിത്. ജീവിതത്തിനു മൊത്തത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാകണം. കുത്തഴിഞ്ഞ പുസ്തകം പോലെ ഉള്ള ജീവിതം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കും . ഒരു ടൈം ടേബിൾ തയ്യാറാക്കി അതിനനുസരിച്ച് മാത്രം മുന്നോട്ട് പോകുക. 

2.  കുട്ടികളെ നന്ദിയുള്ളവരായി വളർത്തുക  
പൊതുവെ അലപം അമർഷം കൂടുതലുള്ളവായിരിക്കും ഈ കുട്ടികൾ അതിനാൽ ജീവിതത്തിൽ നന്ദി പ്രകടിപ്പിക്കുന്നതിന്റെയും ക്ഷമയോടെ പെരുമാറേണ്ടതിന്റെയും അനിവാര്യത അവരെ പറഞ്ഞു മനസിലാക്കുക. അമ്മയും കുട്ടിക്കൊപ്പം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക 

3. എപ്പോഴും പോസറ്റിവ് ആയിരിക്കുക 
ജീവിതത്തിൽ പലവിധത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായും സാമൂഹികമായും അരക്ഷിതാവസ്ഥയെ നേരിടേണ്ടി വന്നേക്കാം, ഈ അവസ്ഥയിൽ എല്ലാം തന്നെ പോസിറ്റിവ് ആയ ഒരു സമീപനം ജീവിതത്തോട് വച്ച് പുലർത്തുക 

4 .നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കുക   
എന്റെ ജീവിതം ഞാൻ എന്റെ  കുഞ്ഞിനായി മാറ്റി വച്ചിരിക്കുകയാണ് എന്ന ധാരണയിൽ നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കാതെ പോയാൽ കുഞ്ഞിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും അത്. കുഞ്ഞ് തന്റെ കാര്യത്തിൽ ശ്രദ്ധയുള്ളവനായി വളരണം എങ്കിൽ അവൻ അത് തന്റെ പേരെന്റിൽ നിന്നും കണ്ടു പഠിക്കണം. അതിനുള്ള അവസരമാണ് നാം ഒരുക്കിക്കൊടുക്കേണ്ടത്

5. തുറന്ന  സംഭാഷണം  
കുഞ്ഞിനെ വളർത്താനുള്ള നെട്ടോട്ടം ആയിരിക്കാം നിങ്ങളുടെ ജീവിതം, എന്നാൽ അതിനിടക്ക് അവനോട് സംസാരിക്കാൻ സമയം കണ്ടെത്താതെ പോകരുത്. അതവനെ തളർത്തും. വീട്ടിലെ എല്ലാ കാര്യങ്ങളും കുഞ്ഞിനോട് സംസാരിക്കുക. ചെറുതും വലുതുമായ കാര്യങ്ങളിൽ അവന്റെ അഭിപ്രായം ചോദിച്ചറിയുക.

6. സമാനവസ്ഥയിൽ ഉള്ളവരെ പരിചയപ്പെടുത്തുക 
സിംഗിൾ പേരന്റ് കിഡ് ആയി താൻ മാത്രമല്ല ഉള്ളതെന്നും തന്നെ പോലെ നിരവധി ആളുകൾ വേറെ ഉണ്ട് എന്നും കുഞ്ഞിന് ബോധ്യപ്പെടുത്തുക. അതിനായി സമാനവശത്തിലുള്ള കുടുംബത്തെ പരിചയപ്പെടുത്തുക.